യാത്രക്കാരോട് വീണ്ടും ക്രൂരതകാട്ടി കല്ലട; തുടയെല്ല് പൊട്ടി പയ്യന്നൂര്‍ സ്വദേശി ചികില്‍സയില്‍
Kerala News
യാത്രക്കാരോട് വീണ്ടും ക്രൂരതകാട്ടി കല്ലട; തുടയെല്ല് പൊട്ടി പയ്യന്നൂര്‍ സ്വദേശി ചികില്‍സയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th June 2019, 10:46 am

കണ്ണൂര്‍: കല്ലട ബസ്സില്‍ യാത്രചെയ്തയാളുടെ തുടയെല്ല് പൊട്ടി. പയ്യന്നൂര്‍ സ്വദേശിയായ മോഹനാണ് കല്ലട ബസ്സില്‍ നിന്നും പരിക്ക് പറ്റിയത്.

അമിത വേഗത്തില്‍ ഓടിയ ബസ് ഹംപില്‍ ചാടിയപ്പോഴായിരുന്നു മോഹന്റെ തുടയെല്ല് പൊട്ടിയത്. മോഹന് പരിക്ക് പറ്റിയ ശേഷം ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിക്കാന്‍ ബസ് ജീവനക്കാര്‍ തയാറായില്ല. ഗുരുതരാവസ്ഥയിലായ മോഹനെ മകനെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.

ജൂണ്‍ 16ന് പയ്യന്നൂര്‍ പെരുമ്പയില്‍ നിന്നാണ് മോഹന്‍ ബസില്‍ കയറിയത്. മൈസൂര്‍ കടന്ന് അല്‍പ്പസമയത്തിനകമാണ് അപകടം സംഭവിച്ചത്. മോഹന്‍ ബസിന്റെ ഏറ്റവും പുറകുവശത്തായിരുന്നു ഇരുന്നിരുന്നത്.

പരിക്കു പറ്റി മോഹന്‍ ഉറക്കെ നിലവിളിച്ചെങ്കിലും ബസ് ജീവനക്കാര്‍ ഗൗനിച്ചില്ല. ആശുപത്രിയില്‍ എത്തിച്ച മോഹനെ രണ്ടുതവണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മോഹന് മൂന്ന് മാസം വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

തമിഴ്നാട് സ്വദേശിയായ യുവതിക്ക് നേരെ കല്ലട ബസ്സില്‍ പീഡനശ്രമമുണ്ടായിരുന്നു. ബസ്സിന്റെ രണ്ടാം ഡ്രൈവര്‍ ജോണ്‍സണ്‍ ജോസഫാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്നു യുവതി. യാത്രക്കാരാണ് പ്രതിയെ പിടികൂടി പൊലീസിനു കൈമാറിയത്. ബസ് തേഞ്ഞിപ്പലത്ത് വെച്ച് പൊലീസ് പിടിച്ചെടുത്തു.