വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കയിലെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് ജോലി നല്‍കാനൊരുങ്ങി വിവിധ ബഹുരാഷ്ട്ര കമ്പനികള്‍. ഫേസ്ബുക്ക്, ആമസോണ്‍, ഫൈസര്‍ എന്നിവരാണ് അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാനൊരുങ്ങുന്ന 33 ബഹുരാഷ്ട്ര കമ്പനികളുടെ കൂട്ടായ്മയില്‍ ചേരുന്നത്.
അഭയാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ടെന്റ് കൂട്ടായ്മയാണ് പതിനായിരത്തോളം വരുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് ജോലിയും മറ്റ് പരിശീലനങ്ങളും നല്‍കുന്നത്. അമേരിക്കന്‍ സഖ്യസേന അഫ്ഗാനില്‍ നിന്നും പിന്‍മാറുകയും താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കുകയും ചെയ്തതോടെയാണ് അമേരിക്കയിലേക്ക് അഭയാര്‍ത്ഥികളായി അഫ്ഗാന്‍ പൗരന്‍മാര്‍ എത്തിയത്.
ആമസോണ്‍ ഇതിന് മുന്‍പും അഭയാര്‍ഥികള്‍ക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങവും നല്‍കി വരുന്നുണ്ട്. ഇതിന് മുന്‍പേ വിവിധ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലെത്തിയ വിദഗ്ധരായ ആളുകള്‍ക്ക് കോര്‍പ്പറേറ്റ് ജോലികളടക്കം ആമസോണ്‍ നല്‍കിയിരുന്നു.
‘ഞങ്ങളുടെ തൊഴില്‍ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും ആമസോണില്‍ നിയമിക്കുന്നുണ്ട്. ഞങ്ങളുടെ തൊഴില്‍ മേഖല വിപുലീകരിക്കുന്നതിന് ടെന്റുമായുള്ള കൈകോര്‍ക്കല്‍ സഹായകരമാണ്,’ ആമസോണിന്റെ പീപ്പിള്‍ എക്‌സ്പീരിയന്‍സ് ആന്റ് ടെക്‌നോളജി സീനിയര്‍ വൈസ് പ്രസിഡന്റ് ബെത്ത് ഗാലറ്റി പറഞ്ഞു.
അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് ജോലിയും മറ്റെല്ലാ തരത്തിലുമുള്ള പിന്തുണയും നല്‍കുവാന്‍ തങ്ങള്‍ എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും ഗാലറ്റി കൂട്ടിച്ചേര്‍ത്തു.
ലോകമെമ്പാടുമുള്ള ആളുകളുടെ പ്രധാന ആവശ്യങ്ങള്‍ തങ്ങള്‍ മനസ്സിലാക്കുന്നു എന്നാണ് ഫൈസര്‍ സി.ഇ.ഒ ആല്‍ബര്‍ട്ട് ബൗള ടെന്റ് കൂട്ടായ്മയില്‍ ചേരുമ്പോള്‍ പറഞ്ഞത്.
‘ലോകത്തിലുള്ള എല്ലാവരും പരിപാലിക്കപ്പെടണമെന്നാണ് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നത്. ഇക്കാരണത്താലാണ് ഞങ്ങള്‍ ടെന്റ് കൂട്ടായ്മയില്‍ ചേര്‍ന്നിട്ടുള്ളത്,’ ബൗള കൂട്ടിച്ചര്‍ത്തു.
അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്നതിനും അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ടെന്റ് കൂട്ടായ്മ ആരംഭിച്ചത്. അമേരിക്കന് ഫുഡ് കമ്പനിയായ ചൊബാനിയുടെ സ്ഥാപകനായ ഹംദി ഉലുകായയാണ് ഈ ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.