യൂറോപ്യൻ ഫുട്ബോളിനെ നിഷ്പ്രഭരാക്കി അർജന്റീന; ഈ വർഷം യൂറോപ്പിനെതിരെ കളിച്ച എല്ലാ മത്സരത്തിലും വിജയം
2022 FIFA World Cup
യൂറോപ്യൻ ഫുട്ബോളിനെ നിഷ്പ്രഭരാക്കി അർജന്റീന; ഈ വർഷം യൂറോപ്പിനെതിരെ കളിച്ച എല്ലാ മത്സരത്തിലും വിജയം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th December 2022, 7:58 pm

 

ലോകകപ്പ്, കോപ്പാ അമേരിക്ക, ഫൈനലിസിമ തുടങ്ങിയ മേജർ കിരീടങ്ങളെല്ലാം അടുത്തടുത്തായി സ്വന്തമാക്കി തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് അർജന്റൈൻ ഫുട്ബോൾ ടീം.
കൂടാതെ അടുത്ത കാലത്ത് കളിച്ച രണ്ട് ടൂർണമെന്റുകളിലും കിരീടം സ്വന്തമാക്കാനും കൂടാതെ അവസാനം കളിച്ച മൂന്ന് ഫൈനലുകളിലും കപ്പ് ഉയർത്താനും അർജന്റൈൻ ടീമിനായി.

എന്നാൽ ഈ വർഷം യൂറോപ്യൻ ടീമിനോട് കളിച്ച ആറ് മത്സരങ്ങളും വിജയിച്ച് വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് അർജന്റൈൻ ഫുട്ബോൾ ടീം. തുടർച്ചയായ 36 മത്സരങ്ങളിൽ പരാജയം അറിയാതെ ജൈത്രയാത്ര നടത്തിയ ടീം ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടിരുന്നു.

എന്നാൽ സൗദിക്കെതിരെയുള്ള അപ്രതീക്ഷിത തോൽ‌വിയിൽ നിന്നും ഉദിച്ചുയർന്ന അർജന്റൈൻ ടീം ലോകകിരീടം സ്വന്തമാക്കി വിമർശകരുടെ വായടപ്പിക്കുകയായിരുന്നു.

2022ൽ മൊത്തം ആറ് തവണയാണ് അർജന്റീന യൂറോപ്യൻ ടീമുകളുമായി മുഖാമുഖം വരുന്നത്. ഇതിൽ രണ്ടെണ്ണം ഇറ്റലിക്കും, ഫ്രാൻസിനുമെതിരെയുള്ള ഫൈനൽ മത്സരങ്ങളാണ്.

യൂറോപ്യൻ ടീമുകൾക്കെതിരെയുള്ള ആറ് മത്സരങ്ങളിൽ നിന്നായി 18 ഗോളുകൾ അർജന്റീന സ്വന്തമാക്കിയപ്പോൾ അഞ്ച് ഗോളുകളാണ് അവർക്ക് വഴങ്ങേണ്ടിവന്നത്. കൂടാതെ ആറിൽ നാല് മത്സരങ്ങളിൽ നിന്നും ക്ലീൻ ഷീറ്റ് സ്വന്തമാക്കാനും അർജന്റൈൻ ടീമിന് സാധിച്ചു.

നിലവിലെ യൂറോ ചാമ്പ്യൻമാരായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീന തോൽപ്പിച്ചപ്പോൾ പിന്നീട് നടന്ന സൗഹൃദ മത്സരത്തിൽ എസ്റ്റോണിയയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് മെസിയും കൂട്ടരും തകർത്തെറിഞ്ഞത്.

അതിന് ശേഷം ലോകകപ്പിൽ പോളണ്ട്, ഹോളണ്ട്, ക്രൊയേഷ്യ, ഫ്രാൻസ് എന്നീ യൂറോപ്യൻ ശക്തികളെയാണ് അർജന്റീന തോൽപ്പിച്ചത്.


അതേസമയം ലോകകപ്പിന് മുമ്പ് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ ലാറ്റിനമേരിക്കൻ ടീമുകൾക്ക് നിലവാരമില്ലെന്ന തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. സംഭവത്തിൽ കടുത്ത വിമർശനങ്ങൾ അന്ന് എംബാപ്പെക്കെതിരെ ഉയർന്നിരുന്നു.

ബ്രസീൽ, അർജന്റീന അടക്കമുള്ള ലാറ്റിനമേരിക്കൻ ടീമുകളിലെ പ്രമുഖ താരങ്ങളെല്ലാം യൂറോപ്പിലെ മികച്ച ലീഗുകളിൽ കളിക്കുന്നവരാണ്. യൂറോപ്പിന്റെ ടെക്നിക്കൽ ഗെയിമും ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ സൗന്ദര്യവും സംയോജിപ്പിച്ചുകൊണ്ടുള്ള കളി ശൈലിയാണ് ലാറ്റിനമേരിക്കൻ ടീമുകൾ നിലവിൽ കളിക്കളത്തിൽ അവലംബിക്കുന്നത്.

 

Content Highlights: Argentina broke European football ;they Wins every match played against Europian teams this year