കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മന്ത്രിയുമായ ഡി.കെ ശിവകുമാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നാംമുറ പ്രയോഗിച്ചെന്ന് കോണ്‍ഗ്രസ് എം.എല്‍.സി എം. ലിംഗപ്പ. കേന്ദ്ര ഏജന്‍സിക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കര്‍ണാടക മനുഷ്യാവകാശ കമ്മീഷന് ലിംഗപ്പ പരാതി നല്‍കി.
പാകിസ്താനില്‍ നിന്നുള്ള തീവ്രവാദിയെ പോലെയാണ് ശിവകുമാറിനെ അവര്‍ പരിചരിക്കുന്നത്. നേരമേറെ വൈകിയുള്ള ചോദ്യം ചെയ്യല്‍, അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാതിരിക്കുക, ബെഡ് ഷീറ്റും മരുന്നും നല്‍കാതിരിക്കുക, ബന്ധുക്കളെ കാണാനനുവദിക്കാതിരിക്കുക, ഇരുട്ടു സെല്ലില്‍ തള്ളുക എന്നിങ്ങനെയുള്ള മൂന്നാം മുറകളാണ് അദ്ദേഹത്തിനെതിരെ പ്രയോഗിക്കുന്നത്. അദ്ദേഹത്തെ ആരോപിതനായല്ല, കുറ്റവാളിയായാണ് കാണുന്നത്. ഇക്കാര്യങ്ങളെല്ലാം മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ലിംഗപ്പ പറഞ്ഞു.
ശത്രുക്കളെ ഒതുക്കാനുള്ള ആയുധമായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌നെ ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കാണുന്നതെന്നും ലിംഗപ്പ പറഞ്ഞു. സിദ്ധരാമയ്യയാണ് ശിവകുമാറിനെ ജയിലിടച്ചതിന് പിന്നില്‍ എന്ന പ്രചരണത്തെ അദ്ദേഹം തള്ളി.
രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം സെപ്റ്റംബര്‍ 3നാണ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍, നികുതിവെട്ടിപ്പ്, ഹവാല ഇടപാട് എന്നീ വകുപ്പുകളിലായാണ് ശിവകുമാറിനെതിരേ കേസെടുത്തിരിക്കുന്നത്. കണക്കില്‍പ്പെടാത്ത 429 കോടിയുടെ സ്വത്ത് കണ്ടെത്തിയെന്നാണ് ആരോപണം.
ശിവകുമാറിന്റെ മകള്‍ ഐശ്വര്യയേയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. ശിവകുമാറിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരിശോധനയില്‍ ഐശ്വര്യ കൈകാര്യം ചെയ്ത ട്രസ്റ്റുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഏജന്‍സി കണ്ടെടുത്തതിനെ തുടര്‍ന്നായിരുന്നു നടപടി.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ദല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശിവകുമാറിനെ സെപ്റ്റംബര്‍ 19 നാണ് തീഹാര്‍ ജയിലിലേക്ക് മാറ്റിയത്.