Entertainment
'രജിനികാന്തിനും കമല്‍ ഹാസനും വിജയ്ക്കും ഞാന്‍ വോട്ട് ചെയ്യില്ല': വൈറലായി അരവിന്ദ് സ്വാമിയുടെ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 08, 07:19 am
Thursday, 8th February 2024, 12:49 pm

റോജ എന്ന മണിരത്‌നം സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച നടനാണ് അരവിന്ദ് സ്വാമി. 30 വര്‍ഷത്തെ അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ ഒരേ തരത്തിലുള്ള റൊമാന്റിക് ഹീറോ വേഷങ്ങളില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുകയും തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടുകയും ചെയ്തു. ശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്ത താരം 2015ല്‍ തനി ഒരുവന്‍ എന്ന സിനിമയിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തി. സിദ്ധാര്‍ത്ഥ് അഭിമന്യു എന്ന വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ പഴയ ഒരു ഇന്റര്‍വ്യൂ ക്ലിപ്പ് വൈറലായിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ്, രജിനികാന്ത്, കമല്‍ ഹാസന്‍ എന്നിവരുടെ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി സംസാരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. താന്‍ രജിനികാന്തിന്റെയും കമല്‍ ഹാസന്റെയും വിജയ്‌യുടെയും ആരാധകനാണെന്നും എന്നാല്‍ അവര്‍ക്ക് വോട്ട് ചെയ്യാന്‍ എനിക്കാകില്ല എന്നുമാണ് അരവിന്ദ് സ്വാമി പറയുന്നത്.

‘ഞാന്‍ രജിനികാന്തിന്റെയും കമല്‍ ഹാസന്റെയും ആരാധകനാണ് വിജയ്‌യെ ഇഷ്ടവുമാണ്. പക്ഷേ ആ കാരണം ഇവര്‍ക്കാര്‍ക്കും ഞാന്‍ വോട്ട് ചെയ്യില്ല. വോട്ട് ചെയ്യാന്‍ പാടില്ല. ഞാന്‍ അങ്ങനെ ചെയ്യാന്‍ പാടില്ല എന്നതാണ് എന്റെ നിലപാട്. ബാക്കിയുള്ളവര്‍ എങ്ങനെയാണെന്ന് എനിക്കറിയില്ല. നിങ്ങള്‍ പറയുന്ന കാര്യം കൊണ്ട് എന്തെങ്കിലും മാറ്റം വരുമോ, നിങ്ങളെക്കൊണ്ട് എന്തെങ്കിലും മാറ്റാന്‍ സാധിക്കുമോ, നിങ്ങളുടെ ലക്ഷ്യം ഇതൊക്കെ എന്നിലേക്കെത്തണം.

നിങ്ങള്‍ ഒരു നല്ല ആക്ടറാണ്. പക്ഷേ ഒരു ഗവണ്മെന്റ് പോളിസി ഡ്രാഫ്റ്റ് ചെയ്യാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ എങ്ങനെ വിശ്വസിക്കും. നിങ്ങള്‍ക്ക് നല്ല വിഷന്‍ ഉണ്ടായിരിക്കാം, നല്ല ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കാം. സിനിമകളില്‍ ആളുകളെ രക്ഷിച്ച നിങ്ങള്‍ക്ക് ജീവിതത്തിലും ആളുകളെ രക്ഷിക്കാനാകും എന്ന ചിന്തയിലായിരിക്കാം രാഷ്ട്രീയപ്രവേശനം നടത്തുന്നത്,’ അരവിന്ദ് സ്വാമി പറഞ്ഞു.

Content Highlight: Aravind Swamy about political entry of Rajnikanth, Kamnal Haassan and Vijay