Entertainment news
വിഘ്‌നേഷ് ശിവന്‍ മാസ് ചേര്‍ക്കും മിലിന്ദ് ക്ലാസ് ചേര്‍ക്കും; നെട്രിക്കണ്ണിനെക്കുറിച്ച് അജ്മല്‍ അമീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 16, 07:19 am
Monday, 16th August 2021, 12:49 pm

സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും മലയാളിയായ അജ്മല്‍ അമീറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് നെട്രിക്കണ്‍. ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

നെട്രിക്കണ്ണില്‍ സംവിധായകന്റെയും പ്രൊഡ്യൂസറുടെയും ഇടപെടലുകള്‍ ഏത് തരത്തിലാണ് ഉണ്ടായതെന്ന് പറയുകയാണ് അജ്മല്‍ അമീര്‍. മിലിന്ദ് റാവു സംവിധാനവും വിഘ്‌നേഷ് ശിവന്‍ നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം തനിക്ക് വലിയ അനുഭവമായിരുന്നുവെന്ന് അജ്മല്‍ അമീര്‍ പറയുന്നു.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അജ്മല്‍ സംസാരിക്കുന്നത്.

സംവിധാനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മിലിന്ദ് ഓരോ സീനിലും ഇംപ്രവൈസേഷന്‍ നടത്തുമെന്ന് അജ്മല്‍ പറയുന്നു.

‘ഫിലിം മേക്കിങ്ങില്‍ തന്റേതായ ഒരു ക്ലാസ് ഉണ്ട് മിലിന്ദിന്. വിഘ്‌നേഷ് ശിവനാണെങ്കില്‍ എല്ലാം നിരീക്ഷിച്ച് കൊണ്ടിരിക്കും. എന്നിട്ട് സീനുകളില്‍ മാസ് എലമെന്റ്‌സ് ചേര്‍ക്കും. ഈ ക്ലാസും മാസും ചേരുന്നതോടെ അത് സിനിമയ്ക്ക് ഗുണകരമാവും. കുറേയധികം സീനുകള്‍ അത്തരത്തില്‍ മികച്ചതായിട്ടുണ്ട്,’ അജ്മല്‍ പറയുന്നു.

മിലിന്ദ് കഥ പറഞ്ഞപ്പോള്‍ ആദ്യം നോ പറഞ്ഞെങ്കിലും പിന്നീട് സിനിമയുടെ ടീമിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നുവെന്നും അജ്മല്‍ പറഞ്ഞു.

സൈക്കോ വില്ലന്റെ കഥാപാത്രമാണ് അജ്മല്‍ ചെയ്തിരിക്കുന്നത്. സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച് കൊല്ലുന്ന സൈക്കോ വില്ലന്‍ കഥാപാത്രത്തെ നേരിടുന്ന ദുര്‍ഗ എന്ന കഥാപാത്രമായാണ് നയന്‍താര ചിത്രത്തിലെത്തുന്നത്.

നവീന്‍ സുന്ദരമൂര്‍ത്തിയാണ് ചിത്രത്തിന്റെ ഡയലോഗുകള്‍ എഴുതിയിരിക്കുന്നത്.

ആര്‍.ഡി. രാജശേഖരന്‍ ക്യാമറയും ലോറന്‍സ് കിഷോര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍ ദിലീപ് സുബ്ബരായനാണ്.

വിഘ്നേഷ് ശിവന്‍ രചിച്ച വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗിരീഷ് ഗോപാലകൃഷ്ണനാണ്. നയന്‍താരയുടെ കരിയറിലെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൊന്നായിരിക്കും നെട്രികണ്ണിലേതെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Ajamal Amir says about Netrikann