മൂന്ന് അടി ചോദിച്ച് വാമനന്‍; കെട്ടിയിട്ട് തല്ലുമാല; വൈറലായി മരണമാസ് മാവേലി
Film News
മൂന്ന് അടി ചോദിച്ച് വാമനന്‍; കെട്ടിയിട്ട് തല്ലുമാല; വൈറലായി മരണമാസ് മാവേലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th September 2022, 12:17 pm

സമീപ കാലങ്ങളിലായി ഓണത്തിന്റെ ഭാഗമായി വര്‍ഷങ്ങളായി പിന്തുടര്‍ന്ന് വന്ന പല രീതികളും തിരുത്തപ്പെടുകയാണ്. വെളുത്ത മാവേലി സങ്കല്‍പത്തെ മാറ്റി കറുത്ത ബലിഷ്ഠമായ ശരീരത്തോട് കൂടിയുള്ള മാവേലി പുനസ്ഥാപിക്കപ്പെട്ടു. മാവേലി ദ്രാവിഡ വംശത്തിലെ അസുര രാജാവാണെന്ന് ഓര്‍മിപ്പിക്കുന്ന മാറ്റങ്ങളാണ് ഓരോ വര്‍ഷവും വന്നുകൊണ്ടിരുന്നത്.

ഈ വര്‍ഷം ഓണത്തിന് ഓണത്തിന്റെ ഐതിഹ്യത്തെ തന്നെ ഭാവാനാത്മകമായി പൊളിച്ചെഴുതുന്ന ആനിമേഷന്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. മൂന്ന് അടി മണ്ണ് ചോദിച്ച വാമനന് കെട്ടിയിട്ട് മൂന്ന് തല്ല് കൊടുക്കുന്ന മാവേലിയെയാണ് വീഡിയോയില്‍ കാണുന്നത്.

തളര്‍ന്ന് വീണ വാമനന് മേല്‍ ഒരുപിടി മണ്ണും വാരിയിട്ട് കൂളിങ് ഗ്ലാസ് വെച്ച് മരണമാസായാണ് മാവേലി ഒടുവില്‍ നടന്നുപോകുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

കാര്‍മണ്ട് ഇന്‍ഫിനിറ്റി എന്ന യൂട്യൂബ് ചാനലിലാണ് വ്യത്യസ്ത ആശയവുമായി മാവേലിയുടെയും വാമനന്റെയും വീഡിയോ വന്നത്. വിശാഖ് പി.കെ. സംവിധാനം ചെയ്ത വീഡിയോയുടെ ആനിമേഷന്‍ നിര്‍വഹിച്ചിരിക്കുന്നത് അനന്തു അജിത്ത്, കടലാസ്‌മേഷന്‍, നോവ പോള്‍ എന്നിവര്‍ ചേര്‍ന്നാണ്.

സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല കാമ്പസുകളിലും ഓണത്തിന്റെ പരമ്പരാഗത രീതികളെ മാറ്റിയെഴുതിയിരുന്നു. ഇത്തവണ പല കാമ്പസുകളും അസുര രാജാവായ മഹാബലിയെ ആണ് അവതരിപ്പിച്ചത്. കറുത്ത് മെലിഞ്ഞ മാവേലിയെയാണ് കാമ്പസുകളിലെ ഓണാഘോഷ പരിപാടികളുടെ പോസ്റ്ററുകളില്‍ കണ്ടത്.

Content Highlight: An animated video that imaginatively deconstructs the legend of Onam is gaining attention on social media