ന്യൂദല്‍ഹി: കര്‍ഷകരുമായി ഇന്ന് നടക്കാനിരിക്കുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായി കേന്ദ്രകാര്‍ഷികമന്ത്രി നരേന്ദ്ര തോമറും കേന്ദ്ര റെയില്‍വേമന്ത്രി പീയുഷ് ഗോയലും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തി. ഏതാണ്ട് രണ്ട് മണിക്കൂറോളമാണ് അമിത് ഷായും തോമറും ഗോയലും കൂടിക്കാഴ്ച നടത്തിയത്.
ഇന്ന് നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ കേന്ദ്രത്തെ പ്രതിനിധീകരിച്ച് തോമറും പീയുഷ് ഗോയലും കേന്ദ്ര വാണിജ്യ വ്യാവസായ സഹമന്ത്രി സോം പ്രകാശുമാണ് എത്തുക.
കേന്ദ്രത്തിനെ സംബന്ധിച്ച് ഇന്ന് നടക്കാനിരിക്കുന്ന ചര്‍ച്ച വളരെ നിര്‍ണായകമാണ്. ഇനിയൊരു ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടെടുത്ത കര്‍ഷകര്‍ കേന്ദ്രത്തിന്റെ നിരന്തരമുള്ള അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെയാണ് ഒരുവട്ടം കൂടി ചര്‍ച്ചയ്ക്ക് തയ്യാറായത്.
ആദ്യം ചൊവ്വാഴ്ചയായിരുന്നു ചര്‍ച്ച വെച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച വൈകുന്നരേം ചര്‍ച്ച മാറ്റുകയായിരുന്നു.
ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും തങ്ങളുടെ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടിലാണ് കര്‍ഷകര്‍.
ഡിസംബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ അവസാനമായി ചര്‍ച്ച നടത്തിയിരുന്നത്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ നേരത്തെ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഭേദഗതികളെപ്പറ്റി ആലോചിക്കാമെന്നും താങ്ങുവിലയില്‍ ചില ഉറപ്പുകള്‍ നല്‍കാമെന്നുമായിരുന്നു കേന്ദ്രം ആവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു.
നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും കേന്ദ്രം പലതവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കര്‍ഷകര്‍ വീണ്ടും ചര്‍ച്ചക്ക് തയ്യാറായിരിക്കുന്നത്. ഈ ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക