ഐ.പി.എല്‍ 9-ാം സീസണില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന കിംഗ്‌സ് ഇലന്‍ പഞ്ചാബ് ടീമിലേക്ക് ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല വരുന്നു. പരിക്കേറ്റ് ഐ.പി.എല്ലില്‍ നിന്നും പിന്മാറിയ പഞ്ചാബ് താരം ഷോണ്‍ മാര്‍ഷിന് പകരക്കാരനായാണ് അംല ഇതാദ്യമായി ഐ.പി.എല്‍ ജെഴ്‌സി അണിയാന്‍ ഒരുങ്ങുന്നത്. പ്രമുഖ ക്രിക്കറ്റ് വെബ് പോര്‍ട്ടറായ ഇ.എസ.്പി.എന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉദര രോഗത്തെ തുടര്‍ന്നാണ് ഷോണ്‍ മാര്‍ഷ് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയത്.
സ്ഥിരതയുടെ പര്യായമായി വാഴ്ത്തപ്പെടുന്ന ദക്ഷിണാഫ്രിക്കക്കാരന്റെ ഐ.പി.എല്ലിലെ അരങ്ങേറ്റം കൂടിയാവും ഇത്. ഐ.പി.എല്‍ ലേലത്തില്‍ ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ഒരു ടീമും ലേലത്തില്‍ പിടിച്ചിരുന്നില്ല. ട്വന്റി 20 ലോകകപ്പില്‍ 4 മത്സരങ്ങളില്‍ നിന്ന് 134.83 ശരാശരിയില്‍ 120 റണ്‍സ് നേടിയ അംല മികച്ച ഫോമിലായിരുന്നു
ഏകദിനത്തില്‍ ഏറെ നാള്‍ ലോക ഒന്നാം റാങ്ക് സ്വന്തമാക്കിയ താരമാണ് അംല. 37 അന്താരാഷ്ട്ര ട്വന്റി20 കളിച്ചിട്ടുളള ഈ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ 31.5 ശരാശരിയില്‍ 1008 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 97 റണ്‍സാണ് മികച്ച സ്‌കോര്‍. ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ രണ്ട് അര്‍ധ സെഞ്ച്വറി അടക്കം 120 റണ്‍സ് അംല നേടിയിരുന്നു.
ഈ സീസണില്‍ കിങ്‌സ് ഇലവന്‍ ആഗ്രഹിച്ച പോലെയായിരുന്നില്ല കാര്യങ്ങള്‍. കളിച്ച ഏഴു മത്സരങ്ങളില്‍ അഞ്ചും തോറ്റു. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മൂലം ഹോം ഗ്രൗണ്ട് മാറ്റേണ്ടിയും വന്നു. ഏറ്റവും ഒടുവിലായി ഫോമിലുള്ള ഷോണ്‍ മാര്‍ഷ് പരിക്കേറ്റ് പുറത്തും. ഇനിയുള്ള ഓരോ മത്സരവും നിര്‍ണായകമാണെന്നിരിക്കെ അംലയുടെ വരവോടെ ഇതിനു പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് പ്രീതി സിന്റയും സംഘവും.