India-Pak Boarder Issue
ജോലി കഴിഞ്ഞെന്ന് കരുതി വെറുതെയിരിക്കില്ല, അടുത്തതിന് തയ്യാറെടുക്കും: കൂടുതല്‍ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 04, 05:38 pm
Monday, 4th March 2019, 11:08 pm

അഹമ്മദാബാദ്: അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരവെ ബാലാകോട്ടില്‍ നടത്തിയ ആക്രമണം അവസാനത്തേതല്ലെന്ന സൂചനയുമായി മോദി. അഹമ്മദാബാദില്‍ സംസാരിക്കവെയാണ് മോദിയുടെ പ്രതികരണം.

” ഒരു ജോലി കഴിഞ്ഞെന്ന് കരുതി സര്‍ക്കാര്‍ ഉറങ്ങുകയില്ല. അടുത്തതിന് വേണ്ടി തയ്യാറെടുക്കും.”

ലോകത്തിന്റെ ഏത് കോണില്‍ പോയി ഒളിച്ചാലും തീവ്രവാദികളെ അവരുടെ വീട്ടില്‍ പോയി കൊല്ലുകയെന്നതാണ് നമ്മുടെ പദ്ധതി. വലിയ തീരുമാനങ്ങളെടുക്കുന്നതിന് ഇനി വൈകിക്കല്‍ ഉണ്ടാവില്ലെന്നും മോദി പറഞ്ഞു.

ബാലകോട്ട് ആക്രമണം സംബന്ധിച്ച് ചോദ്യങ്ങളുന്നയിക്കുന്ന പ്രതിപക്ഷത്തെയും മോദി കുറ്റപ്പെടുത്തി. ഇന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നതാണ് പാക് പത്രങ്ങളുടെ തലക്കെട്ടെന്ന് മോദി പറഞ്ഞു.

തെരഞ്ഞെടുപ്പിന് വേണ്ടിയാണ് ബാലകോട്ട് ആക്രമണം നടത്തിയതെന്ന് പറയുന്നവര്‍ 2016ല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നോയെന്നും ചോദിച്ചു.

നേരത്തെ വ്യോമസേനാ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാനെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയപ്പോഴും സമാനമായ രീതിയില്‍ മോദി സംസാരിച്ചിരുന്നു. “ഒരു പൈലറ്റ് പ്രൊജക്ട് അവസാനിച്ചെന്നും, ഇനി യഥാര്‍ത്ഥ പദ്ധതികള്‍ക്കുള്ള സമയമാണ്” എന്നായിരുന്നു പ്രസ്താവന.