സ്റ്റുഡിയോയില്‍ കയറി ചെപ്പക്കുറ്റിക്ക് അടിക്കേണ്ട ഭാഷ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ട്, എം.എല്‍.എ അല്ലെങ്കില്‍ ഞാന്‍ വന്ന് തല്ലിയേനെ; ഹാഷ്മിയോട് പി.വി. അന്‍വര്‍
Kerala News
സ്റ്റുഡിയോയില്‍ കയറി ചെപ്പക്കുറ്റിക്ക് അടിക്കേണ്ട ഭാഷ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ട്, എം.എല്‍.എ അല്ലെങ്കില്‍ ഞാന്‍ വന്ന് തല്ലിയേനെ; ഹാഷ്മിയോട് പി.വി. അന്‍വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th May 2023, 11:19 pm

കോഴിക്കോട്: സ്റ്റുഡിയോയില്‍ കയറി അടി നല്‍കേണ്ട തരത്തിലുള്ള ഭാഷ മാധ്യമപ്രവര്‍ത്തകര്‍ രാത്രികാല ചര്‍ച്ചകളില്‍ ഉപയോഗിക്കാറുണ്ടെന്ന്‌ നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍. ട്വന്റി ഫോര്‍ ചാനലിന്റെ ജനകീയ കോടതി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ പ്രതിപക്ഷ നേതാവും പി.വി. അന്‍വറും തമ്മില്‍ നിയമസഭയില്‍ നടന്ന ഒരു തര്‍ക്കവുമായി ബന്ധപ്പെട്ട് ഹാഷ്മി നടത്തിയ ചാനല്‍ ചര്‍ച്ചയെ വിമര്‍ശിച്ച് പി.വി. അന്‍വറിട്ട ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകള്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് സ്റ്റുഡിയോയില്‍ കയറി തല്ല് നല്‍കേണ്ട തരത്തിലുള്ള വാക്കുകള്‍ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്ന് അന്‍വര്‍ പറഞ്ഞത്. എം.എല്‍.എ അല്ലെങ്കില്‍ താന്‍ വന്ന് തല്ലിയേനെ എന്നും അദ്ദഹേം പറഞ്ഞു.

‘എന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഞാന്‍ എഴുതുന്നതാണ്. ആ ചര്‍ച്ചയില്‍ ഹാഷ്മി ഉപയോഗിച്ചുള്ള വാക്കുകള്‍ ഏത് അര്‍ത്ഥത്തിലായിരുന്നു? അതില്‍ അന്‍വര്‍ സാറെ എന്ന വിളിയിലെ സാറിന് രണ്ടര്‍ത്ഥമുണ്ട്. അന്‍വര്‍ സാറെ അത് കയ്യിലിരിക്ക് എന്ന് പറഞ്ഞാല്‍ അതേ ഭാഷയിലേ മറുപടി പറയൂ. വ്യക്തിപരമായി അറ്റാക്ക് ചെയ്താല്‍ പി.വി. അന്‍വര്‍ വ്യക്തിപരമായി തന്നെ തിരിച്ചടിക്കും.

കുറച്ചുകാലങ്ങളായി പത്രക്കാരായ നിങ്ങള്‍ക്ക് ഒരു ധാരണയുണ്ട്. നിങ്ങള്‍ക്ക് എന്തും ചോദിക്കാം, എന്തും പറയാം, എം.എല്‍.എമാരും മന്ത്രിമാരും കൂപ്പിട്ട് നില്‍ക്കണമെന്ന്. മര്യാദയോട് കൂടി സംസാരിക്കുന്നവരോട് വളരെ മര്യാദയോട് കൂടി തിരിച്ചും സംസാരിക്കും. നിങ്ങള്‍ നടത്തുന്ന അന്തിച്ചര്‍ച്ചകളില്‍ ഉപയോഗിക്കുന്ന ഭാഷ കേട്ടാല്‍ സത്യത്തില്‍ സ്റ്റുഡിയോയില്‍ കയറി ചെപ്പക്കുറ്റിക്ക് അടിക്കാന്‍ തോന്നും. പലപ്പോഴും എനിക്ക് അടിക്കാന്‍ തോന്നിയിട്ടുണ്ട്. എം.എല്‍.എ അല്ലായിരുന്നെങ്കില്‍ ഞാന്‍ അടിച്ചേനെ,’ അന്‍വര്‍ പറഞ്ഞു.

CONTENT HIGHLIGHT: Argument between PV Anwar and Hashmi In  Twentyfour channel discussion,