ഗുവാഹത്തി: പൗരത്വപ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്തു അസമിലെ കര്‍ഷക നേതാവും ആക്ടിവിസ്റ്റുമായ അഖില്‍ ഗൊഗോയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി ഗൊഗോയിയുടെ വൃദ്ധമാതാവ്.
അഖില്‍ ഗൊഗോയിയുടെ മോചനത്തിനും അദ്ദേഹം മത്സരിക്കുന്ന സിബ്‌സാഗര്‍ മണ്ഡലത്തില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പ്രചാരണത്തിനുമായിരുന്നു അദ്ദേഹത്തിന്റെ അമ്മയായ പ്രിയദ ഗൊഗോയി എത്തിയത്.
‘ഞാന്‍ പ്രചരണം നടത്തുന്നത് എന്റെ മകന് വേണ്ടിയാണ്. അവനെ സ്വതന്ത്രനായി കാണണം. ജനങ്ങള്‍ക്ക് മാത്രമെ അവനെ മോചിപ്പിക്കാന്‍ സാധിക്കൂ’, പ്രിയദ ഗൊഗോയി പറഞ്ഞു.
അതേസമയം എന്‍.ഐ.എ കസ്റ്റഡിയിലിരിക്കെ ജയിലില്‍ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായി അഖില്‍ ഗൊഗോയി കഴിഞ്ഞ ദിവസം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ജയിലില്‍ നിന്ന് അദ്ദേഹം അയച്ച കത്തിലാണ് താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് പറഞ്ഞത്. ഇത് ദേശീയ തലത്തില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
ആര്‍.എസ്.എസില്‍ ചേര്‍ന്നാല്‍ ജാമ്യം നല്‍കാമെന്ന് ചോദ്യം ചെയ്യലിനിടെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഗൊഗോയി തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.
അതേസമയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കി വിജയിപ്പിക്കണമെന്ന് അസമിലെ ജനങ്ങളോട് അദ്ദേഹം മറ്റൊരു കത്തില്‍ ആഹ്വാനം ചെയ്തിരുന്നു.
അസമിനെ രക്ഷിക്കാനായി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഏറ്റവും ശക്തനായ ബി.ജെ.പി ഇതര സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സിബ്‌സാഗര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ് അഖില്‍ ഗൊഗോയി മത്സരിക്കുന്നത്.
അസമിനെയും ജനങ്ങളുടെ ഭാവിയെയും ജനാധിപത്യ വിരുദ്ധ ബി.ജെ.പിയില്‍ നിന്ന് രക്ഷിക്കാനാണ് ഞാന്‍ ജയിലില്‍ നിന്ന് ഈ കത്ത് അയയ്ക്കുന്നതെന്ന് അഖില്‍ ഗൊഗോയ് പറഞ്ഞിരുന്നു. അസമില്‍ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ജയിലില്‍ കഴിയുകയാണ് ഗൊഗോയി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക