ബെയ്‌ലി പാലം മുണ്ടക്കൈക്ക് സമര്‍പ്പിച്ച് സൈന്യം, സ്ഥിരം പാലം വരുന്നതുവരെ പൊളിക്കില്ല
Kerala News
ബെയ്‌ലി പാലം മുണ്ടക്കൈക്ക് സമര്‍പ്പിച്ച് സൈന്യം, സ്ഥിരം പാലം വരുന്നതുവരെ പൊളിക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st August 2024, 11:04 am

കല്പറ്റ: ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്ക് സൈന്യം നിര്‍മിക്കുന്ന ബെയ്‌ലി പാലം നാടിനെന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള മേജര്‍ ജനറല്‍ വിനോദ് മാത്യു. അത്രയധികം ഉറപ്പോടെയാണ് പാലം നിര്‍മിക്കുന്നതെന്നും സ്ഥിരം പാലം വരുന്നതുവരെ ബെയ്‌ലി പാലം നാടിന് ഉപയോഗിക്കാമെന്നും വിനോദ് മാത്യു പറഞ്ഞു. 24 ടണ്‍ വരെ ഭാരം താങ്ങാന്‍ കഴിയുന്ന പാലമാണ് നിര്‍മിക്കുന്നതെന്നും മേജര്‍ ജനറല്‍ അറിയിച്ചു.

വളരെ വേഗത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നതെന്നും ഉച്ചയോടെ പാലത്തിന്റെ പണി പൂര്‍ത്തിയാകുമെന്നും വിനോദ് മാത്യു അറിയിച്ചു. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ തിരച്ചിലിന്റെ അടുത്ത ഘട്ടം ആരംഭിക്കും. മണ്ണുമാന്തിയന്ത്രങ്ങള്‍ അടക്കുമുള്ള ഉപകരണങ്ങള്‍ മുണ്ടക്കൈയിലേക്ക് ഈ പാലം വഴി എത്തിക്കാനാകും. ഈ യന്ത്രങ്ങള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്താനാകും. കുടുങ്ങിക്കിടക്കുന്നവരടക്കം ആരെങ്കിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലുണ്ടെങ്കില്‍ അവരെ രക്ഷപ്പെടുത്താനാകുമെന്നും വിനോദ് മാത്യു അറിയിച്ചു.

ഇതുവരെ 282പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. 240ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. 82 ക്യാമ്പുകളിലായി 8000ത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട് സന്ദര്‍ശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Content Highlight: Army saying that Bailey bridge can use until the permanent bridge comes in Mundakkai after Wayanad landslide