ന്യൂദല്‍ഹി: ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീഡിയോ ട്വീറ്റ് ചെയ്ത് ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യയ്‌ക്കെതിരെ പ്രതിഷേധമുയരുന്നു.
ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയും മറ്റൊരു വ്യക്തിയും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയിലുള്ളത്. തനിക്ക് നേരേയുണ്ടായ ലൈംഗികാതിക്രമത്തെ ചെറുക്കാന്‍ ശ്രമിച്ചെന്നും അപ്പോള്‍ പ്രതികള്‍ തന്റെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി പറയുന്ന വീഡിയോയാണ് മാളവ്യ ട്വീറ്റ് ചെയ്തത്.
‘എ.എം.യു ന് പുറത്തുവെച്ച് ഒരു റിപ്പോര്‍ട്ടറോട് ഹാത്രാസിലെ പെണ്‍കുട്ടി നടത്തുന്ന സംഭാഷണമാണിത്. തന്നെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് അവര്‍ പറയുന്നു. കുറ്റകൃത്യത്തിന്റെ ക്രൂരതയില്‍ നിന്ന് ഒഴിഞ്ഞുമാറുകയല്ല. മറിച്ച് അതിനെ വര്‍ണ്ണിക്കുന്നതും മറ്റൊരു ഗുരുതരകൃത്യമാണ്’- ഇതായിരുന്നു മാളവ്യയുടെ ട്വീറ്റ്. ഇതോടൊപ്പം പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടില്ലെന്നും ട്വീറ്റില്‍ മാളവ്യ ആരോപിച്ചിരുന്നു.
അതേസമയം ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം പങ്കുവെച്ചത് നിയമവിരുദ്ധമാണെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 228എ(1) വകുപ്പ് പ്രകാരം ലൈംഗികാതിക്രമം ചെയ്യപ്പെട്ട വ്യക്തിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഈ നിയമത്തെ മറികടന്നാണ് അമിത് മാളവ്യയുടെ ട്വീറ്റെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഹാത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഫോറന്‍സിക് രേഖകളില്‍ നിന്ന് വ്യക്തമാണെന്നാണ് യു.പി പൊലീസിന്റെ വാദം. ഇത് മുന്‍നിര്‍ത്തി മാളവ്യയുടെ ട്വീറ്റിനെ ന്യായീകരിച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു.
സെപ്തംബര്‍ 14നായിരുന്നു ഹാത്രാസില്‍ 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി ആക്രമത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതെന്ന് കുടുംബം പറഞ്ഞിരുന്നു.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ചയാണ് മരിച്ചത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌കരിച്ചത് വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Amit Malavya Tweets Hatras Victim’s Video