ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസ് സൗത്ത് ആഫ്രിക്കയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്.
വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിരയില്‍ റോസ്റ്റണ്‍ ചെയ്‌സ് 42 പന്തില്‍ 52 റണ്‍സ് നേടി നിര്‍ണായകമായി. മൂന്ന് ഫോറുകളും രണ്ട് സിക്സുമാണ് ചെയ്സിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 34 പന്തില്‍ 35 റണ്‍സ് നേടിയ കൈല്‍ മയേഴ്സും മികച്ച പ്രകടനം നടത്തി.
സൗത്ത് ആഫ്രിക്കയുടെ ബൗളിങ്ങില്‍ തബ്രായിസ് ഷംസി മൂന്ന് വിക്കറ്റും മര്‍ക്രം, മാര്‍ക്കോ ജാന്‍സന്‍, കാഗിസോ റബാദ, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ ക്വിന്റന്‍ ഡി കോക്കിനേയും റീസ ഹെന്‍ട്രിക്‌സിനേയും സൗത്ത് ആഫ്രിക്കയ്ക്ക് നഷ്ടമായി. രണ്ടാം ഓവര്‍ എറിഞ്ഞ ആന്ദ്രേ റസലിന്റെ ആദ്യ പന്തില്‍ തന്നെ നിക്കോളാസ് പൂരന് ക്യാച്ച് നല്‍കി റീസയും ആ ഓവറില്‍ തന്നെ അവസാന പന്തില്‍ ഷര്‍ഫാനെ റൂഥര്‍ഫോര്‍ഡിന് ക്യാച്ച് നല്‍കി ഡികോക്കും പുറത്തായി.
തന്റെ ആദ്യ ഓവറിലെ ഈ രണ്ടു വിക്കറ്റുകള്‍ നേടിയതിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് റസല്‍ സ്വന്തമാക്കിയത്. ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമായി മാറാനാണ് റസലിന് സാധിച്ചത്. 29 വിക്കറ്റുകളാണ് റസല്‍ നേടിയത്. 27 വിക്കറ്റുകള്‍ നേടിയ മുന്‍ താരം ഡെയ്ന്‍ ബ്രാവോയെ മറികടന്നുകൊണ്ടാണ് റസല്‍ ഈ നേട്ടം കൈപ്പിടിയിലാക്കിയത്.