മുംബൈ: മഹാരാഷ്ട്രയില്‍ അജിത് പവാറും എട്ട് എം.എല്‍.എമാരും എന്‍.സി.പിയില്‍ നിന്ന് കൂറുമാറി ഒരു ദിവസം പിന്നിടവേ ശരദ് പവാര്‍ പക്ഷത്തേക്ക് തിരികെ വരുമെന്ന സൂചന നല്‍കി എം.പി അമോല്‍ കോല്‍ഹേ. പൂനെയിലെ ഷിരൂര്‍ മണ്ഡലത്തിലെ എം.പിയായ അമോല്‍ ശരദ് പവാറിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള വീഡിയോ ട്വീറ്റ് ചെയ്താണ് താന്‍ തിരിച്ച് വരുന്നുവെന്ന് സൂചിപ്പിച്ചിരിക്കുന്നത്.
ശരദ് പവാര്‍ എന്ത് പറയുന്നുവോ അതാണ് തന്റെ അവസാന വാക്കെന്നാണ് അദ്ദേഹം പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.
‘ബുദ്ധിയും മനസും തമ്മില്‍ കലഹിക്കുമ്പോള്‍ നിങ്ങളുടെ മനസ് എന്ത് പറയുന്നുവോ അത് കേള്‍ക്കുക. ചില സമയങ്ങളില്‍ ബുദ്ധി ധര്‍മത്തെ കുറിച്ച് ചിന്തിക്കാറില്ല. പക്ഷേ മനസ് അങ്ങനെയല്ല,’ എന്ന ക്യാപ്ഷനോട് കൂടിയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഞായറാഴ്ച അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ അമോല്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് എന്‍.സി.പിയെയാണോ, ബി.ജെ.പിയെയാണോ പിന്തുണക്കുകയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു അദ്ദേഹം.
രാജ്യസഭയിലെയും ലോക്‌സഭയിലെയും മൂന്ന് എം.പിമാര്‍ വീതം ഇപ്പോഴും തങ്ങള്‍ക്കുണ്ടെന്ന് എന്‍.സി.പി സംസ്ഥാന വക്താവ് മഹേഷ് താപ്‌സെയും പറഞ്ഞു.
‘ഞങ്ങള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ അടക്കം നാല് രാജ്യസഭ എം.പിമാരുണ്ട്. കൂടാതെ നാല് ലോക്‌സഭ എം.പിമാരുമുണ്ട്. ആകെയുള്ള എട്ടില്‍ രണ്ട് പേര്‍ മാത്രമേ അവര്‍ക്കൊപ്പം പോയിട്ടുള്ളൂ. ആറ് എം.പിമാരും ഞങ്ങളുടെ പക്ഷത്താണ്,’ അദ്ദേഹം പറഞ്ഞു.
നേരത്തെ എന്‍.സി.പി നേതാക്കളായ സുനില്‍ തത്കരെ എം.പിയെയും, പ്രഫുല്‍ പട്ടേല്‍ എം.പിയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ശരദ് പവാര്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇരുവരെയും പുറത്താക്കിയ കാര്യം അറിയിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇരുവരെയും പുറത്താക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
‘ദേശീയ അധ്യക്ഷന്‍ എന്ന നിലയില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സുനില്‍ തത്കരെയെയും പ്രഫുല്‍ പട്ടേലിനെയും അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നു,’ അദ്ദേഹം പറഞ്ഞു.