ഹിന്ദുക്കളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ കന്യാകുമാരിയും കൂടംകുളവും തമ്മിലുള്ള ദൂരപരിധി വെറും 16 കിലോമീറ്റര്‍ മാത്രമാണ്. അതായത് കൂടംകുളം ആണവനിലയം തകര്‍ന്നാല്‍ ആദ്യം ബാധിക്കുന്ന സ്ഥലങ്ങളിലൊന്നാണ് കന്യാകുമാരി. ഹിന്ദുക്കള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നവരാണ് ഹിന്ദു മക്കള്‍ കക്ഷിയെങ്കില്‍ അവര്‍ ഒരിക്കലും ആണവനിലയത്തിനെതിരെയുള്ള സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമായിരുന്നില്ല.
എസ്സേയ്‌സ്/കെ.പി ശശി
ഞങ്ങളുടെ ഡോക്യുമെന്ററിയായ ഫാബ്രിക്കേറ്റഡിന്റെ പ്രദര്‍ശനം കഴിഞ്ഞ് ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിയിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ആദിവാസി, ദളിത്, മുസ്‌ലീം വിഭാഗത്തിലും ജനകീയ സമരങ്ങളിലെ പോരാളികളും ആയ നിരവധി നിരപരാധികളാണ് നമ്മുടെ ജയിലുകളില്‍ കഴിയുന്നത്.
ഫാബ്രിക്കേറ്റഡും പറയുന്നത് അത്തരമൊരു കഥയെ കുറിച്ചാണ്. ബംഗളുരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിയെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ് ഫാബ്രിക്കേറ്റഡ്. സമാനമായ മറ്റ് പല കേസുകളും പഠിക്കുകയും ഉള്‍ക്കൊണ്ടുമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
13 വര്‍ഷം തടവിലാക്കപ്പെട്ട അബ്ദുല്‍ നാസര്‍ മഅദനി കുറ്റക്കാരനാണെന്ന് ഇതുവരെ ഒരു കോടതിയും കണ്ടെത്തിയിട്ടില്ല എന്നിരിക്കേയാണ് ഏകപക്ഷീയമായി സംഘികള്‍ ഒരു നിരപരാധിയെ തീവ്രവാദിയാക്കുന്നത്.
ചെന്നൈയിലെ ആദ്യ സ്‌ക്രീനിങ്ങിന് ശേഷം മതസംഘടനയായ ഹിന്ദു മക്കള്‍ കക്ഷി ചിത്രത്തിന്റെ മറ്റ് പ്രദര്‍ശനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി. ഒരു ബി.ജെ.പി പത്രം ഞങ്ങളുടെ ചിത്രത്തെ വിമര്‍ശിച്ചത് തീവ്രവാദത്തെ ന്യായീകരിക്കുന്നു എന്ന് പറഞ്ഞാണ്.
രണ്ട് ജയിലുകളിലായി 13 വര്‍ഷം തടവിലാക്കപ്പെട്ട അബ്ദുല്‍ നാസര്‍ മഅദനി കുറ്റക്കാരനാണെന്ന് ഇതുവരെ ഒരു കോടതിയും കണ്ടെത്തിയിട്ടില്ല എന്നിരിക്കേയാണ് ഏകപക്ഷീയമായി സംഘികള്‍ ഒരു നിരപരാധിയെ തീവ്രവാദിയാക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസെത്തി ചിത്രം പ്രദര്‍ശിപ്പിക്കുന്ന സംഘാടകരെ നിരവധി തവണ ചോദ്യം ചെയ്യുകയും ചിത്രത്തിന്റെ രണ്ട് കോപ്പികള്‍ പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ചെന്നൈയിലെ വിവിധ സംഘടനകളുടേയും മാധ്യമങ്ങളുടെയും ഇടപെടലിനെ തുടര്‍ന്ന് പോലീസ് മറ്റ് നടപടികളൊന്നും എടുത്തില്ല.
പോലീസ് നടപടികള്‍ക്കെതിരെ ഞങ്ങള്‍ക്കൊപ്പം നിന്ന എല്ലാവര്‍ക്കും ഈയവസരത്തില്‍ ഞാന്‍ നന്ദി പറയുകയാണ്. കൂടാതെ ഹിന്ദു മക്കള്‍ കക്ഷിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഞങ്ങളുടെ ഡോക്യുമെന്ററി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് എന്നതിനാല്‍ അവരോടും ഞാന്‍ നന്ദി അറിയിക്കുകയാണ്.
ഇങ്ങനെയുളള അവസരങ്ങളിലാണ് സമുദായ സംഘടനകളുടെ മുഖംമൂടികള്‍ വലിച്ചുകീറപ്പെടുന്നത്. ഒരു ഉദാഹരണം പറയാം, കൂടംകുളം ആണവനിലയത്തിനെതിരെ നടക്കുന്ന സമരത്തെ അടിച്ചമര്‍ത്താന്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റ് ഹിന്ദു സംഘടനകള്‍ക്കൊപ്പം അരയും തലയും മുറുക്കി എത്തിയവരാണ് ഈ ഹിന്ദു മക്കള്‍ കക്ഷി. ടൂറിസം മേഖലയുടെ 20 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ആണവനിലയം പാടില്ലെന്ന അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ നിര്‍ദേശം നിലനില്‍ക്കേയാണ് ഈ സംഘടനകളുടെ സമരത്തെ അടിച്ചമര്‍ത്താന്‍ എത്തിയത്.
ഹിന്ദുക്കളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ കന്യാകുമാരിയും കൂടംകുളവും തമ്മിലുള്ള ദൂരപരിധി വെറും 16 കിലോമീറ്റര്‍ മാത്രമാണ്. അതായത് കൂടംകുളം ആണവനിലയം തകര്‍ന്നാല്‍ ആദ്യം ബാധിക്കുന്ന സ്ഥലങ്ങളിലൊന്നാണ് കന്യാകുമാരി. ഹിന്ദുക്കള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നവരാണ് ഹിന്ദു മക്കള്‍ കക്ഷിയെങ്കില്‍ അവര്‍ ഒരിക്കലും ആണവനിലയത്തിനെതിരെയുള്ള സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമായിരുന്നില്ല.
ഇതുതന്നെയാണ് ഗുജറാത്തിലെയും മധ്യപ്രദേശിലേയും മഹാരാഷ്ട്രയിലേയും ബി.ജെ.പി നര്‍മദാ ഡാമിന് വേണ്ടി ചെയ്തത്. സര്‍പനേശ്വര്‍ ക്ഷേത്രം, ഹപേശ്വര്‍ ക്ഷേത്രം എന്നിവ ഉള്‍പ്പെടെ നിരവധി തീര്‍ത്ഥാടന സ്ഥലങ്ങള്‍ വെള്ളത്തിലാഴ്ത്തിയാണ് ഡാം കെട്ടിപ്പൊക്കിയത്. ഈ അവസരത്തില്‍ ഇത്തരം സംഘടനകള്‍ മുസ്‌ലീങ്ങള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും മാത്രമല്ല ഹിന്ദുക്കള്‍ക്ക് തന്നെയും എതിരാണെന്ന് ഇന്ത്യയിലെ ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.
രാജ്യത്തെ ഹിന്ദുക്കളേയും അവരുടെ വിശ്വാസങ്ങളേയും സംരക്ഷിക്കുന്നതിന് വേണ്ടി മുസ്‌ലീങ്ങളും ക്രിസ്ത്യാനികളും ചെയ്ത കാര്യങ്ങള്‍ ഇതുവരെ ഇവിടുത്ത ഒരു മതേതര സംഘടനയും രേഖപ്പെടുത്തി വെച്ചിട്ടില്ല. ഇത്തരം രേഖപ്പെടുത്തലുകള്‍ ഇന്ന് ഇന്ത്യയില്‍ നടക്കുന്ന വര്‍ഗീയ വിഭജന രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ ഉപകരാപ്രദമായേനെ.
എന്റെ ജന്മനാടായ ഗുരുവായൂരില്‍ നിന്നും 4 കിലോമീറ്റര്‍ അകലെയുള്ള ഒരു ഹിന്ദു ക്ഷേത്രത്തിലെ ഉത്സവ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എച്ച്.എം.സി (ഹിന്ദു, മുസ്‌ലീം, ക്രിസ്ത്യന്‍ കമ്മിറ്റി)കമ്മിറ്റിയാണ്. ഇതുവായിക്കുന്ന പലര്‍ക്കും സമാനമായ പല കാര്യങ്ങളും അനുഭവങ്ങളില്‍ ഉണ്ടാകുമെന്നും എനിക്കുറപ്പുണ്ട്. ഇത്തരം കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി വെച്ചാല്‍ ഇന്ന് നാട്ടില്‍ നിലനില്‍ക്കുന്ന ശത്രുക്കള്‍”, അല്ലാത്തവര്‍” എന്ന മനോഭാവം മാറിക്കിട്ടിയേനെ.
എത്രയോ നിരപരാധികളാണ് യാതൊരു കാരണവുമില്ലാതെ സാമൂഹിക നീതി നിഷേധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നത്. മഅദനിയുടെ കാര്യത്തിലേക്ക് തിരിച്ചുവരാം, ആരോപിക്കപ്പെട്ട ഒരു കുറ്റം പോലും തെളിയിക്കപ്പെടാതെയാണ് അബ്ദുല്‍ നാസര്‍ മഅദനിയെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടു പോലും ജാമ്യം നിഷേധിച്ച് ജയില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു
ബ്രാഹ്മണ പശ്ചാത്തലത്തില്‍ നിന്നും വന്ന ആദരണീയനായ ഒരു എഴുത്തുകരാന്‍ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ മുറിവേല്‍ക്കുമെന്ന് ഭയന്ന് രാജ്യം വിടുന്ന അവസ്ഥയിലെത്തി നില്‍ക്കുമ്പോള്‍ ഇവിടുത്തെ ന്യൂനപക്ഷമായ ദളിതരുടേയും ആദിവാസികളുടേയും മുസ്‌ലീങ്ങളുടെയും അവസ്ഥ എന്തായിരിക്കും?
[] മറ്റൊരിടത്ത് രണ്ടായിരത്തോളം മുസലീങ്ങളെ കൂട്ടക്കുരുതി ചെയ്ത നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായി വിലസുന്നു. പോരാത്തതിന് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായും അദ്ദേഹത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നു. ഈ അവസരത്തില്‍ ഇന്ത്യയുടെ മതേതര പ്രതിച്ഛായയെ ഒന്നുകൂടി പുന:പരിശോധിക്കുന്നത് നന്നായിരിക്കും.
ഗ്യാന്‍ പീത് പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയ ഇന്ത്യ മുഴുവന്‍ ആദരിക്കുന്ന യു.ര്‍ അനന്തമൂര്‍ത്തിയെ പോലുള്ളവര്‍ മോഡി ഇന്ത്യ ഭരിക്കുന്ന ഭാവിയെ ഭയാശങ്കയോടെ നോക്കിയത് നമ്മള്‍ കണ്ടതാണ്. മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ രാജ്യം വിട്ടുപോകുമെന്ന് വരെ അദ്ദേഹം പറയുകയുണ്ടായി. ഒരു ബ്രാഹ്മണ കുടുംബത്തില്‍ നിന്നാണ് അനന്തമൂര്‍ത്തി വരുന്നത് എന്നുകൂടി ഓര്‍ക്കേണ്ടതാണ്.
സംഘപരിവാര ഭീഷണിയെ തുടര്‍ന്ന് ഇന്ത്യ വിട്ട് പോകേണ്ടി വന്ന ചിത്രകാരന്‍ എം.എഫ് ഹുസൈന്റെ കാര്യവും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. അനന്തമൂര്‍ത്തിക്കും എം.എഫ് ഹുസൈനും തങ്ങളുടെ ഭിന്നാഭിപ്രായം ഉയര്‍ത്തി ഈ രാജ്യത്ത് നിന്ന് പോകാം. എന്നാല്‍ അഭിപ്രായ വ്യത്യാസമുണ്ടായിട്ടും ഈ സാഹചര്യത്തില്‍ കഴിയേണ്ടിവരുന്ന സാധാരണക്കാരന്റെ അവസ്ഥ ദയനീയമാണ്.
ബ്രാഹ്മണ പശ്ചാത്തലത്തില്‍ നിന്നും വന്ന ആദരണീയനായ ഒരു എഴുത്തുകരാന്‍ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ മുറിവേല്‍ക്കുമെന്ന് ഭയന്ന് രാജ്യം വിടുന്ന അവസ്ഥയിലെത്തി നില്‍ക്കുമ്പോള്‍ ഇവിടുത്തെ ന്യൂനപക്ഷമായ ദളിതരുടേയും ആദിവാസികളുടേയും മുസ്‌ലീങ്ങളുടെയും അവസ്ഥ എന്തായിരിക്കും?
മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിക്കാനെത്തിയ നരേന്ദ്ര മോഡിയുടെ സംരക്ഷണത്തിനായി കേരളത്തിലെ മതേതര വാദികള്‍ എന്ന് ഊറ്റം കൊള്ളുന്നവരെ നോക്കുകുത്തികളാക്കി 600 പോലീസുകാരെയാണ് സംസ്ഥാന സര്‍ക്കാര്‍ വിന്യസിച്ചത്.
ഈ മതേതരവാദികളെല്ലാം തന്നെ 40 കളിലും 70 കല്‍ലും കേരളത്തില്‍ നടന്ന വിപ്ലവ പ്രസ്ഥാനങ്ങളില്‍ ഇപ്പോഴും അഭിരമിക്കുന്നവരാണ് എന്നതാണ് ഏറെ രസകരം. യാഥാര്‍ത്ഥ്യമെന്താണെന്ന് വെച്ചാല്‍ ഇവര്‍ക്കൊക്കെ വിപ്ലവം എന്ന് പറയുന്നത് വെറും “ഗൃഹാതുര സ്മരണകള്‍” മാത്രമാണ്. സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ അതിന് എത്രത്തോളം പ്രസക്തിയുണ്ടെന്ന് അവര്‍ ചിന്തിക്കുന്നേയില്ല.
മോഡിയുട വംശഹത്യയെ കുറിച്ചും ഏറെ കൊട്ടിഘോഷിക്കപ്പെട്ട “ഗുജറാത്ത് മോഡല്‍ വികസന” ത്തിന്റെ പൊള്ളത്തരവും നന്നായി അറിയാവുന്നവരാണ് മലയാളികള്‍. ഇപ്പോള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറായ രഘുറാം രാജന്‍ അധ്യക്ഷനായ സമിതി മോഡിയുടെ വികസനം ഊതി വീര്‍പ്പിച്ച ബലൂണാണെന്ന് വ്യക്തമാക്കിയിരുന്നു.
ആ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേവലം പന്ത്രണ്ടാം സ്ഥാനം മാത്രമാണ് ഗുജറാത്തിനുള്ളത്. മോഡി മോഡല്‍ വികസനത്തിനായി എത്ര ഹിന്ദു ഇരകളെ ബലിയാടാക്കി? എന്നതാണ് ഈ അവസരത്തില്‍ ചോദിക്കേണ്ടുന്ന ചോദ്യം.
സാമുദായിക സംഘടനകള്‍ സ്വന്തം സമുദായത്തില്‍ പെട്ടവരോട് കാണിക്കുന്ന ക്രൂരതകള്‍ ആരും തന്നെ രേഖപ്പെടുത്താതെ പോകുന്നു എന്നത് ഖേദകരമാണ്. ഇവര്‍ സ്വന്തം സമുദായത്തില്‍ പെട്ടവരെ എത്രമാത്രം പീഡിപ്പിക്കുന്നുവെന്നതിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകണമെങ്കില്‍ ശരിയായ അന്വേഷണം അനിവാര്യമാണ്. ഇതില്‍ നിന്നും സ്വന്തം താത്പര്യത്തിനായി ഏത് സമൂഹത്തെയാണോ ഈ സംഘം പ്രതിനിധീകരിക്കുന്നത് അവരെ തന്നെ ബലിയാുക്കുന്നുണ്ട് എന്ന് വ്യക്തമാകും.
നര്‍മദാ നദീതീരത്തെ ഹപേശ്വര്‍ ക്ഷേത്രത്തിലെ മനോഹരങ്ങളായ ചുവര്‍ ചിത്രങ്ങല്‍ ഞാന്‍ ഇന്നുമോര്‍ക്കുന്നു. ” a Valley refuses To Die” എന്ന ഡോക്യുമെന്ററിക്ക് വേണ്ടി ഈ ക്ഷേത്രത്തിന്റെ മനോഹാരിത ഞങ്ങള്‍ പകര്‍ത്തിയിരുന്നു. എണ്‍പതുകളുടെ അവസാനത്തിലായിരുന്നു അത്.
അന്ന് ആ ക്ഷേത്രത്തിലെ ഒരു പ്രായം ചെന്ന പുരോഹിതന്‍ തന്ന കിച്ചടിയുടെ രുചി ഇപ്പോഴും വായിലുണ്ട്. നര്‍മദാ ഡാമിനെതിരെയുള്ള പ്രതിഷേധത്തില്‍ ഇദ്ദേഹവും പങ്കെടുത്തിരുന്നു. ഹിന്ദുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന ബി.ജെ.പിയായിരുന്നു സര്‍ദാര്‍ സരോവര്‍ ഡാമിന് വേണ്ടി മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചത്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ അയോധ്യയിലെ ബാബരി മസ്ജിദ് കൂടാതെ ദളിതളുകളുടേയും ആദിവാസികളുടേയും 295 ഓളം ചര്‍ച്ചുകള്‍ പൊളിച്ചതിനൊപ്പമാണിത്.
ആഗോളവത്കരണത്തിന് കീഴിലുള്ള വികസനത്തിന്റെ മറവിലാണ് ഇതൊക്കെ ചെയ്തത്. ഈ ഫാസിസ്റ്റ് ശക്തികളുടെ അജണ്ട വ്യക്തമാണ്, ” ഒരു വശത്ത് രാമ ക്ഷേത്രത്തിന്റെ പേരിലോ ഹിന്ദു സ്‌നേഹത്തിന്റെ പേരിലോ മറ്റ് സമുദായങ്ങളെ ഉന്മൂലനം ചെയ്യുക, മറ്റൊരു വശത്ത് വികസനത്തിന്റെയും ആഗോളവത്കരണത്തിന്റേയും പേരില്‍ സ്വന്തം സമുദായത്തിന്റെ വിശ്വാസങ്ങളേയും ആരാധനാലയങ്ങളേയും തച്ചുടക്കുക!
നരേന്ദ്ര മോഡി നമ്മുടെ മതേതര പരമാധികാര രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയായാല്‍ ആഗോളവത്കരണത്തിന് കീഴിലുള്ള വികസനത്തിന്റെ പേരില്‍ എത്ര ക്ഷേത്രങ്ങള്‍ തകര്‍ന്ന് വീഴുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.
നരേന്ദ്രമോഡിയും സംഘപരിവാരവും പ്രതിനിധീകരിക്കുന്നത് ആധുനിക ഇന്ത്യയിലെ ക്ഷേത്രങ്ങളെയാണോ അതോ ഇന്ത്യയിലെ പ്രാചീന ക്ഷേത്രങ്ങളെയാണോയെന്ന് ഇവരെ കണ്ണടച്ച് വിശ്വസിക്കുന്നവര്‍ ചിന്തിക്കേണ്ടതുണ്ട്. രാജ്യത്തെ ഹിന്ദുക്കള്‍ ഉണര്‍ന്നെണീറ്റ് സത്യം തിരിച്ചറിയേണ്ട സമയമാണിത്!