മെസിയെ ഞങ്ങള്‍ അര്‍ഹിക്കുന്നില്ല, അദ്ദേഹം പോകുന്നതില്‍ സന്തോഷം മാത്രം: ഫ്രഞ്ച് പരിശീലകന്‍
Football
മെസിയെ ഞങ്ങള്‍ അര്‍ഹിക്കുന്നില്ല, അദ്ദേഹം പോകുന്നതില്‍ സന്തോഷം മാത്രം: ഫ്രഞ്ച് പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th May 2023, 1:56 pm

പി.എസ്.ജിയിലെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിനൊടുവില്‍ ഇതിഹാസ താരം ലയണല്‍ മെസി ക്ലബ്ബ് വിടാനൊരുങ്ങുകയാണ്. ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ മെസി ക്ലബ്ബിന്റെ അനുമതിയില്ലാതെ രാജ്യം വിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയായിരുന്നു.

കരാര്‍ അവസാനിക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ പി.എസ്.ജി മെസിയെ ക്ലബ്ബില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും താരം തയ്യാറായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പി.എസ്.ജിയുടെ മത്സരങ്ങള്‍ക്കിടെ ആരാധകര്‍ മെസിയെ പരിഹസിച്ചുകൊണ്ട് ചാന്റ് ചെയ്യുകയും കൂകി വിളിക്കുന്നതുമായ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ക്ലബ്ബിലെ പരിശീലനത്തിന് നില്‍ക്കാതെ മെസി കുടുംബത്തോടൊപ്പം സൗദി അറേബ്യ സന്ദര്‍ശിച്ചതിന് പി.എസ്.ജി താരത്തെ രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയുണ്ടായി. തൊട്ടുപിന്നാലെ മെസി ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജി വിടുമെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചക്ക് മെസി സഹതാരങ്ങളോട് വീഡിയോയിലൂടെ ക്ഷമാപണം നടത്തിയിരുന്നു. അതിന്റെ പേരില്‍ പി.എസ്.ജി നല്‍കുന്ന ശിക്ഷ സ്വീകരിക്കാന്‍ തയ്യാറാണെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബായ നാന്റസിന്റെ പരിശീലകന്‍ അന്റോണിയോ കോമ്പുറെ. മെസിയെ തങ്ങള്‍ അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പാരീസ് വിടുന്നതില്‍ സന്തോഷമാണുള്ളതെന്നും കോമ്പുറെ പറഞ്ഞു.

‘പി.എസ്.ജിയില്‍ എന്താണ് നടക്കുന്നതെന്ന കാര്യത്തില്‍ എനിക്ക് വലിയ ധാരണയില്ല. എനിക്ക് വളരെ ഇഷ്ടമുള്ള കളിക്കാരനാണ് മെസി. അദ്ദേഹം ഇപ്പോള്‍ പി.എസ്.ജി വിടാന്‍ ഒരുങ്ങുന്നുണ്ടെങ്കില്‍ അത് പാരീസിയന്‍സിന് ലജ്ജാകരമാണ്. അദ്ദേഹം പോകുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. ഞങ്ങള്‍ മെസിയെ അര്‍ഹിക്കുന്നില്ല,’ കോമ്പുറെ പറഞ്ഞു.

ലീഗ് വണ്ണില്‍ ലോറിയന്റിനെതിരായ മത്സരത്തിലേറ്റ തോല്‍വിക്ക് പിന്നാലെയായിരുന്നു മെസിയുടെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം. സൗദി അറേബ്യന്‍ ടൂറിസത്തിന്റെ അംബാസിഡറായ മെസി പി.എസ്.ജിയോട് അനുവാദം ചോദിച്ചിരുന്നെങ്കിലും താരത്തിന് അനുമതി ലഭിച്ചിരുന്നില്ലെന്നും തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം മെസി സൗദിയിലേക്ക് പോവുകയായിരുന്നെന്നുമായിരുന്നു റിപ്പോര്‍ട്ട്.

അതേസമയം, മെസി ബാഴ്സലോണയിലേക്ക് തിരികെ പോകുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ബാഴ്സലോണക്ക് പുറമെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലും താരത്തെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്. 400 മില്യണ്‍ യൂറോയുടെ ഓഫറാണ് മെസിക്ക് മുന്നില്‍ അല്‍ ഹിലാല്‍ വെച്ചിരിക്കുന്നത്.

എന്നിരുന്നാലും മെസി യൂറോപ്പ് വിടില്ലെന്നും ബാഴ്സലോണയിലേക്ക് തിരികെയെത്തുമെന്നുമാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിക്കുന്നത്.

Content Highlights: Antoine Kombouare praises Lionel Messi