ഫലസ്തീനെ അനുകൂലിച്ച് പ്രബന്ധം എഴുതിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി പ്രഹ്ലാദിനെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്കന്‍ സര്‍വകലാശാല
World News
ഫലസ്തീനെ അനുകൂലിച്ച് പ്രബന്ധം എഴുതിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി പ്രഹ്ലാദിനെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്കന്‍ സര്‍വകലാശാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th December 2024, 12:24 pm

വാഷിംഗ്ടൺ: ഫലസ്തീൻ അനുകൂല പ്രബന്ധം എഴുതിയതിൻെറ പേരിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ സസ്‌പെന്റ് ചെയ്ത് അമേരിക്കൻ സർവകലാശാല മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. പ്രഹ്ലാദ് അയ്യങ്കാർ എന്ന പി.എച്ച്.ഡി വിദ്യാർത്ഥിയെയാണ് 2026 ജനുവരി വരെ സർവകലാശാല സസ്‌പെന്റ് ചെയ്തത്.

റിട്ടൺ റെവല്യൂഷൻ എന്ന വിദ്യാർത്ഥി മാഗസിനിൽ പ്രഹ്ലാദ് എഴുതിയ പ്രബന്ധമാണ് നടപടിക്ക് കാരണം. പ്രബന്ധം ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നുവെന്നാരോപിച്ച് സർവകലാശാല മാഗസിൻ നിരോധിക്കുകയും ചെയ്തു. ഇലക്ട്രോണിക്ക് എൻജിനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിൽ പി.എച്ച്.ഡി ചെയ്യുന്ന പ്രഹ്ലാദിന്റെ റിസർച് ഫെല്ലോഷിപ്പും റദ്ദാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

എന്നാൽ, തനിക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി നടപടിയെടുക്കാൻ കാരണം പ്രബന്ധത്തിലെ ചിത്രങ്ങളാണെന്നും അത് താൻ കൊടുത്തതല്ലെന്നും പ്രഹ്ലാദ് പറയുന്നു. കോളേജ് ഭരണകൂടം താൻ തീവ്രവാദത്തെ അനുകൂലിക്കുന്നുവെന്നാണ് പറയുന്നതെന്നും പ്രഹ്ലാദ് പറഞ്ഞു. പ്രഹ്ലാദിന്റെ അഭിഭാഷകൻ ഷെയർ ചെയ്ത എക്സ് പോസ്റ്റിലും ഇത് വ്യക്തമാക്കാൻ ശ്രമിക്കുന്നുണ്ട്.

അമേരിക്കൻ ക്യാമ്പസുകളിൽ അഭിപ്രായസ്വാതന്ത്ര്യം നഷ്ടമാവുകയാണെന്നും പ്രഹ്ലാദ് ആരോപിച്ചു. സർവകലാശാല തനിക്കെതിരെ സ്വീകരിച്ചത് വിചിത്ര നടപടിയാണെന്നും എല്ലാ വിദ്യാർത്ഥികളും ഇതിനെ കുറിച്ച് ജാഗരൂഗരാകണമെന്നും പറഞ്ഞ പ്രഹ്ലാദ് അവകാശങ്ങളുടെ ലംഘനമാണ് ഈ നടപടിയെന്നും പ്രതികരിച്ചു.

ഇത് രണ്ടാം തവണയാണ് പ്രഹ്ലാദ് സസ്‌പെൻഷൻ നേരിടുന്നത്. കഴിഞ്ഞ വർഷം ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയതിന് പ്രഹ്ലാദ് സസ്‌പെൻഷൻ നേരിട്ടിരുന്നു. ശാന്തിയെയും സമാധാനത്തെക്കുറിച്ചുമായിരുന്നു പ്രഹ്ലാദിന്റെ പ്രബന്ധമെന്ന് അഭിപ്രായപ്പെട്ട് സർവകലാശാല കോയിലിഷൻ മുന്നോട്ട് വന്നിരുന്നു. പ്രഹ്ലാദിനെ സസ്‌പെൻഡ് ചെയ്തത് വിവേചനമാണെന്നും കോയിലിഷൻ അഭിപ്രായപ്പെട്ടു.

പ്രബന്ധത്തിൽ ഉപയോഗിച്ച ചിത്രങ്ങളിൽ ഫലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിയായ പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീന്റെ ലോഗോ ഉണ്ടായിരുന്നുവെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ രേഖകൾ പ്രകാരം ഈ പാർട്ടി ഭീകരവാദ സംഘടനയാണെന്നും സർവകലാശാല പറഞ്ഞു.

അതേസമയം പ്രഹ്ലാദിനെതിരെ സർവകലാശാല നടപടിയെടുത്തതിന് പിന്നാലെ അമേരിക്കൻ സർവകലാശാലകളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രഹ്ലാദിന്റെ സസ്‌പെൻഷൻ പിൻവലിച്ച് തിരിച്ചെടുക്കണമെന്നും സർവകലാശാല ചാൻസിലർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Content Highlight: American university suspends Indian student for writing thesis in favor of falsehood