ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍-32 സഞ്ചാര വിമാനം കാണാതായി; വിമാനത്തിലുണ്ടായിരുന്നത് അഞ്ചു യാത്രക്കാരുള്‍പ്പടെ 13 പേര്‍
India
ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍-32 സഞ്ചാര വിമാനം കാണാതായി; വിമാനത്തിലുണ്ടായിരുന്നത് അഞ്ചു യാത്രക്കാരുള്‍പ്പടെ 13 പേര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2019, 5:31 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍-32 സഞ്ചാര വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു.  അസമിലെ ജോര്‍ഹത്തില്‍ നിന്ന് ഉച്ചയ്ക്ക് 12:25 ഓടെ പുറപ്പെട്ട വിമാനം കാണാതാവുന്നത് അരുണാചല്‍ പ്രദേശില്‍ വെച്ചാണ്.

‘ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രതല കേന്ദ്രവും വിമാനവും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടത്. അതിന് ശേഷം പിന്നീട് വിമാനത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. വിമാനം എയര്‍ഫീല്‍ഡില്‍ എത്താത്തതിനാല്‍ വേണ്ട നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്’- ഇന്ത്യന്‍ എയര്‍ ഫോഴ്‌സുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.

വിമാനത്തില്‍ എട്ടു ക്രൂ അംഗങ്ങളെ കൂടാതെ അഞ്ചു യാത്രക്കാരും ഉണ്ട്. ലഭ്യമായ എല്ലാ സംവിധാനങ്ങളും വിമാനം കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സുഖോയ്-30 എം.കെ.ഐ, സി-130 സ്‌പെഷ്യല്‍ എയര്‍ക്രാഫ്റ്റ് എന്നിവ വിമാനം കണ്ടെത്താനായുള്ള ശ്രമത്തിലാണെന്ന് ഒദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

അന്റോണോവ് എ.എന്‍-32 1984 മുതല്‍ ഇന്ത്യന്‍ വ്യോമ സേന ഉപയോഗിച്ചു വരുന്ന വിമാനമാണ്. മികച്ച കാര്യക്ഷമതയുള്ള എ.എന്‍-32 ദീര്‍ഘകാല ഉപേയാഗത്തിന് പ്രത്യേകം രൂപകല്‍പന ചെയ്തതാണ്.

image credits: AP