Advertisement
India
ലോക്ക്ഡൗണില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഭക്ഷണം കഴിച്ചത് കടംവാങ്ങി; ദുരിതത്തിലായത് കൂടുതലും ദളിതരും മുസ്‌ലീങ്ങളും: ഹംഗര്‍ വാച്ച് സര്‍വേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 10, 07:50 am
Thursday, 10th December 2020, 1:20 pm

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡിനെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളും ലോക്ക് ഡൗണും ഒരു നേരത്തെ ഭക്ഷണത്തിന് വകയിലാത്ത അവസ്ഥയില്‍ ജനങ്ങളെ എത്തിച്ചെന്ന് സര്‍വേ റിപ്പോര്‍ട്ട്.

11 സംസ്ഥാനങ്ങളിലെ 45 ശതമാനം ആളുകള്‍ ഭക്ഷണം കഴിക്കാന്‍ പണം കണ്ടെത്താന്‍ കടംവാങ്ങേണ്ടിവന്നെന്നാണ് ‘ഹംഗര്‍ വാച്ച്’ നടത്തിയ സര്‍വേയില്‍ വ്യക്തമായത്.

കൊവിഡ് കാലത്ത് കടുത്ത പ്രതിസന്ധിയാണ് ദളിതരും മുസ്‌ലീം വിഭാഗങ്ങളിലുള്ളവര്‍ നേരിട്ടതെന്നും ലോക്ക് ഡൗണ്‍ അവസാനിച്ചിട്ട് അഞ്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പാര്‍ശ്വവത്കരിക്കപ്പെട്ട ഈ സമുദായങ്ങള്‍ക്കിടയില്‍ പട്ടിണി ഗുരുതരമായി തുടരുന്നെന്നും സര്‍വേ പറയുന്നു.

കൊവിഡ് കാലത്ത് നാലില്‍ ഒന്ന് ദളിതരിലും മുസ്‌ലിങ്ങളിലും ഭക്ഷണം ലഭിക്കുന്നതില്‍ വിവേചനം നേരിട്ടു. പൊതു വിഭാഗത്തില്‍ ഇത് പത്തുപേരില്‍ ഒരാള്‍ക്കാണ്. ദളിത് വിഭാഗക്കാരില്‍ ലഭിച്ചിരുന്ന ഭക്ഷണത്തിന്റെ അളവ് 74 ശതമാനം കുറഞ്ഞു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ നാലില്‍ ഒരാള്‍ക്ക് സെപ്തംബര്‍-ഒക്ടോബര്‍ വരെ രാത്രി ഭക്ഷണം ലഭിച്ചിട്ടില്ല. ഇവരില്‍ 56 ശതമാനംപേര്‍ അടച്ചുപൂട്ടലിന് മുമ്പ് ഒരിക്കലും ഭക്ഷണം ഒഴിവാക്കിയിട്ടില്ലാത്തവരാണ്.

43 ശതമാനം ആളുകള്‍ക്കും ഏപ്രില്‍-മെയ് മുതല്‍ വരുമാനമില്ല. അടച്ചുപൂട്ടലിനുശേഷം വരുമാനം പഴയനിലയിലായത് മൂന്നു ശതമാനത്തിനുമാത്രമാണെന്നും സര്‍വേ വ്യക്തമാക്കുന്നു.

സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഭക്ഷണത്തിന്റെ പോഷക ഗുണനിലവാരത്തില്‍ മൊത്തത്തില്‍ ഇടിവുണ്ടായിതായി 71% പേര്‍ പറയുന്നു.

ലോക്ക് ഡൗണിന് മുമ്പ് പ്രതിമാസം 15,000 രൂപയില്‍ കൂടുതല്‍ സമ്പാദിച്ചവരില്‍ 62% പേരും ലോക്ക്ഡൗണിന് മുമ്പുള്ളതിനേക്കാള്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തങ്ങളുടെ പോഷക ഗുണനിലവാരം മോശമായതായി പറയുന്നു.

കൊവിഡ് -19 പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി റൈറ്റ് ടു ഫുഡ് കാമ്പെയ്‌ന് 2020 സെപ്റ്റംബറില്‍ ‘ഹംഗര്‍ വാച്ച്’ തുടക്കം കുറിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ചാര്‍ഖണ്ഡ്, ദല്‍ഹി, തെലങ്കാന, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നായി 3,994 പേരെ ഹംഗര്‍ വാച്ച് സംഘം അഭിമുഖം നടത്തിയിരുന്നു. ഇതില്‍ 2,186 പേര്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരും 1,808 പേര്‍ നഗരപ്രദേശങ്ങളില്‍ നിന്നുള്ളവരുമാണ്.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ തൊഴില്‍ കോഡുകള്‍ വലിയ രീതിയില്‍ തിരിച്ചടിയായെന്നും പുതിയ മൂന്ന് കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക പ്രക്ഷോഭം വിളിച്ചുവരുത്തിയത് പൊതുവിതരണ സംവിധാനത്തെ നിലവില്‍ ബാധിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Alarming levels of hunger in India even post-lockdown, says survey