പ്രധാനമന്ത്രി പദത്തിലെത്താന്‍ അമിത് ഷായ്ക്ക് മുന്‍പില്‍ ഒരേ ഒരു വെല്ലുവിളിയേ ഉള്ളൂ, അത് മോദിയല്ല: കെജ്‌രിവാൾ 
India
പ്രധാനമന്ത്രി പദത്തിലെത്താന്‍ അമിത് ഷായ്ക്ക് മുന്‍പില്‍ ഒരേ ഒരു വെല്ലുവിളിയേ ഉള്ളൂ, അത് മോദിയല്ല: കെജ്‌രിവാൾ 
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th May 2024, 1:37 pm

ന്യൂദല്‍ഹി: മോദിക്ക് 75 വയസ്സ് തികയുമ്പോള്‍, അമിത് ഷാ പ്രധാനമന്ത്രിയാകുമെന്ന വാദം വീണ്ടും ആവര്‍ത്തിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നേരത്തെയും കെജ്‌രിവാൾ  ഈ പരാമര്‍ശം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ മോദി വിരമിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും, ആ വിഷയത്തില്‍ ബി.ജെ.പി ക്ക് കണ്‍ഫ്യൂഷന്‍ ഒന്നുമില്ലെന്നുമായിരുന്നു അമിത് ഷായുടെ മറുപടി.

‘അമിത് ഷാക്ക് പ്രധാനമന്ത്രിയാകാന്‍ കളമൊരുങ്ങിക്കഴിഞ്ഞു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ശിവരാജ് സിംഗ് ചൗഹാന്‍, ഡോ. രമണ്‍ സിംഗ്, വസുന്ധര രാജെ, മനോഹര്‍ ലാല്‍ ഖട്ടര്‍, ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങി മുന്നിലുള്ള എല്ലാ വെല്ലുവിളികളെയും ബി.ജെ.പി മാറ്റിനിര്‍ത്തിയിട്ടുണ്ട്. ഇനി പ്രധാനമന്ത്രി പദത്തിലേക്കുള്ള വെല്ലുവിളിയായി മുന്നിലുള്ളത് യോഗി ആദിത്യനാഥ് മാത്രമാണ്. എന്നാല്‍ ആ പ്രശ്‌നവും വൈകാതെ പരിഹരിക്കും,’ കെജ്‌രിവാൾ പറഞ്ഞു.

വീണ്ടും അധികാരത്തില്‍ വന്നാല്‍ സംവരണം അവസാനിപ്പിക്കുകയാണ് ബി.ജെ.പിയുടെ പദ്ധതിയെന്ന് കെജ്‌രിവാള്‍ പറഞ്ഞു. 2025ല്‍ നരേന്ദ്രമോദിക്ക് 75 വയസ്സ് തികയുമെന്നും 75 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും ഭരണം പിടിക്കാന്‍ കഴിയില്ലെന്നും കെജ്‌രിവാൾ കൂട്ടിച്ചേര്‍ത്തു.

അതേസമയം ബി.ജെ.പി യില്‍ ഇത് സംബന്ധിച്ച് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും, പുറത്തു നിന്നുള്ളവരാണ് നുണപ്രചരണങ്ങള്‍ നടത്തുന്നതെന്നും അമിത് ഷാ പറഞ്ഞു. മോദി 2029 ല്‍ വിരമിക്കുമെന്നും, അതു കഴിഞ്ഞാലും പാര്‍ട്ടിയെ അദ്ദേഹം തന്നെ നയിക്കുമെന്നും അമിത് ഷാ പറഞ്ഞു.

‘മോദിജിക്ക് 75 വയസ്സ് തികയുന്നതില്‍ നിങ്ങള്‍ക്ക് സന്തോഷിക്കാന്‍ ഒന്നുമില്ലെന്നാണ് അരവിന്ദ് കെജ്‌രിവാളിനോടും കൂട്ടരോടും എനിക്ക് പറയാനുള്ളത്. അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്ന് ബി.ജെ.പിയുടെ ഭരണഘടനയില്‍ ഒരിടത്തും എഴുതിയിട്ടില്ല. അദ്ദേഹം പ്രധാനമന്ത്രിയായി കാലാവധി പൂര്‍ത്തിയാക്കും. പാര്‍ട്ടിയില്‍ ഒരു തരത്തിലുമുള്ള ആശയക്കുഴപ്പവുമില്ല,’ അമിത് ഷാ പറഞ്ഞു.

Content Highlight:  Amit Shah vs Arvind Kejriwal on when PM Narendra Modi will retire