national news
നീറ്റ് പുനഃപരീക്ഷയെഴുതാതെ പകുതിയോളം വിദ്യാര്‍ത്ഥികള്‍; ഗുജറാത്തിലെയും ചണ്ഡീഗഡിലെയും കേന്ദ്രങ്ങള്‍ ശൂന്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 23, 02:43 pm
Sunday, 23rd June 2024, 8:13 pm

ന്യൂദല്‍ഹി: നീറ്റ് പുനഃപരീക്ഷയില്‍ പകുതിയോളം വിദ്യാര്‍ത്ഥികള്‍ ഹാജരായില്ല. 1563 വിദ്യാര്‍ത്ഥികളില്‍ 813 പേര്‍ മാത്രമാണ് പരീക്ഷ എഴുതിയത്. ഗുജറാത്തിലും ചണ്ഡീഗഡിലും ഒരു വിദ്യാര്‍ത്ഥി പോലും പരീക്ഷക്കെത്തിയില്ല.

ചോര്‍ന്ന ചോദ്യപേപ്പര്‍ കണ്ടെടുത്ത സംസ്ഥാനം കൂടിയാണ് ഗുജറാത്ത്. ഇവിടെ പുനഃപരീക്ഷക്കായി വിദ്യാര്‍ത്ഥികള്‍ എത്തിയില്ല എന്നത് കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കുന്ന വിഷയമാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ ഏഴ് കേന്ദ്രങ്ങളിലായാണ് ദേശീയ പരീക്ഷ ഏജന്‍സി (എന്‍.ടി.എ) നീറ്റ് പുനഃപരീക്ഷ നടത്തിയത്. ഛത്തീസ്ഗഡ്, ഹരിയാന എന്നിവിടങ്ങളില്‍ രണ്ട് വീതം പരീക്ഷ കേന്ദ്രങ്ങളാണുണ്ടായത്. പരീക്ഷയ്ക്ക് ഹാജരായത് 52 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ്. മേഘാലയയില്‍ 230ഉം ഹരിയാനയില്‍ 207ഉം ഛത്തീസ്ഗഡില്‍ 313 വിദ്യാര്‍ത്ഥികളും പരീക്ഷക്കെത്തിയില്ല എന്നാണ് എന്‍.ടി.എ പുറത്തുവിട്ടിരിക്കുന്ന കണക്ക്.

അതേസമയം പരീക്ഷയിലെ ക്രമക്കേടില്‍ എന്‍.ടി.എയെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രൂക്ഷമായി വിമര്‍ശിച്ചു. ക്രമക്കേടിന് ഉത്തരവാദി എന്‍.ടി.എ എന്നാണ് മന്ത്രാലയത്തിന്റെ വാദം. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരീക്ഷ നടത്തിയെതെന്നും ഗ്രേസ് മാര്‍ക്ക് നല്‍കുന്ന രീതി പതിവില്ലാത്തതാണെന്നും വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.

പരീക്ഷ വൈകുകയാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സമയം നല്‍കുകയാണ് വേണ്ടതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രതിഷേധത്തിന് പിന്നില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കോച്ചിങ് നല്‍കുന്ന സെന്ററുകളാണ്. ഇവര്‍ രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും തെരുവിലിറക്കുന്നുവെന്നും കേന്ദ്ര മന്ത്രാലയം ആരോപിച്ചു.

ഇതിനുപുറമെ ക്രമക്കേട് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എന്‍.ടി.എ നടപടിയെടുത്തു. വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്തുകൊണ്ടാണ് നടപടി. ഗോധ്രയില്‍ 30ഉം പാട്‌നയില്‍ 17 വിദ്യാര്‍ത്ഥികളെയും എന്‍.ടി.എ ഡീബാര്‍ ചെയ്തു. രാജ്യത്താകമാനം 63 വിദ്യാർത്ഥികൾക്കെതിരെയാണ് എൻ.ടി.എ നടപടിയെടുത്തത്.

Content Highlight: Almost half of the students did not appear in the NEET re-examination