സഹനടനായി സിനിമയിലേക്കെത്തിയ നടനാണ് അലക്‌സാണ്ടര്‍ പ്രശാന്ത്. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് അലക്‌സാണ്ടര്‍ പ്രശാന്ത് സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ മാത്രം ചെയ്ത അലക്‌സാണ്ടര്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് ശ്രദ്ധേയനായത്.
കൃഷന്ദ് സംവിധാനം ചെയ്ത പുരുഷ പ്രേതത്തിലൂടെ നായകവേഷവും തനിക്ക് ഇണങ്ങുമെന്ന് അലക്‌സാണ്ടര്‍ പ്രശാന്ത് തെളിയിച്ചു. സൂപ്പര്‍ സെബാസ്റ്റ്യന്‍ എന്ന കഥാപാത്രത്തിലൂടെ പ്രശാന്ത് എല്ലാവരെയും ഞെട്ടിച്ചു. മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ ജഗദീഷിനെക്കുറിച്ച് സംസാരിക്കുകയാണ് അലക്‌സാണ്ടര്‍ പ്രശാന്ത്.
സിനിമയില്‍ ഒരുപാട് കാലം നില്‍ക്കണമെങ്കില്‍ ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമായി നില്‍ക്കേണ്ടത് അത്യാവശ്യമാണെന്ന് അല്ക്‌സാണ്ടര്‍ പ്രശാന്ത് പറഞ്ഞു. പല നടന്മാരുടെയും സംവിധായകരുടെയും ഗ്രൂപ്പിനെപ്പറ്റി എല്ലാവര്‍ക്കും അറിയാമെന്നും അതിലുള്ള നടന്മാര്‍ക്ക് ആ സംവിധായകരുടെ സിനിമയില്‍ സ്ഥിരമായി വേഷമുണ്ടാകാറുണ്ടെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തനാണ് ജഗദീഷ് എന്ന നടനെന്നും അദ്ദേഹം ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ലെന്നും അലക്‌സാണ്ടര്‍ പ്രശാന്ത് പറഞ്ഞു.
സിനിമയില്‍ ഒരുപാട് കാലം ഒരൊറ്റ ഗ്രൂപ്പിന്റെയും ഭാഗമാകാതെ നില്‍ക്കുക എന്നത് വലിയ കാര്യമാണെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. അതിനെക്കാള്‍ വലിയ കാര്യം മദ്യപാനശീലം ഇല്ലാതെ പിടിച്ചുനില്‍ക്കുന്നതാണെന്നും അക്കാര്യത്തില്‍ ജഗദീഷ് വലിയൊരു അത്ഭുതമാണെന്നും അലക്‌സാണ്ടര്‍ പ്രശാന്ത് പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അലക്‌സാണ്ടര്‍ പ്രശാന്ത്.
‘ഏത് നടനും ഒരുപാട് കാലം സിനിമയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ഏതെങ്കിലുമൊരു കോക്കസിന്റെയോ ഗ്രൂപ്പിന്റെയോ ഭാഗമായി നില്‍ക്കണം. അത്തരത്തില്‍ പല നടന്മാരെയും നമുക്ക് അറിയാം. അവരുടെ ഗ്രൂപ്പിലെ സംവിധായകന്റെ എല്ലാ പടത്തിലും ആ നടന് ഒരു വേഷം സ്ഥിരമായി ഉണ്ടാകും. എന്നാല്‍ ജഗദീഷേട്ടന്റെ കാര്യം വ്യത്യസ്തമാണ്. പുള്ളി ആരുടെയും ഗ്രൂപ്പിലില്ല.
40 വര്‍ഷത്തിനടുത്തായി അദ്ദേഹം സിനിമയില്‍ നില്‍ക്കുന്നു. ഒരു ഗ്രൂപ്പിന്റെയും ഭാഗമാകാതെ ഇത്രയും കാലം എങ്ങനെ പിടിച്ചുനിന്നു എന്നത് വലിയ അത്ഭുതമാണ്. അതിനെക്കാള്‍ വലിയ കാര്യം ഇക്കാലത്തിനിടക്ക് അദ്ദേഹം മദ്യപാനം തുടങ്ങിയില്ല എന്നാണ്. ആരായാലും ആ സമയത്തെ ഒരു മൂഡില്‍ ചിലപ്പോള്‍ മദ്യപിക്കും. എന്നാല്‍ ജഗദീഷേട്ടന്‍ അതിലും പെടാതെ ഇത്രയും കാലം പിടിച്ചു നിന്നത് വലിയ കാര്യമാണ്,’ അലക്‌സാണ്ടര്‍ പ്രശാന്ത് പറഞ്ഞു.
Content Highlight: Alexander Prasanth talks about Jagadeesh