മമ്മൂട്ടിയുടെ കൂടെ ഫ്രീ ആയിട്ട് അഭിനയിക്കാൻ കഴിയുന്നുണ്ടെന്ന് നടൻ അർജുൻ അശോകൻ. രോമാഞ്ചം പോലെയുള്ള സിനിമയിൽ അഭിനയിക്കുമ്പോഴാണ് താൻ ഫ്രീ ആവുക എന്നാണ് കരുതിയിരുന്നതെന്നും എന്നാൽ മമ്മൂട്ടിയുടെ കൂടെ ഭ്രഹ്മയുഗം ചെയ്തു കഴിഞ്ഞപ്പോൾ രണ്ടുപേരുടെ കൂടെയും ഒരേ പോലെയാണെന്ന് മനസ്സിലായി എന്നും അർജുൻ അശോകൻ പറഞ്ഞു. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ നല്ല രാസമാണെന്നും അദ്ദേഹം തന്നെക്കാൾ പ്രായം കുറഞ്ഞിട്ടാണ് വരുന്നതെന്നും അർജുൻ അശോകൻ കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ വിചാരിച്ചത് രോമാഞ്ചം പോലെയുള്ള സിനിമയിൽ അഭിനയിക്കുമ്പോഴാണ് നമ്മൾ ഫ്രീ ആവുക എന്നതാണ്. മമ്മൂക്കയുടെ കൂടെ ഭ്രഹ്മയുഗം ചെയ്തു കഴിഞ്ഞപ്പോൾ രണ്ടുപേരുടെ കൂടെയും ഒരേ പോലെയാണെന്ന് മനസ്സിലായി. മമ്മൂക്ക നമ്മെളെക്കാളും പ്രായം കുറഞ്ഞിട്ടാണ് വരുന്നത്. ഭയങ്കര രസമാണ്. ആദ്യം ഭയങ്കര ടെൻഷൻ ആയിരുന്നു.
എന്തെങ്കിലും ചെയ്യുന്ന സമയത്ത് നമ്മൾ കാരണം റീടേക്ക് പോകുമ്പോൾ അത് മമ്മൂക്കക്ക് ഭയങ്കര പ്രശ്നമാകുമോ എന്ന ടെൻഷൻ ഉണ്ടായിരുന്നു. അങ്ങനെയൊരു ടെൻഷനിലാണ് മുഴുവൻ അഭിനയിക്കുന്നത്. പക്ഷേ നമ്മളിൽ നിന്ന് എന്ത് തെറ്റ് വന്നാലും പ്രശ്നമില്ല. പകരം തെറ്റു വന്നാൽ പറഞ്ഞു തരും, നമ്മളെ സഹായിക്കും കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കി തരും , അതിന്റെ എളുപ്പവഴി പറഞ്ഞു തരും. എല്ലാം അടിപൊളി ആയിരുന്നു.
ഇനി വേറെ ആക്ടർ ആവുമ്പോൾ എനിക്കറിയില്ല. ലാലേട്ടൻ ആയിട്ട് ഇതുവരെ വർക്ക് ചെയ്തിട്ടില്ല. ഭയങ്കര ആഗ്രഹമുണ്ട് അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ. ലാലേട്ടനുമായിട്ട് ഒരു പ്രൊജക്റ്റ് ഇതുവരെ പറഞ്ഞു വെച്ചിട്ടില്ല,’ അർജുൻ അശോകൻ പറയുന്നു.
അതേസമയം അർജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒറ്റ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ ആസിഫ് അലി, ഇന്ദ്രജിത്ത്, സത്യരാജ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളായി എത്തിയത്. ടോക്സിക് പേരന്റിങ്ങിന്റെ ഫലമായി വീട്ടില്‍ നിന്നും ഇറങ്ങി പോകുന്ന രണ്ട് ചെറുപ്പക്കാരുടെ ജീവിതത്തില്‍ പിന്നീട് സംഭവിക്കുന്ന മാറ്റങ്ങളെയാണ് ചിത്രത്തില്‍ കാണിക്കുന്നത്. അതിനാല്‍ തന്നെ ടോക്സിക് പേരന്റിങ് ഒരു വ്യക്തിയെ എങ്ങനെ ബാധിക്കുന്നു എന്ന് ചിത്രം കാണിച്ചുതരുന്നുണ്ട്.
സത്യരാജും ഭാവന രമണയുമാണ് ചിത്രത്തില്‍ ടോക്സിക് പേരന്റ്സായി അഭിനയിച്ചിരിക്കുന്നത്. വിഷയത്തിന്റെ തീവ്രത പ്രേക്ഷകരിലേക്ക് എത്തുംവിധ മികച്ച പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്. ഒപ്പം ടോക്‌സിക് പേരന്റിങ്ങിന്റെ ഭീകരത വെളിവാക്കുന്നതായിരുന്നു അര്‍ജുന്‍ അശോകന്റെ പ്രകടനം. ടോക്‌സിക് പേരന്റിങ് ഉണ്ടാക്കുന്ന ഭയവും ട്രോമയും അദ്ദേഹം സൂക്ഷ്മ ഭാവഭേദങ്ങളിലൂടെ മികച്ചതാക്കി. അച്ഛനും മകനും തമ്മിലുള്ള അകല്‍ച്ചയും പിന്നീട് ഉണ്ടാവുന്ന തിരിച്ചറിവുകളും ആസിഫ് അലിയും സത്യരാജും നന്നായി അവതരിപ്പിച്ചു.
Content Highlight: Arjun ashokan about the experience acting with Mammootty