കൊല്ലം: നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് വീണ് കൊല്ലം അയത്തിലില്‍ അപകടം. ഹൈവേ വികസനത്തിന്റെ ഭാഗമായി ചൂരാങ്കല്‍ പാലത്തിന് സമീപം നിര്‍മാണം നടക്കുന്ന പാലമാണ് തകര്‍ന്നത്.
പാലം തകരാനിടയായ കാരണം എന്താണെന്നതിൽ വ്യക്തതയില്ല. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാലത്തില്‍ കോണ്‍ക്രീറ്റ് ജോലി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പാലത്തിന്റെ മധ്യഭാഗം തകർന്ന് താഴേക്ക് ഇരിക്കുകയായിരുന്നു. ഇന്ന് (വ്യാഴാഴ്ച) ഉച്ചയോടെയാണ് പാലം തകര്‍ന്നത്.
അപകടം നടന്ന സമയം നിര്‍മാണ തൊഴിലാളികള്‍ പാലത്തിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കുകളില്ല. പാലം തകരുന്നുവെന്ന് മനസിലാക്കിയ തൊഴിലാളികള്‍ സ്ഥലത്ത് നിന്ന് ഓടി മാറുകയായിരുന്നു. പാലം തകരുന്ന സമയത്ത് തൊഴിലാളികള്‍ ഓടി രക്ഷപ്പെടുന്നതായി കണ്ടുവെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം കൊല്ലം ജില്ലയില്‍ ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ പാലം തകർന്നുള്ള അപകടമാണ് അയത്തിലിലേത്.
നേരത്തെ കൊല്ലം ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ പില്ലര്‍ ക്യാപ് തകര്‍ന്ന് രണ്ട് അതിഥി തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കൊല്ലം ബൈപാസില്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ക്യാപ്പുകള്‍ നിര്‍മിക്കുന്നതിനിടെയാണ് അപകടം നടന്നത്.
അപകടത്തില്‍ വെല്‍ഡിങ് ജോലിയിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ഈ ഭാഗത്ത് പാലം പണിക്കായി കായലിലേക്ക് മണ്ണിറക്കിയത് അപകടത്തിന് കാരണമായെന്നായിരുന്നു വിലയിരുത്തല്‍.
തുടര്‍ന്ന് പാലം നിര്‍മിക്കുമ്പോള്‍ മേല്‍നോട്ടം വഹിക്കേണ്ട ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലായിരുന്നുവെന്നും കരാര്‍ ഏറ്റെടുത്ത കമ്പനി തൊഴിലാളികള്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
Content Highlight: An accident occurred when the bridge under construction collapsed in Kollam