മമ്മൂട്ടി സാറുമായുള്ള രംഗമാണെങ്കില്‍ എനിക്ക് ആവേശം കൂടും, അദ്ദേഹം സെറ്റിലേക്ക് വരുമ്പോള്‍ തന്നെ ഒരു പ്രത്യേക തരം ഓറയാണ്: അഖില്‍ അക്കിനേനി
Film News
മമ്മൂട്ടി സാറുമായുള്ള രംഗമാണെങ്കില്‍ എനിക്ക് ആവേശം കൂടും, അദ്ദേഹം സെറ്റിലേക്ക് വരുമ്പോള്‍ തന്നെ ഒരു പ്രത്യേക തരം ഓറയാണ്: അഖില്‍ അക്കിനേനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 15th April 2023, 10:20 pm

അഖില്‍ അക്കിനേനിയും മമ്മൂട്ടിയും ഒന്നിക്കുന്ന തെലുങ്ക് ചിത്രം ഏജന്റ് റിലീസിന് ഒരുങ്ങുകയാണ്. റോ ചീഫായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.

മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അഖില്‍ അക്കിനേനി. മമ്മൂട്ടിക്ക് ഒരു പ്രത്യേക തരം ഓറയാണെന്നും അദ്ദേഹം സെറ്റിലേക്ക് വരുമ്പോള്‍ തന്നെ തിരിച്ചറിയാന്‍ പറ്റുമെന്നും അഖില്‍ പറഞ്ഞു. മമ്മൂട്ടിയുമായുള്ള രംഗമാണെങ്കില്‍ തനിക്ക് ആവേശം കൂടുമെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാനാവുന്നത് തന്നെ തനിക്ക് കിട്ടുന്ന ബഹുമതിയാണെന്നും ടി.പി.എഫ്.സിക്ക് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ പറഞ്ഞു.

‘അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത് ഒരു അമേസിങ് എക്‌സ്പീരിയന്‍സാണ്. അദ്ദേഹം സെറ്റിലേക്ക് വരുമ്പോള്‍ തന്നെ നമുക്കത് തിരിച്ചറിയാന്‍ പറ്റും. ഒരു ഇതിഹാസ താരം മാത്രമല്ല വരുന്നത്. ഒരു പ്രത്യേക തരം ഓറയാണ്. വാതില്‍ തുറന്ന് വരുമ്പോള്‍ തന്നെ ആ എനര്‍ജി ഫീല്‍ ചെയ്യാന്‍ പറ്റും.

മാനുഷികമായുള്ളതിനപ്പുറമെന്തോ ഒന്ന് അദ്ദേഹത്തിനുണ്ട്. അദ്ദേഹം എന്റെ സൂപ്പര്‍ സീനിയറാണ്. അദ്ദേഹത്തിന്റെ സ്റ്റാര്‍ഡവും എക്‌സപീരിയന്‍സും കൊണ്ട് എന്നെ ഭയപ്പെടുത്തി കളഞ്ഞു. എന്തൊരു അഭിനയമാണ്, എന്തൊരു കഴിവാണ്.

മമ്മൂട്ടി സാറുമായുള്ള രംഗമാണെങ്കില്‍ എനിക്ക് ആവേശം കൂടും. അദ്ദേഹത്തിനൊപ്പം അഭിനയിക്കാനാവുന്നത് തന്നെ എനിക്ക് കിട്ടുന്ന ബഹുമതിയാണ്. ഒരുപാട് പഠിക്കാന്‍ പറ്റി. ഏജന്റിലെ റോ ചീഫായി എനിക്ക് മറ്റാരേയും സങ്കല്‍പിക്കാന്‍ പോലുമാവുന്നില്ല. അദ്ദേഹത്തെ എപ്പോഴൊക്കെ സ്‌ക്രീനില്‍ കണ്ടാലും ഒരു എനര്‍ജി റേഡിയേറ്റ് ചെയ്യും. അത്തരമൊരു സ്റ്റാര്‍ഡത്തില്‍ നിന്ന് മാത്രമേ അത് വരൂ,’ അഖില്‍ പറഞ്ഞു.

സുരേന്ദര്‍ റെഡ്ഡിയാണ് ഏജന്റ് സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlight: akhil akkineni talks about mammootty