എഫ്.ബി നോട്ടിഫിക്കേഷന്‍: നാസിറുദ്ദീന്‍ ചേന്ദമംഗലൂര്‍
“ഇപ്പോള്‍ അറസ്റ്റിലായവരില്‍ പലരും അറസ്റ്റിലായത് ഭരണകൂടത്തെ എതിര്‍ത്ത് പറഞ്ഞതിനല്ല ; അനുകൂലിച്ച് ഒച്ച വെക്കാത്തതിനാണ്”
സൗദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭ്രാന്ത് പുതിയ തലത്തിലേക്ക് എത്തിയെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. യമനിലെ കൂട്ടക്കൊലകളും അകത്ത് അവാമിയ പോലുള്ള ശിയാ മേഖലകളിലെ നരനായാട്ടും തകൃതിയായി മുന്നേറുമ്പോഴാണ് അടിച്ചമര്‍ത്തലിന് പുതിയ മേഖലകള്‍ തുറക്കുന്നത്. വ്യാപകമായ അറസ്റ്റാണ് ഏറ്റവും പുതിയ വാര്‍ത്ത. തോന്നുന്നവരെ മുഴുവന്‍ പിടിച്ച് കൂട്ടിലാക്കുന്നതും ഇല്ലാതാക്കുന്നതുമെല്ലാം എന്നും “രാജ കാരുണ്യ” ത്തിന്റ ഭാഗമായിരുന്നെങ്കിലും ഇപ്പോഴത് പുതിയ തലത്തിലേക്കെത്തിക്കഴിഞ്ഞതായാണ് വാര്‍ത്തകള്‍ പറയുന്നത്.
ആര്‍ജവമുള്ള രാഷ്ട്രീയ നിലപാടുകളുടേയും മത വീക്ഷണങ്ങളുടേയും പേരില്‍ അറിയപ്പെട്ടിരുന്ന സല്‍മാന്‍ അല്‍ ഔദയാണ് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഏറ്റവും പ്രമുഖന്‍. സെമറ്റിക് മത പ്രമാണങ്ങളില്‍ സ്വവര്‍ഗരതിയെ എതിര്‍ക്കുന്ന പരാമര്‍ശങ്ങളുണ്ടെങ്കിലും ഈ ലോകത്ത് ശിക്ഷിക്കപ്പെടേണ്ടതോ മറ്റുള്ളവര്‍ ഇടപെടേണ്ടതോ അല്ലെന്നായിരുന്നു ഔദയുടെ നിലപാട്. ബഹുഭാര്യത്തം വ്യാപകമായ സൗദി സമൂഹത്തോട് അദ്ദേഹം ഏകപത്‌നീ വ്രതം സ്വീകരിക്കാനാവശ്യപ്പെട്ടതും പരമ്പരാഗത സൗദി പണ്ഡിതന്‍മാരില്‍ നിന്ന് ഔദയെ വ്യത്യസ്തനാക്കി. ഭീകരതക്കെതിരായും ഔദ ശക്തമായ നിലപാടെടുത്തു. ഇതര മതസ്ഥരോടുള്ള സമീപനമടക്കം പല വിഷയങ്ങളിലും തന്റെ പഴയ നിലപാടില്‍ നിന്ന് വ്യത്യസ്തവും കൂടുതല്‍ വിശാലവുമായ നിലപാടിലെത്താന്‍ ഔദക്ക് സാധിച്ചതും എടുത്ത് പറയണം. “ഇസ്ലാമിക തത്വങ്ങളെ” കൂടുതല്‍ ആഴത്തില്‍ ഉള്‍ക്കൊണ്ടതിന്റെ ഫലമാണ് ഈ മാറ്റങ്ങള്‍ എന്നായിരുന്നു ഔദ തന്നെ ഇതിനെ വിലയിരുത്തിയിരുന്നത്. രാജ ഭരണത്തിനെതിരായ ആര്‍ജവമുള്ള നിലപാടുകള്‍ കാരണം 1994 തൊട്ട് 99 വരെയുള്ള 5 വര്‍ഷത്തോളം ഔദ സൗദി ജയിലിലായിരുന്നു.
രാജ ഭരണത്തെ മാത്രമല്ല, അതിന് ചൂട്ടു പിടിക്കുന്ന പണ്ഡിതന്‍മാരേയും ഔദ തുറന്നെതിര്‍ത്തു. മറ്റു പല സ്വാതന്ത്രങ്ങളും ഇല്ലാത്ത കൂട്ടത്തില്‍ മാധ്യമ സ്വാതന്ത്ര്യവും സൗദിയില്‍ ഒട്ടുമില്ല. ഭരണാധികാരികളുടെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തുന്ന സൗദി മാധ്യമങ്ങള്‍ക്ക് ടോയ്ലറ്റ് പേപ്പറിന്റെ ഉപയോഗം പോലുമില്ല. സോഷ്യല്‍ മീഡിയ മാത്രമാണ് ഏക ആശ്രയം. ഔദയെ പോലുള്ളവര്‍ ഈ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നു. 14 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ഔദക്ക് ട്വിറ്ററില്‍ ഉള്ളത് ! ഔദ മാത്രമല്ല അറസ്റ്റ് ചെയ്യപ്പെട്ടത്, അവാദ് അല്‍ ഖര്‍നിയെ പോലുള്ള ഒരുപാട് പണ്ഡിതര്‍ വേറെയും അറസ്റ്റിലായിട്ടുണ്ട് എന്ന് മാധ്യമങ്ങള്‍ പറയുന്നു. പലരും ട്വിറ്ററില്‍ മില്യണ്‍ കണക്കിന് ഫോളോവേഴ്‌സ് ഉള്ളവരാണ്.
എന്താണ് കാരണമെന്നോ പ്രകോപനമെന്നോ വ്യക്തമല്ല. അറസ്റ്റിന്റെ വിവരങ്ങള്‍ പോലും കൃത്യമായി ലഭ്യമല്ല. ഖത്തറുമായി ഉള്ള പ്രശ്‌നം സമാധാനപരമായി പരിഹരിക്കണമെന്ന് അഭിപ്രായപ്പെട്ടതുപോലും ചിലരുടെ അറസ്റ്റിന് കാരണമായിട്ടുണ്ടെന്ന് സൂചനകളുണ്ട്. പലരുടേയും അറസ്റ്റിനെ പറ്റി പുറം ലോകം അറിയുന്നത് തന്നെ ബന്ധുക്കളും മനുഷ്യാവകാശ സംഘടനകളും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചപ്പോഴാണ്.
മതപണ്ഡിതരോ സര്‍ക്കാറിനെ എതിര്‍ക്കുന്നവരെ മാത്രമല്ല അറസ്റ്റിലായത്. ഭരണകൂടവുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. സാമ്പത്തിക ശാസ്ത്ര വിദഗ്ദനായ ഇസാം അല്‍ സാമില്‍ ഒരുദാഹരണം. വാഷിംഗ്ടണില്‍ ഔദ്യോഗിക സംഘത്തിന്റെ കൂടെ സജീവമായിരുന്നു ഇസാമെന്ന് അല്‍ അറബ് ന്യൂസ് ചാനലിന്റെ എഡിറ്ററും അറിയപ്പെടുന്ന സൗദി മാധ്യമ പ്രമുഖനുമായ ജമാല്‍ ഖഷോഗി ട്വീറ്റ് ചെയ്യുന്നു.1982 തൊട്ട് 2005 വരെ രാജ്യം ഭരിച്ച ഫഹദ് രാജാവിന്റെ മകനായ അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് തടവിലാണെന്നും വാര്‍ത്തകളുണ്ട്. ഫഹദ് രാജാവിന്റെ ഇഷ്ട ഭാര്യയായിരുന്ന ജൗഹറ ബിന്‍ത് ഇബ്രാഹിമിന്റെ മകനായ അബ്ദുല്‍ അസീസ് ഫഹദിന്റെ ഭരണത്തിന്റെ തണലില്‍ വന്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ആളാണ്, പോരെങ്കില്‍ അറബ് മേഖലയിലെ അതി സമ്പന്നരില്‍ പ്രമുഖനും MBC ചാനല്‍ ഗ്രൂപ്പിന്റെ പ്രധാന ഓഹരി പങ്കാളിയുമാണ് അബ്ദുല്‍ അസീസ്. അല്‍ ജസീറക്ക് ബദലായി സൗദി സഖ്യം പ്രൊമോട്ട് ചെയ്യുന്ന അല്‍-അറബിയ ചാനലും MBC ഗ്രൂപ്പിന്റെതാണ്. ഇരുപതോളം പ്രമുഖര്‍ ഈയടുത്ത ദിവസങ്ങളില്‍ മാത്രം അറസ്റ്റിലായതായാണ് റോയിട്ടേഴ്‌സ് അടക്കമുള്ള മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള അധികാര കിട മല്‍സരത്തില്‍ സ്ഥാന ഭ്രഷ്ടനാക്കപ്പെട്ട മുന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫാണെങ്കില്‍ മാസങ്ങളായി വീട്ടു തടങ്കലിലാണ്.
സോഷ്യല്‍ മീഡിയയും ചുരുക്കം ചില പാശ്ചാത്യ മാധ്യമങ്ങളും ഒഴിച്ച് നിര്‍ത്തിയാല്‍ അല്‍ സഊദ് ഭരണത്തെ കാര്യമായി വിമര്‍ശിക്കുന്നവര്‍ കുറവാണ്. തരം പോലെ പ്രയോഗിക്കുന്ന ഇവരുടെ പ്രലോഭനങ്ങളുടേയും സമ്മര്‍ദ തന്ത്രങ്ങളുടേയും ആഴമറിയാന്‍ ഇങ്ങകലെ കിടക്കുന്ന മലയാള മാധ്യമങ്ങളെ മാത്രം ശ്രദ്ധിച്ചാല്‍ മതി. പേടിച്ച് മിണ്ടാതിരിക്കാറാണ് പതിവ്. ഒബാമയെയും നരേന്ദ്ര മോദിയെയുമെല്ലാം വിമര്‍ശിക്കുന്ന ഇവരൊന്നും സൗദി ഭരണകൂടത്തെ എതിര്‍ക്കുന്ന വാര്‍ത്തകള്‍ കൊടുക്കാറേയില്ല. ജമാഅത്തെ ഇസ്ലാമിയുടെ പ്രമുഖ നേതാവ് രണ്ട് വര്‍ഷം മുമ്പ് സൗദി ഭരണകൂടത്തെ വിമര്‍ശിക്കുന്ന പുസ്തകമെഴുതിയപ്പോള്‍ അദ്ദേഹം മേധാവിയായ ജമാഅത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ ഐ.പി.എച്ചിന് പകരം മറ്റൊരു പ്രസാധകരെ ആശ്രയിക്കേണ്ടി വന്നു.
ഇവിടെയുള്ള പണ്ഡിതന്‍മാര്‍ എന്നറിയപ്പെടുന്ന വിഭാഗത്തിന്റെ കാര്യമാണെങ്കില്‍ അതിനേക്കാള്‍ ദയനീയമാണ്. നിലപാടിലെ സത്യസന്ധതയേക്കാള്‍ അവര്‍ക്ക് പ്രാധാന്യം “വി ഐ പി ഉംറ” യോ മറ്റ് എച്ചിലുകളോ ആണ്. ഈയൊരു സാഹചര്യത്തിലാണ് ധീരമായി അഭിപ്രായങ്ങളും നിലപാടും പറഞ്ഞ് ജയിലില്‍ പോവുന്ന സൗദി പണ്ഡിതന്‍മാരും പൊതു പ്രവര്‍ത്തകരും ശ്രദ്ധേയമാവുന്നത്. ഏത് നിമിഷവും അറസ്റ്റിലാവുമെന്നതോ നിംറ് അല്‍ നിംറിനെ പോലെ ഭരണകൂടം കൊല്ലുമെന്നതോ അവരെ പിന്തിരിപ്പിക്കുന്നില്ല. മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭ്രാന്തന്‍ തേര്‍വാഴ്ചയില്‍ ഇവരൊക്കെ ജയിലിലാവുന്നത് സ്വാഭാവികം. പക്ഷേ അവര്‍ മാത്രമല്ല ഇപ്പോള്‍ അറസ്റ്റിലാവുന്നത് എന്നതാണ് പുതിയ സംഭവ വികാസം.
പശ്ചിമേഷ്യയിലെ വേറിട്ട ശബ്ദമായ അസദ് അബു ഖാലിദ് പറഞ്ഞ പോലെ “ഇപ്പോള്‍ അറസ്റ്റിലായവരില്‍ പലരും അറസ്റ്റിലായത് ഭരണകൂടത്തെ എതിര്‍ത്ത് പറഞ്ഞതിനല്ല ; അനുകൂലിച്ച് ഒച്ച വെക്കാത്തതിനാണ്”. എതിരാളികളും വിമര്‍ശകരും തടവിലാക്കപ്പെടുന്നത് പൊതുവെ ഏകാധിപത്യ ഭരണകൂടങ്ങള്‍ ശക്തി പ്രാപിക്കുന്നതിന്റെ ലക്ഷണമായിരിക്കും. പക്ഷേ കൂടെ നില്‍ക്കുന്നവരെ പോലും സംശയിക്കാനും തടവിലാക്കാനും തുടങ്ങിയിട്ടുണ്ടെങ്കില്‍ അധികാരം നഷ്ടപ്പെടുമെന്ന ഭീതിയാണത് കാണിക്കുന്നത്. തകര്‍ച്ചയുടെ ആദ്യ ലക്ഷണങ്ങളായിരിക്കുമത്. മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭ്രാന്തമായ സംശയങ്ങളും അറസ്റ്റുകളും വിരല്‍ ചൂണ്ടുന്നതും ആസന്നമായ ഈ തകര്‍ച്ചയിലേക്കാണ്. അനിവാര്യമായ ആ പതനത്തിന് മേഖലയിലെ എത്ര നിരപരാധികളുടെ കൂടി ജീവന്‍ നഷ്ടപ്പെടേണ്ടി വരുമെന്നതാണ് പ്രസക്തമായ ചോദ്യം.