Advertisement
2022 Qatar World Cup
68ാം സെക്കന്‍ഡില്‍ അല്‍ഫോന്‍സോ ഡേവീസ് വലകുലുക്കി; പിറന്നത് ഖത്തറിലേയും കനേഡിയന്‍ ടീമിന്റെയും ചരിത്ര ഗോള്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 Nov 27, 05:47 pm
Sunday, 27th November 2022, 11:17 pm

ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ നടന്ന മത്സരങ്ങളില്‍ ഏറ്റവും വേഗമേറിയ ഗോള്‍ സ്വന്തമാക്കുന്ന താരമായി കാനഡയുടെ അല്‍ഫോന്‍സോ ഡേവീസ്. മത്സരം തുടങ്ങി രണ്ടാം മിനിട്ടിലാണ്(68 സെക്കന്‍ഡ്) അല്‍ഫോന്‍സോ ഡേവീസ് ക്രൊയേഷ്യന്‍ വലകുലുക്കിയത്.

ബുച്ചനന്റെ അസിസ്റ്റിലാണ് ബയേണ്‍ മ്യൂണിക്ക് താരമായ അല്‍ഫോന്‍സോയുടെ ഗോള്‍. ബുച്ചനന്‍ പെനാല്‍ട്ടി ഏരിയയിലേക്ക് നല്‍കിയ ക്രോസ് അല്‍ഫോന്‍സോ ഹെഡ്ഡറിലൂടെ വലക്കകത്താക്കുകയായിരുന്നു.

2014ലെ റഷ്യന്‍ ലോകകപ്പില്‍ അമേരിക്കയുടെ ക്ലിന്റ് ഡെംപ്സി നേടിയ ഗോളിന് ശേഷം ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പിറക്കുന്ന ഏറ്റവും വേഗതയേറിയ ഗോളും ഇതാണ്. 29ാം സെക്കന്‍ഡിലായിരുന്നു ഘാനക്കെതിരായ മത്സരത്തില്‍ ക്ലിന്റ് ഡെംപ്സി ഗോള്‍ നേടിയിരുന്നത്.

കാനേഡിയന്‍ നാഷണല്‍ ടീമിന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോളാണ് അല്‍ഫോണ്‍സയുടേത്. ഖത്തറിലേത് കാനഡയുടെ രാണ്ടാം ലോകകപ്പാണ്. 1986ല്‍ ലോകകപ്പ് കളിച്ച ടീമിന് അന്ന് ഒരു ഗോളും നേടാനായിരുന്നില്ല.

അതേസമയം, രണ്ടാം പകുതിയില്‍ മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ ക്രൊയേഷ്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിലാണ്. ആന്ദ്രേജ് ക്രമാരിച് (36), മാര്‍കോ ലിവാജ (44) എന്നിവരാണ് ക്രൊയേഷ്യക്കായി ഗോളുകള്‍ നേടിയത്.

ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ കാനഡക്ക് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഇന്നത്തെ മത്സരം വിജയിക്കണം.