Sports News
ഒട്ടും തൃപ്തിയില്ല; റൊണാള്‍ഡോയുടെയും സഹതാരങ്ങളുടെയും മുറിവില്‍ മുളക് തേച്ച് അല്‍ നസര്‍ ബോസ്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Apr 11, 06:03 pm
Tuesday, 11th April 2023, 11:33 pm

സൗദി പ്രോ ലീഗില്‍ അല്‍ ഫെയ്ഹക്കെതിരായ സമനിലക്ക് പിന്നാലെ അല്‍ നസര്‍ ടീമിന്റെ പ്രകടനങ്ങളില്‍ അതൃപ്തിയറിയിച്ച് അല്‍ നസര്‍ കോച്ച് റൂഡി ഗാര്‍ഷിയ. ഏപ്രില്‍ പത്തിന് നടന്ന മത്സരത്തില്‍ അല്‍ നസര്‍ ഗോള്‍ രഹിത സമനില വഴങ്ങിയതിന് പിന്നാലെയാണ് ഗാര്‍ഷിയ തന്റെ കുട്ടികളെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

പോയിന്റ് ടേബിളില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. ഒന്നാമതുള്ള അല്‍ ഇതിഹാദിനെക്കാള്‍ മൂന്ന് പോയിന്റ് കുറവാണ് അല്‍ നസറിനുള്ളത്. 23 മത്സരത്തില്‍ നിന്നും 16 ജയവും അഞ്ച് സമനിലയും രണ്ട് തോല്‍വിയുമായി 53 പോയിന്റാണ് അല്‍ നസറിനുള്ളത്.

ഇതിന് പിന്നാലെയാണ് ഗാര്‍ഷിയ വിഷയത്തില്‍ പ്രതികരിച്ചത്. ടീമിന്റെ പ്രകടനത്തില്‍ തൃപ്തനല്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എസ്.എസ്.സിയോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘മത്സരഫലം തീര്‍ത്തും മോശമായിരുന്നു, അതില്‍ ഞങ്ങള്‍ക്ക് ഒരു സന്തോഷവുമില്ല. താരങ്ങളുടെ പ്രകടനത്തില്‍ എനിക്കൊട്ടും തൃപ്തിയില്ല. കഴിഞ്ഞ മത്സരത്തിലെ അതേ രീതിയില്‍ തന്നെ കളിക്കാനായിരുന്നു അവരോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അത് സംഭവിച്ചില്ല,’ ഗാര്‍ഷിയ പറഞ്ഞു.

അല്‍ അദലാഹിനെതിരായ കഴിഞ്ഞ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു അല്‍ നസര്‍ വിജയിച്ചത്.

‘ഏഴ് മത്സരങ്ങള്‍ ബാക്കിയുണ്ട്. ഞങ്ങളിത് മറികടക്കാന്‍ ശ്രമിക്കും. രണ്ട് പോയിന്റ് നഷ്ടപ്പെടുത്തുന്നത് ഒട്ടും നല്ലതല്ല എന്ന് ഞങ്ങള്‍ മനസിലാക്കി. എല്ലാം സാധ്യമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചിരവൈരികളായ അല്‍ ഹിലാലിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. ഏപ്രില്‍ 19ന് കിങ് ഫാദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

 

Content Highlight: Al Nassr boss Rudy Garcia says he is not happy with team’s performance