ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിലേക്ക് കടന്നുവന്ന താരമാണ് അമല പോൾ. എന്നാൽ തമിഴ് സിനിമകളിലൂടെയാണ് അമല കൂടുതൽ ശ്രദ്ധ നേടുന്നത്. മൈനയെന്ന ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയ അമല താനൊരു മികച്ച അഭിനേത്രി കൂടെയാണെന്ന് തെളിയിച്ചു.
പിന്നീട് തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി അമല മാറി. അതിനിടയിൽ മലയാളത്തിൽ മോഹൻലാൽ അടക്കമുള്ള താരങ്ങളോടൊപ്പവും അമല അഭിനയിച്ചിരുന്നു. ബ്ലെസി സംവിധാനം ചെയ്ത് റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ നജീബായി പൃഥ്വിരാജ് അഭിനയിക്കുമ്പോൾ നജീബിന്റെ സൈനുവായി എത്തുന്നത് അമല പോളാണ്.
തന്റെ കരിയറിന്റെ തുടക്കകാലത്തെ കുറിച്ച് പറയുകയാണ് അമല. നീലത്താമരക്ക് ശേഷം തമിഴിൽ റിലീസായ തന്റെ ആദ്യചിത്രം പരാജയമായപ്പോൾ വലിയ നിരാശ തോന്നിയെന്നും അടുത്ത ചിത്രമായ മൈന അത് മാറ്റിയെന്നും അമല പറയുന്നു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു അമല പോൾ.
‘നീലത്താമര കഴിഞ്ഞ് എന്റെ ആദ്യത്തെ പടം വീരശേഖരൻ ആയിരുന്നു. അതായിരുന്നു അടുത്തതായി റിലീസായ എന്റെ ചിത്രം. അത് കാണാൻ പോയപ്പോൾ തിയേറ്ററിൽ അഞ്ചുപേരെയുള്ളൂ. ആ അഞ്ചുപേരിൽ നാലും എന്റെ ഫാമിലി തന്നെയായിരുന്നു.
ഞാൻ, പപ്പാ, മമ്മി, ജിത്തു പിന്നെ വേറെയെതോ മനുഷ്യനും. ഇത്രയും പേർ ചേർന്നാണ് ആ ചിത്രം കാണുന്നത്. തുടക്കത്തിൽ തന്നെ വലിയ നിരാശ തരുന്ന റിസൾട്ടായിരുന്നു നമുക്ക് കിട്ടിക്കൊണ്ടിരുന്നത്. എന്നാൽ അതിന് ശേഷം ഇറങ്ങിയ മൈന ഹിറ്റ് ആവുന്നു. അതും വലിയ വിജയം.
ഞാൻ മൈന കാണാൻ പോവുമ്പോഴും ആളുകൾ പടം ഹിറ്റാണെന്ന് പറയുമ്പോഴും എന്റെയുള്ളിൽ വീരശേഖര കാണാൻ പോയപ്പോഴുള്ള ട്രോമയുള്ളത് കൊണ്ട് എന്തായിരിക്കും എന്നറിയാത്ത ടെൻഷനിലായിരുന്നു. എന്നാൽ അത് ഹൗസ്ഫുൾ ആയിരുന്നു. അങ്ങനെയാണ് അത് കണ്ടത്. അതിന് ശേഷം പിന്നെ വികട കവി വന്നു.
എനിക്ക് വലിയ സന്തോഷമായിരുന്നു, എന്റെ സിനിമകൾ റിലീസ് ആവുന്നുണ്ടാല്ലോ. അതുമാത്രമല്ല വികടകവിയുടെ പോസ്റ്ററിലൊക്കെ, മൈനാവേ നടിച്ച അമല പോളുടെ നെസ്റ്റ് പടം എന്നൊക്കെയായിരുന്നു കൊടുത്തത്.