ഫെമിനിസത്തെയും ഫെമിനിസ്റ്റുകളെയും അപമാനിക്കുന്ന തരത്തിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്‌തെന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി അവതാരകയും കോമേഡിയനുമായ സുബി സുരേഷ്. ഒരു വിവാദത്തിന് വഴിവെക്കേണ്ട എന്നു കരുതിയാണ് ഫോട്ടോ ഡിലീറ്റ് ചെയ്തതെന്നു സുബി സുരേഷ് ഫേസ്ബുക്കിലെഴുതി.
കണ്ണടയും ചുവന്ന പൊട്ടും മൂക്കുത്തിയും കഴുത്തില്‍ ഷാളും ധരിച്ചുള്ള ഫോട്ടോയായിരുന്നു സുബി സുരേഷ് നേരത്തെ പങ്കുവെച്ചിരുന്നത്. മലയാളത്തിലെ നടന്മാരുടെ കാരിക്കേച്ചറുകള്‍ തൂക്കിയ ചുമരിന് മുന്നില്‍ നിന്നായിരുന്നു ഈ ഫോട്ടോ.
ഫോട്ടോയ്ക്ക് ചിരിക്കുന്ന സ്‌മൈലിയോടൊപ്പം ഫെമിനിസ്റ്റ് എന്ന ക്യാപ്ഷനും സുബി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സുബിക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നത്.
നേരത്തെ, സിനിമാലോകത്ത് സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ചും മലയാള സിനിമകളിലെ സ്ത്രീവിരുദ്ധതയെ കുറിച്ചുമെല്ലാം സംസാരിച്ചുകൊണ്ട് നടികള്‍ രംഗത്തെത്തിയതിന് പിന്നാലെ ഇവരെ ഫെമിനിച്ചികള്‍ എന്ന് വിളിച്ചുകൊണ്ട് സൈബര്‍ ആക്രമണം നടന്നിരുന്നു.
സ്ത്രീകളെയും തുല്യതയെയും കുറിച്ച് സംസാരിക്കുന്ന ഫെമിനിസ്റ്റുകളെ തരംതാഴ്ത്തി സംസാരിക്കാനായി ഇവരുടെ വസ്ത്രധാരണം ഉപയോഗിച്ചിരുന്നു. കണ്ണടയും പൊട്ടും ഷാളും ധരിച്ചാല്‍ ഫെമിനിസ്റ്റായി എന്നാണ് വിചാരം എന്നായിരുന്നു അന്ന് വന്നിരുന്ന കമന്റുകള്‍.
ഈ പ്രവണത ഇപ്പോഴും ശക്തമായി തുടരുന്നതിനിടെയാണ് സുബിയുടെ ഫോട്ടെയത്തിയത്. ഇത് ഫെമിനിസ്റ്റുകളെ അപമാനിക്കലാണെന്ന കമന്റുകളും അതിനൊപ്പം ഫെമിനിസ്റ്റാകാന്‍ ഇറങ്ങി തിരിച്ചവരെ വെച്ചുപൊറുപ്പിക്കില്ലെന്ന കമന്റുകളും വന്നിരുന്നു.
പിന്നാലെയാണ് സുബി ഫോട്ടോയും പോസ്റ്റും ഡിലീറ്റ് ചെയ്യുകയും വിശദീകരണവുമായി വരികയും ചെയ്തത്. ‘കൈരളി ചാനലില്‍ ഞാന്‍ ചെയ്യുന്ന കോമഡി തില്ലാന എന്ന പ്രോഗ്രാമിലെ ഒരു ക്യാരക്ടര്‍ ഫോട്ടോയാണിത്. വെറുതേ ‘ഫെമിനിസ്റ്റ്’ എന്ന് ക്യാപ്ഷനും ഇട്ടു. പിന്നെ ഒന്നും പറയേണ്ട.
പലരും പല രീതിയിലാണ് ഈ പോസ്റ്റിനെ വ്യാഖ്യാനിച്ചത്. ഉള്ളതു പറയാമല്ലോ എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന് ഗാഢമായ അറിവുമില്ല. വെറുതേ ഒരു വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്,’ സുബി പറഞ്ഞു.