Advertisement
World News
അഴിമതിക്കേസില്‍ അര്‍ജന്റീന വൈസ് പ്രസിഡന്റ് കുറ്റക്കാരിയെന്ന് കോടതി; ആറ് വര്‍ഷം തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Dec 07, 02:44 am
Wednesday, 7th December 2022, 8:14 am

ബ്യൂണസ് ഐറിസ്: അഴിമതി കേസില്‍ അര്‍ജന്റീനയുടെ നിലവിലെ വൈസ് പ്രസിഡന്റും മുന്‍ പ്രസിഡന്റുമായ ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്നെര്‍ (Cristina Fernandez de Kirchner) കുറ്റക്കാരിയാണെന്ന് കണ്ടെത്തി. ആറ് വര്‍ഷം തടവുശിക്ഷയാണ് കിര്‍ച്നെര്‍ക്ക് അര്‍ജന്റൈന്‍ കോടതി വിധിച്ചത്.

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ഒരു ബില്യണ്‍ ഡോളറിന്റെ തട്ടിപ്പ് കേസാണ് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്.

നിയമവിരുദ്ധമായി സ്വന്തം സുഹൃത്തിന് പൊതുമരാമത്ത് കരാറുകള്‍ നല്‍കിയെന്ന കിര്‍ച്നെര്‍ക്കെതിരെയുണ്ടായിരുന്ന ആരോപണം തെളിയിക്കപ്പെട്ടു. ‘വഞ്ചനാപരമായ ഭരണമാണ്’ കിര്‍ച്‌നെര്‍ നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.

എന്നാല്‍ സെനറ്റ് പ്രസിഡന്റായതിന്റെ പാര്‍ലമെന്ററി പ്രതിരോധമുള്ളതുകൊണ്ട് 69കാരിയായ കിര്‍ച്നെര്‍ക്ക് തടവുശിക്ഷ അനുഭവിക്കേണ്ടി വരില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാര്‍ സ്ഥാനങ്ങള്‍ വഹിക്കുന്നതുകൊണ്ട് ലഭിക്കുന്ന പ്രതിരോധമുപയോഗിച്ച് ഈ വിധിക്കെതിരെ കിര്‍ച്‌നെര്‍ അപ്പീല്‍ പോകുമെന്നാണ് കരുതുന്നത്.

പബ്ലിക് ഓഫീസില്‍ നിന്നും ഇവര്‍ക്ക് ആജീവനാന്തം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേസില്‍ ഉന്നത കോടതികളില്‍ അപ്പീല്‍ പോകുമ്പോള്‍ കിര്‍ച്‌നെര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തന്നെ തുടരും.

കിര്‍ച്നെര്‍ക്ക് 12 വര്‍ഷം തടവും രാഷ്ട്രീയത്തില്‍ നിന്ന് ആജീവനാന്ത വിലക്കും വിധിക്കണമെന്നായിരുന്നു കേസില്‍ പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, തനിക്കെതിരായ കേസും ആരോപണങ്ങളും രാഷ്ട്രീയപ്രേരിതമാണെന്നാണ് കിര്‍ച്‌നെര്‍ പറയുന്നത്.

പതഗോണിയയിലെ തന്റെ ശക്തികേന്ദ്രത്തില്‍ പൊതുമരാമത്ത് കരാറുകള്‍ നിയമവിരുദ്ധമായി നല്‍കിയെന്ന ആരോപണത്തില്‍ വിചാരണ നേരിടുകയായിരുന്നു കിര്‍ച്നെര്‍. ഇതിനിടെ സെപ്റ്റംബര്‍ മാസത്തില്‍ ഇവരുടെ വീടിന് മുന്നില്‍ നൂറുകണക്കിന് പേര്‍ പ്രതിഷേധസമരം നടത്തിയിരുന്നു.

2007 മുതല്‍ 2015 വരെ രണ്ട് പ്രാവശ്യം അര്‍ജന്റീനിയന്‍ പ്രസിഡന്റായിരുന്നു കിര്‍ച്‌നെര്‍.

നേരത്തെ ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്നെര്‍ക്ക് നേരെ വധശ്രമവുമുണ്ടായിരുന്നു. ബ്യൂണസ് ഐറിസിലെ വസതിക്ക് പുറത്തുവെച്ച് കിര്‍ച്നെറിന് നേരെ ഒരു യുവാവ് തോക്ക് ചൂണ്ടുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. എന്നാല്‍ വെടിയുതിര്‍ത്തിരുന്നില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു.

തന്റെ വസതിക്ക് പുറത്ത് കാറില്‍ നിന്നും പുറത്തിറങ്ങുകയായിരുന്ന കിര്‍ച്നെറിന്റെ തലക്ക് നേരെ ജനക്കൂട്ടത്തിനിടയില്‍ നിന്നും യുവാവ് തോക്ക് ചൂണ്ടുകയായിരുന്നു. ഇയാളെ അപ്പോള്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ കിര്‍ച്നെറിന്റെ വസതിക്ക് പുറത്ത് സുരക്ഷയും ശക്തമാക്കിയിരുന്നു.

Content Highlight: Argentina vice president Cristina Fernández sentenced to six years after found guilty of corruption