രാജ്യത്ത് എല്ലാ മതങ്ങളും സ്വാതന്ത്ര്യത്തിന്റേയും തുല്യതയുടേയും ചുറ്റുപാടിലാണ് വളരുന്നത്: മുക്താര്‍ അബ്ബാസ് നഖ്‌വി
national news
രാജ്യത്ത് എല്ലാ മതങ്ങളും സ്വാതന്ത്ര്യത്തിന്റേയും തുല്യതയുടേയും ചുറ്റുപാടിലാണ് വളരുന്നത്: മുക്താര്‍ അബ്ബാസ് നഖ്‌വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th June 2022, 3:21 pm

ന്യൂദല്‍ഹി: അല്‍- ഖ്വായിദ ഇസ്‌ലാം മതത്തിന് സംരക്ഷണമല്ല, പ്രശ്‌നമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. ഇസ്‌ലാമിനെ സുരക്ഷാ കവചമാക്കി കരുതി ഇവര്‍ മതത്തെ ദുരുപയോഗം ചെയ്യുകയാണെന്നും നഖ്‌വി പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വര്‍ഗീയ ഗൂഢാലോചനയിലൂടെ രാജ്യത്തിന്റെ സഹവര്‍ത്തിത്വത്തെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

”വസുദൈവ കുടുംബകം’, ‘സര്‍വേ ഭവന്തു സുഖിനാ’ എന്നീ ആശയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഇന്ത്യന്‍ സംസ്‌കാരത്തില്‍ എല്ലാ മതങ്ങളും വളരുന്നത് സ്വാതന്ത്രത്തിന്റേയും, തുല്യതയുടേയും ചുറ്റുപാടിലാണ്,’ അദ്ദേഹം പറഞ്ഞു.

ലോകത്തെ പത്ത് മുസ്‌ലിങ്ങളെ എടുത്താല്‍ അതില്‍ ഇന്ത്യയില്‍ ജീവിക്കുന്ന ഒരു മുസ്‌ലിം ഉണ്ടായിരിക്കും. അവര്‍ മറ്റ് മതക്കാരെപ്പോലെ തന്നെ രാജ്യം മുന്നോട്ടുവെക്കുന്ന എല്ലാ മതേതര, ഭരണകൂട അവകാശങ്ങളോടും കൂടി ജീവിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയല്‍ രാജ്യമായ പാകിസ്ഥാനില്‍ 24ശതമാനമായി ഉയര്‍ന്നിരുന്ന ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ നിലവില്‍ രണ്ട് ശതമാനമായി കുറഞ്ഞത് ആശങ്കയുണ്ടാക്കുന്നതാണെന്നും, ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ എട്ടില്‍ നിന്ന് 22 ശതമാനമായി ഉയര്‍ന്നെന്നും നഖ്‌വി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

‘നിലവില്‍ മൂന്ന് ലക്ഷത്തോളം പള്ളികളാണ് ഇന്ത്യയിലുള്ളത്. മുസ്‌ലിം വിഭാഗത്തിന്റെ മറ്റ് നിരവധി ആരാധനലായങ്ങളും ഇന്ത്യയിലുണ്ട്. ഇതുവരെ 50,000 രജിസ്റ്റേര്‍ഡ് മദ്രസകളാണ് രാജ്യത്തുള്ളത്. 50,000 ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്തുണ്ട്.

ഇതേപോലെ തന്നെ രാജ്യത്ത് നിരവധി ക്രിസ്ത്യന്‍ പള്ളികളും ക്ഷേത്രങ്ങളും, പാര്‍സികള്‍ക്കും ബുദ്ധരുടേയും ആരാധനാലയങ്ങളും ഒക്കെ നിലനില്‍ക്കുന്നുണ്ട്. ഇവയെല്ലാം ലോകത്തോട് വിളിച്ചു പറയുന്നത് രാജ്യത്തിന്റെ ‘നാനാത്വത്തില്‍ ഏകത്വം’ എന്ന ആശയമാണ്,’ നഖ്‌വി പറഞ്ഞു.

രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ പുരാതനമായ മുസ്‌ലിം പള്ളികളെ കേന്ദ്രീകരിച്ച് ഹിന്ദുത്വ വാദികള്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയിലാണ് നഖ്‌വിയുടെ പ്രസ്താവന.

ഷാഹി ഈദ്ഗാഹ്, ഗ്യാന്‍വാപി മസ്ജിദ്, ടിപ്പുസുല്‍ത്താന്‍ പാലസ്, കുത്തബ് മിനാര്‍, താജ്മഹല്‍ തുടങ്ങി നിരവധി ചരിത്ര നിര്‍മിതകള്‍ക്ക് നേരെയാണ് ഹിന്ദുത്വ വാദികള്‍ ആരോപണങ്ങളുമായി എത്തിയത്. ഇത് രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ രീതിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ഭിന്നതയ്ക്കും വഴിവെച്ചിരുന്നു.

Content Highlight: All religions in India flourish under an environment of freedom