മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടനാണ് അജു വർഗീസ്. വ്യത്യസ്തമായ കോമഡി കഥാപാത്രങ്ങളിലൂടെയാണ് അജു തന്റേതായൊരിടം സൃഷ്ടിച്ചത്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ തുടങ്ങി താരം ചെയ്ത മിക്ക സിനിമകളും സുഹൃത്തുക്കളുടെ കൂടെയായിരുന്നു.
ഈയിടെ താൻ ഓൺലൈനിൽ കണ്ട ഒരു കമന്റിനെക്കുറിച്ച് അജു വർഗീസ് അഭിമുഖത്തിൽ സംസാരിക്കുകയാണ്. താൻ സുഹൃത്തുക്കൾ ഉള്ളതുകൊണ്ട് മാത്രം സിനിമയിൽ നിൽക്കുന്ന ഒരാളാണെന്ന കമന്റാണ് അതെന്നും എന്നാൽ അത് സത്യമാണെന്നും അജു പറയുന്നുണ്ട്. ആദ്യം അത് കണ്ടപ്പോൾ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് തോന്നിയെന്നും എന്നാൽ പിന്നീട് ആലോചിച്ചപ്പോൾ ശരിയാണെന്ന് തോന്നിയെന്നും അജു വർഗീസ് പറയുന്നുണ്ട്.
മലർവാടി ആർട്സ് ക്ലബ്ബ് മുതൽ ഈ വർഷം ഇറങ്ങിയ എല്ലാ ചിത്രങ്ങളും തന്റെ സുഹൃത്തുക്കൾ ഉള്ളതുകൊണ്ടാണ് നടന്നതെന്നും എന്നാൽ ഒരിക്കലും ഒരാളെ ആർക്കും വളർത്താൻ കഴിയില്ലെന്നും അജു പറഞ്ഞു. അയാൾക്ക് കഴിവ് ഉള്ളതുകൊണ്ടാണ് വളരുന്നതെന്നും അജു കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ ഓൺലൈനിൽ കണ്ട ഒരു കമൻറ് ആണ്. അത് സത്യവുമാണ്. സുഹൃത്തുക്കൾ ഉള്ളതുകൊണ്ട് മാത്രം സിനിമയിൽ നിലനിൽക്കുന്നവൻ എന്ന്. ആദ്യം കണ്ടപ്പോൾ ഞാൻ അതെന്താ അങ്ങനെ പറഞ്ഞെ എന്ന് വിചാരിച്ചു. എന്നാൽ പിന്നെ ആലോചിച്ചപ്പോൾ അത് കറക്റ്റ് ആണ്. ഇന്ന് നിൽക്കുന്ന ഫീനിക്സ് ഉൾപ്പെടെ മലർവാടി മുതൽ ഹൃദയം, മിന്നൽ മുരളി, നദികൾ സുന്ദരി യമുന, 2018 തുടങ്ങി ഈ വർഷം ഇറങ്ങിയ എല്ലാ പടങ്ങളും സുഹൃത്തുക്കൾ ഉള്ളതുകൊണ്ടാണ് നടന്നത്. മ്യൂച്ചലി വളരുക എന്നത് തന്നെയാണല്ലോ. നമുക്ക് ഒരാളെയും വളർത്താൻ കഴിയില്ല. അത് അയാൾക്ക് കഴിവുള്ളതുകൊണ്ടാണല്ലോ വളരുന്നത് അയാൾ വളർന്നാൽ നമുക്ക് വളരാം.
അജു വർഗീസ് ,അനൂപ് മേനോൻ,ചന്തുനാഥ് എന്നിവരോടൊപ്പം ഭഗത് മാനുവലും പ്രധാന വേഷത്തിൽ എത്തിയ ‘ഫീനിക്സ്’ നവംബർ 17നാണ് തിയേറ്ററിൽ എത്തിയത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കിയ ചിത്രം നവാഗതനായ വിഷ്‌ണു ഭരതനാണ് സംവിധാനം ചെയ്യുന്നത്. ഒരു ഹൊറർ മൂഡിലുള്ള ചിത്രമാണിത്.
Content Highlight: Aju Varghese on the help of his friends in the film