Kerala News
വിവാദ കാര്‍ട്ടൂണ്‍; സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി അക്കാദമി; തീരുമാനം പുനപരിശോധിക്കാമെന്ന് കത്ത് നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 25, 12:18 pm
Tuesday, 25th June 2019, 5:48 pm

തിരുവനന്തപുരം: വിവാദ കാര്‍ട്ടുണില്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി അക്കാദമി. അവാര്‍ഡ് പുനപരിശോധിക്കാമെന്ന് അക്കാദമി കത്ത് നല്‍കിയതായി മന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു.

അക്കാദമിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു. നേരത്തെ ‘വിവാദം ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടല്ലെന്നും പുരസ്‌കാരം റദ്ദാക്കിയിട്ടുമില്ല. പുനപരിശോധിക്കാനാ’ണ് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ലളിത കലാ അക്കാദമി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മികച്ച കാര്‍ട്ടൂണിനെതിരെ ക്രൈസ്തവ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേന്ദ്ര കഥാപാത്രമായ കാര്‍ട്ടൂണില്‍ ക്രിസ്തീയ മത ചിഹ്നങ്ങളും ഉപയോഗിച്ചിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് അവാര്‍ഡ് നല്‍കിയത് പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ക്രിസ്തീയ മതചിഹ്നങ്ങളെ അവഹേളിക്കുന്ന രീതിയോട് സര്‍ക്കാര്‍ യോജിക്കുന്നില്ലെന്ന് സാംസ്‌കരിക മന്ത്രി എ.കെ ബാലന്‍ പറഞ്ഞിരുന്നു.

കാര്‍ട്ടൂണിന്റെ പ്രമേയത്തെ അംഗീകരിക്കുന്നുവെങ്കിലും മതനിരപേക്ഷതയെ ഹനിക്കുന്ന നടപടികളോട് സര്‍ക്കാരിന് യോജിപ്പില്ല. അവാര്‍ഡ് നിര്‍ണയത്തില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കഴിഞ്ഞദിവസം പുരസ്‌കാരം പിന്‍വലിക്കില്ലെന്ന് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് വ്യക്തമാക്കിയിരുന്നു.