തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായി നടുറോഡിൽ ഉണ്ടായ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെയും പങ്കാളി സച്ചിന്‍ ദേവ് എം.എല്‍.എക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി കോടതി. എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.
ബസ് തടഞ്ഞ് യാത്ര തടസ്സപ്പെടുത്തിയെന്നും ഡ്രൈവറോട് മോശമായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് നല്‍കിയത്. തുടര്‍ന്ന് പരാതിയില്‍ കേസെടുക്കാന്‍ കന്റോണ്‍മെന്റ് പൊലീസിന് കോടതി നിര്‍ദേശം നല്‍തി.
സംഭവത്തില്‍ ഡ്രൈവര്‍ യദു നേരത്തെ രണ്ട് തവണ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കോടതിയില്‍ നിന്നും കേസെടുക്കാന്‍ നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
അതിനിടെ, ഡ്രൈവര്‍ യദുവിനെതിരെ ആരോപണങ്ങളുന്നയിച്ച് നടി റോഷ്‌ന ആന്‍ ജോയ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. യദുവില്‍ നിന്ന് തനിക്കും മോശം അനുഭവം നേരിട്ടതായി നടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
തൃശൂര്‍ കുന്നംകുളം ഭാഗത്ത് വെച്ച് യദു തന്നോട് മോശമായി പെരുമാറിയെന്നും അന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഇടപെട്ടാണ് യദുവിനെ പറഞ്ഞയച്ചതെന്നും നടി പറഞ്ഞു. വെളിപ്പെടുത്തലിന് പിന്നാലെ നടിക്ക് വലിയ രീതിയില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
Content Highlight: Argument with KSRTC driver; The court directed to file a case against Mayor Arya Rajendran