ഹൈദരാബാദ്: അല്ലു അര്‍ജുന്റെ കരിയറിലെ തന്നെ വലിയ വിജയമാണ് പുഷ്പ ഉണ്ടാക്കിയിരിക്കുന്നത്. 300 കോടി രൂപയാണ് ചിത്രം ഇതിനോടകം കരസ്ഥമാക്കിയിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ വലിയ വിജയത്തിന്റെ തന്റെ കൂടെ പ്രവര്‍ത്തിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരു ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ സുകുമാര്‍.
ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ നിര്‍ലോഭമായ പിന്തുണ നല്‍കിയ എല്ലാ അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകരോടും സുകുമാര്‍ തന്റെ നന്ദി പറഞ്ഞു.
അടുത്തിടെ, ചിത്രത്തിന്റെ വിജയം ആഘോഷിക്കാന്‍ പുഷ്പ ടീം ‘താങ്ക്യൂ മീറ്റ്’ സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് ഒരു ലക്ഷം രൂപ വീതം അണിയറ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്.
‘എന്റെ പ്രൊഡക്ഷന്‍ ടീമിനെ അവരുടെ നിരന്തരമായ പിന്തുണക്ക് അഭിനന്ദിക്കേണ്ടതുണ്ട്. പ്രൊഡക്ഷന്‍ ബോയ്സ്, ക്യാമറമാന്‍, ലൈറ്റ് മാന്‍, കൂടാതെ രാവും പകലും ഒരുമിച്ച് പുഷ്പയ്ക്കായി പ്രവര്‍ത്തിച്ചവര്‍. ഇവര്‍ക്കെല്ലാം അഭിനന്ദന സൂചകമായി, ഒരു തുക സമ്മാനമായി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു ലക്ഷം വീതം ഇവര്‍ക്കെല്ലാം നല്‍കും’ എന്നാണ് സുകുമാര്‍ പറഞ്ഞത്. .
സുകുമാറിനൊപ്പം അഭിനേതാക്കളായ അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ്, തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം പണം വാരിയ ചിത്രയിരിക്കുകയാണ്. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്.
ലോകമാകമാനം വമ്പന്‍ ഹൈപ്പുമായെത്തിയ ‘സ്പൈഡര്‍മാന്‍ നോ വേ’ ഹോമുമായുള്ള ക്ലാഷിനിടയിലും മികച്ച പെര്‍ഫോമന്‍സാണ് പുഷ്പ തിയേറ്ററുകളില്‍ കാഴ്ചവെച്ചത്. വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്.
രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്.
ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.
സുകുമര്‍ സംവിധാനം ചെയ്ത പുഷ്പ മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മിച്ചത്. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്നത്.