'ഒരു റാം റഹീമില്‍ ഒതുങ്ങുന്നില്ല ബലാത്സംഗികളായ 'ദിവ്യന്‍'മാരുടെ കഥകള്‍'; ആസാറാം ബാപ്പു മുതല്‍ ഗംഗേശാനന്ദ വരെ
Discourse
'ഒരു റാം റഹീമില്‍ ഒതുങ്ങുന്നില്ല ബലാത്സംഗികളായ 'ദിവ്യന്‍'മാരുടെ കഥകള്‍'; ആസാറാം ബാപ്പു മുതല്‍ ഗംഗേശാനന്ദ വരെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th August 2017, 11:04 pm

ന്യൂദല്‍ഹി: ബലാത്സംഗക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന് കോടതി ശിക്ഷ വിധിച്ചു. ശിഷ്യരായ രണ്ട് യുവതികള്‍ കൊടുത്ത പരാതിയിലാണ് ഗുര്‍മീത് പിടിയിലാവുന്നത്. എന്നാല്‍ ഇത്തരത്തില്‍ ലൈംഗികാതിക്രമങ്ങളില്‍ പിടിയിലാവുന്ന ആദ്യത്തെ “ദിവ്യനല്ല” ഗുര്‍മീത്.

സ്ത്രീപീഡനത്തിന് പൊലീസ് പിടിയിലായ ചില സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളാണ് ചുവടെ.

ആസാറാം ബാപ്പു

ആശ്രമത്തില്‍വെച്ച് കൗമാരക്കാരിയായ അനുനായിയെ ബലാത്സംഗം ചെയ്തതിനാണ് ആസാറാം ബാപ്പു 2013 ല്‍ ജയിലാവുന്നത്. വാലന്റൈന്‍സ് ഡേ പശ്ചാത്യ ആഘോഷമാണെന്നും അത് ആഘോഷിക്കരുതെന്നും പറഞ്ഞ് വിവാദങ്ങളില്‍ നിറഞ്ഞുനിന്നിട്ടുള്ള ആളാണിയാള്‍.

ശിഷ്യയായ മറ്റൊരു സ്ത്രീയും ഇയാള്‍ക്കെതിരെ ലൈംഗികാരോപണമുന്നയിച്ചിരുന്നു. ആസാറാമിനെ വിചാരണയ്ക്കായി കോടതിയില്‍ കൊണ്ടുപോകുമ്പോള്‍ അണികള്‍ കോടതിയില്‍ സംഘര്‍ഷമുണ്ടാക്കാറുണ്ട്.

നാരായണ്‍ സായി

ആസാറാം ബാപ്പുവിന്റെ മകനായ നാരായണ്‍ സായി പിതാവിന്റെ ശിഷ്യയെ ബലാത്സംഗം ചെയ്തതിന് 2002 മുതല്‍ 2005 വരെ ജയിലില്‍ കിടന്നിട്ടുണ്ട്. ആസാറാമിന്റെ ആശ്രമത്തില്‍ താമസിക്കവെയാണ് സൂറത്ത് നിവാസിയായ യുവതി പീഡനത്തിരയായത്. ആസാറാമിന്റെ പിന്‍ഗാമിയായാണ് നാരായണ്‍ സായി അറിയപ്പെട്ടിരുന്നത്.


Also Read: വിധിവരാന്‍ കാക്കുന്നില്ല; ഗുര്‍മീത് റാം റഹീമിന്റെ ആശ്രമത്തില്‍ നിന്നും പാലായനം ചെയ്ത് അന്തേവാസികള്‍


ഗംഗേശനാന്ദ തീര്‍ത്ഥപദ

കൊല്ലത്തെ ആശ്രമത്തിലെ സ്വാമിയായി സ്വയം വാഴ്ത്തപ്പെടുന്ന ഗംഗേശാനന്ദ പൂജയുടെ പേരു പറഞ്ഞ് നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തിരുന്നതിന് വിദ്യാര്‍ത്ഥിനി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ചാണ് പ്രതികാരം ചെയ്തത്. എന്നാല്‍ താന്‍ സ്വയം ധ്യാനത്തിന്റെ ഭാഗമായി ലിംഗം മുറിച്ചതാണെന്നായിരുന്നു ഗംഗേശാനന്ദയുടെ വാദം. ഈ വര്‍ഷം മെയ് മാസത്തിലാണ് സംഭവം.

മെഹ്ന്ദി കാസിം

ഏഴ് പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് 2016 ഏപ്രിലില്‍ 43 കാരനായ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ മെഹ്ന്ദി കാസിമിനെ മുംബൈ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ബുദ്ധിമാന്ദ്യമുള്ള ആണ്‍കുട്ടികളുടെ രോഗം ഭേദമാക്കാമെന്നു പറഞ്ഞ് അവരുടെ സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കാസിമിനെതിരെയുള്ള കേസ്.

സന്തോഷ് മാധവന്‍/ സ്വാമി അമൃത ചൈതന്യ

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതിനാണ് സന്തോഷ് മാധവന്‍ പിടിയിലാകുന്നത്. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെയാണ് ഇയാള്‍ ചൂഷണം ചെയ്തിരുന്നത്. 2009 ല്‍ ഇയാള്‍ക്ക് 16 വര്‍ഷം കഠിനതടവും 2,10,000 രൂപയുടെ പിഴയും കോടതി ശിക്ഷ വിധിച്ചു.


Also  Read: പിതാവിനേക്കാള്‍ ക്രൂരയും ചിട്ടക്കാരിയും’; റാം റഹീമിന്റെ പിന്‍ഗാമിയാകാന്‍ ഒരുങ്ങി ‘പപ്പയുടെ മാലാഖ’ ഹണീപ്രീത് ഇന്‍സാന്‍


സ്വാമി പ്രേമാനന്ദ

യുദ്ധക്കെടുതിയിലായ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് പലായനം ചെയ്ത പ്രേമാനന്ദ 1984 ല്‍ തിരുച്ചിറപ്പള്ളിയില്‍ ആശ്രമമുണ്ടാക്കി. 1994ല്‍ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന ആരോപണമുയര്‍ന്നു. 1997 ല്‍ പ്രേമാനന്ദയെയും ആറു കൂട്ടാളികളെയും പ്രായപൂര്‍ത്തിയാകാത്ത പതിമൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ജ്ഞാനചൈതന്യ

മൂന്ന് കൊലപാതക കേസുകളിലായി 14 വര്‍ഷം ജയിലില്‍ കിടന്നയാളാണ് ജ്ഞാനചൈതന്യ. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം ഇയാളെ ബലാത്സംഗക്കേസില്‍ വീണ്ടും അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് കുടുംബത്തെ പരിചയപ്പെട്ട ജ്ഞാനചൈതന്യ അവരുടെ മകള്‍ തന്റെ കഴിഞ്ഞ ജന്മത്തിലെ ഭാര്യയായിരുന്നെന്ന് പറഞ്ഞ് കബളിപ്പിച്ച് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.