സൗദി പ്രോ ലീഗില്‍ തുടര്‍ച്ചയായ നാലം ജയം സ്വന്തമാക്കി റൊണാള്‍ഡോയുടെ അല്‍ നസര്‍. കിങ് അബ്ദുള്ള സ്‌പോര്‍ട് സിറ്റി സ്‌റ്റേഡിയത്തില്‍ അല്‍ താവൂനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളിനാണ് അല്‍ നസര്‍ വിജയിച്ചത്. ഇതോടെ 2023ലെ അവസാന മത്സരം ജയത്തോടെ അവസാനിപ്പിക്കാനും അല്‍ അലാമിക്കായി.
4-2-3-1 എന്ന ഫോര്‍മേഷനില്‍ അല്‍ നസര്‍ കളത്തിലിറങ്ങിയപ്പോള്‍ 4-3-3 ഫോര്‍മേഷനാണ് താവൂന്‍ അവലംബിച്ചത്.
മത്സരത്തില്‍ ആദ്യ ഗോള്‍ വഴങ്ങിയതിന് ശേഷമാണ് സൗദിയുടെ മഞ്ഞപ്പട നാല് ഗോളും തിരിച്ചടിച്ചത്. മത്സരത്തിന്റെ 13ാം മിനിട്ടില്‍ അഷ്‌റഫ് എല്‍ മഹ്ദിയൂയിലൂടെ അല്‍ താവൂന്‍ ലീഡ് നേടി.
11ാം മിനിട്ടില്‍ പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ വഴങ്ങിയ ഫൗളിന് പിന്നാലെ അല്‍ താവൂന് പെനാല്‍ട്ടി ലഭിച്ചിരുന്നു. പെനാല്‍ട്ടി പാഴാക്കിയെങ്കിലും റീ ബൗണ്ടില്‍ താവൂന്‍ താരം ഗോള്‍ നേടുകയായിരുന്നു. ഈ ഫൗളിന് പിന്നാലെ റൊണാള്‍ഡോക്കും അമ്‌രിക്കും മഞ്ഞക്കാര്‍ഡും ലഭിച്ചു.
എന്നാല്‍ കൃത്യം 13 മിനിട്ടിന് ശേഷം അല്‍ നസര്‍ തിരിച്ചടിച്ചു. മാഴ്‌സെലോ ബ്രോസോവിച്ചാണ് അല്‍ നസറിനായി വലകുലുക്കിയത്. ശേഷം 35ാം മിനിട്ടില്‍ അല്‍ നസര്‍ തങ്ങളുടെ ലീഡ് വര്‍ധിപ്പിച്ചു. ബ്രോസോവിച്ചിന്റെ അസിസ്റ്റില്‍ നിന്നും അയ്‌മെരിക് ലാപോര്‍ട്ടയാണ് ഗോള്‍ കണ്ടെത്തിയത്.
രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിട്ടിനകം തന്നെ അല്‍ നസര്‍ വീണ്ടും വലകുലുക്കി. അല്‍ താവൂനിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത ഒട്ടാവിയോ ആണ് ഗോള്‍ കണ്ടെത്തിയത്. സ്‌കോര്‍ 3-1.
90+2ാം മിനിട്ടില്‍ ഗോള്‍ നേടിയ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ പട്ടിക പൂര്‍ത്തിയാക്കി. ഫൊഫാനയുടെ അസിസ്റ്റില്‍ നിന്നുമാണ് റോണോ ഒരു മികച്ച ഹെഡ്ഡറിലൂടെയാണ് ഗോള്‍ സ്വന്തമാക്കിയത്.