സവാദിന് സ്വീകരണം നല്‍കുന്നവര്‍ ഒരു തരം തീവ്രവാദികളാണ്
DISCOURSE
സവാദിന് സ്വീകരണം നല്‍കുന്നവര്‍ ഒരു തരം തീവ്രവാദികളാണ്
അനന്തു രാജ്
Monday, 5th June 2023, 6:17 pm
സാമൂഹിക മാധ്യമത്തിലൂടെ സംവരണത്തെയും ഫെമിനിസത്തെയും ക്വീര്‍ രാഷ്ട്രീയത്തെയുമൊക്കെ നിരന്തരം കുറ്റം പറയുകയും, പൊതുവിടങ്ങളില്‍ തങ്ങളുടെ അധികാരപ്രയോഗങ്ങള്‍ ആരോപണങ്ങളായും, കൈക്രിയ മുതല്‍ പലതരം ലൈംഗിക ചേഷ്ടകളായും നടത്തിക്കൊണ്ടും ഇവര്‍ തങ്ങളുടെ കിനാശേരിയെ നിര്‍മിക്കാനുള്ള ശ്രമത്തിലാണ്.

അരികുവല്‍കൃത (Marginalised) ശരീരങ്ങളും, വിഭാഗങ്ങളും സമൂഹത്തില്‍ തുല്യ അന്തസ് ആര്‍ജിച്ചതിലും, കാലാ-കാലങ്ങളായി കഴുത്തില്‍ കെട്ടിത്തൂക്കി നടന്ന വിശേഷാധികാരങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതിലും വലിയ അമര്‍ഷമുള്ള ഒരുപിടി മനുഷ്യരുടെ കൂട്ടമാണ് കഴിഞ്ഞ ദിവസം സവാദിന് സ്വീകരണം നല്‍കിയ മെന്‍സ് റൈറ്റ്‌സ് അസോസിയേഷന്‍ എന്ന് പറയുന്നത് പോലെയുള്ളവ.

സവാദിനെ പോലെ അംഗത്വം എടുത്തതും, എടുക്കാത്തതുമായ ധാരാളം സ്ലീപ്പര്‍ സെല്ലുകള്‍ ഇക്കൂട്ടര്‍ക്ക് ഉണ്ട്. ഒരുതരം തീവ്രവാദികള്‍ തന്നെയാണ് ഇവര്‍. സാമൂഹിക മാധ്യമത്തിലൂടെ സംവരണത്തെയും ഫെമിനിസത്തെയും ക്വീര്‍ രാഷ്ട്രീയത്തെയുമൊക്കെ നിരന്തരം കുറ്റം പറയുകയും, പൊതുവിടങ്ങളില്‍ തങ്ങളുടെ അധികാരപ്രയോഗങ്ങള്‍ ആരോപണങ്ങളായും(പിങ്ക് പൊലീസ് വിഷയത്തില്‍ ഉണ്ടായത് പോലെ), കൈക്രിയ മുതല്‍ പലതരം ലൈംഗിക ചേഷ്ടകളായും നടത്തിക്കൊണ്ടും ഇവര്‍ തങ്ങളുടെ കിനാശേരിയെ നിര്‍മിക്കാനുള്ള ശ്രമത്തിലാണ്.

ഇവരാരും തന്നെ ഒറ്റരാത്രിയില്‍ ഉണ്ടായി വന്നവരല്ല. നിരന്തരം തെറ്റിദ്ധരിപ്പിച്ചുകൊണ്ടും, തെറ്റായി കാര്യങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടും ഒരുപാട് വര്‍ഷം കൊണ്ട് ഉണ്ടാക്കിയ ചിന്താപദ്ധതിയുടെ സൃഷ്ടികളും വക്താക്കളുമാണ് ഇവര്‍. അതുകൊണ്ടാണല്ലോ തുല്യത, അവകാശം എന്നൊക്കെ ഇവര്‍ ഉച്ചത്തില്‍ പറയുന്നത്. തുല്യ ഇടത്ത് നിന്ന് വരുന്നവര്‍ക്കാണ് തുല്യത എന്നും സാമൂഹിക മൂലധനം കൂടുതല്‍ ഉള്ളവരെയും മൂലധനം ഇല്ലാത്തവരെയും തുല്യരായി പറയുന്നതില്‍ പ്രശ്‌നമുണ്ടെന്നും അവര്‍ മനസിലാക്കുന്നില്ല. അത് ഇക്കൂട്ടരെ പഠിപ്പിക്കുക തന്നെ വേണം.

സവാദിന് ലഭിച്ച സ്വീകരണം അത്യന്തം അപകടകരമായ സാഹചര്യത്തെ ഇപ്പോള്‍ നിര്‍മിച്ചിരിക്കുകയാണ്. നിയമസംവിധാന-ഭരണകൂട ഇടപെടല്‍ ഇവര്‍ക്ക് എതിരെ ഉണ്ടാവാത്തതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതിനും അതോടൊപ്പം പൊതുവിടങ്ങളില്‍ ഉണ്ടാവുന്ന ലൈംഗിക ആക്രമണങ്ങള്‍ക്ക് എതിരെ നില്‍ക്കാനുള്ള സ്ത്രീകളുടെ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യും. ഫ്രാങ്കോ മുളക്കലിന്റെ സ്വീകരണം മുതല്‍ ഇത്തരമൊരു സാധ്യത ഉണ്ടായിരുന്നെങ്കിലും കാര്യങ്ങള്‍ ഇപ്പോഴാണ് ‘പൊതുവിന്റെ’ ഭാഗമാവുന്നത്.

സാമൂഹിക മാധ്യമത്തിന്റെ വരവോട് കൂടി കേരളം കുറച്ചെങ്കിലും ആര്‍ജിച്ച ചില രാഷ്ട്രീയ ബോധ്യങ്ങള്‍ ഇത് ഇല്ലാതാക്കുമെന്ന് തോന്നുന്നു. ‘പൊതുവിടത്തിലെ വസ്ത്രധാരണം പീഡനത്തിലേക്ക് നയിച്ചു എന്ന കാരണനിര്‍മാണത്തില്‍ നിന്ന് സമൂഹം സോഷ്യല്‍ മീഡിയയിലെ വസ്ത്രം കാരണം പീഡനം ഉണ്ടായി എന്ന് പറയുന്നതിലേക്ക് ഇപ്പോള്‍ എത്തിപ്പെട്ടു’.

മാധ്യമങ്ങള്‍ ദൃശ്യങ്ങളും, സംഭവങ്ങളും പകര്‍ത്തുന്നതിലുപരി ഇത്തരം വിഷയങ്ങളില്‍ വ്യക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം പറയുകയും, സര്‍ക്കാരും മറ്റ് സംവിധാനങ്ങളും ഇതില്‍ നിലപാട് അറിയിക്കുകയും പൊതുജനങ്ങളെ ബോധ’വാന്‍’മാരാക്കുകയുമാണ് ഈ സാഹചര്യത്തില്‍ വേണ്ടത്. ഒരു പരിധി വരെ അത് ആളുകളെ സ്വാധീനിക്കും. അതോടൊപ്പം ശക്തമായ എഴുത്ത്, ബൗദ്ധിക ഇടപെടല്‍ ഇവിടെ ആവശ്യമുണ്ട്.

മുമ്പ് പറഞ്ഞതുപോലെ സവാദ് വിഷയത്തോടൊപ്പം ചിലപ്പോള്‍ അതിലുപരി സവാദിന്റെ സ്വീകരണത്തെയാണ് നമ്മള്‍ ഇവിടെ അപകടകരമായി കാണേണ്ടത്. കാരണം ജയില്‍ സംവിധാനമെന്ന കറക്റ്റീവ് മെഷറിന്റെ ലക്ഷ്യത്തെ തന്നെ റദ്ദ് ചെയ്യുകയാണ് സ്വീകരണത്തിലൂടെ മെന്‍സ് അസോസിയേഷന്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിയമസംവിധാനത്തെയും, സ്റ്റേറ്റിന്റെ കയ്യിലുള്ള ഉള്ള ടൂളുകളെയും വളരെ അനായാസം ഇവര്‍ മറികടന്നിരിക്കുകയാണ്. ജനാധിപത്യ വിശ്വാസികളായ മനുഷ്യരുടെയും, സിവില്‍ സമൂഹത്തിന്റെ ഇടപെടല്‍ ഏറ്റവും അനിവാര്യമായ സാഹചര്യത്തിലേക്ക് നമ്മള്‍ എത്തിപ്പെട്ടിരിക്കുകയാണ്. വെടിക്കൊപ്പുകളെക്കാള്‍ മാരകമായ ചിന്താധാരയായി അവര്‍ മാറിതുടങ്ങിയിരിക്കുന്നു.

Content Highlight: anandhu raj’s write up about men’s association and savad

അനന്തു രാജ്
യുവ എഴുത്തുകാരന്‍