ആഗോളവിജയമായ മിന്നല്‍ മുരളിയുടെ ഭാഗമായി ഐശ്വര്യ ലക്ഷ്മിയുമുണ്ടായിരുന്നു എന്ന് സംവിധായകന്‍ ബേസില്‍ ജോസഫ് പറഞ്ഞപ്പോള്‍ ആദ്യം പ്രേക്ഷകര്‍ക്ക് അമ്പരപ്പായിരുന്നു. സിനിമയുടെ പിന്നണിയിലായിരുന്നു ഐശ്വര്യയും ഭാഗമായത്. ഒരു ക്ലാസ് റൂം രംഗത്തിനിടയില്‍ ടീച്ചറേ അപ്പോള്‍ മിന്നലടിച്ചിട്ട് മരിച്ചില്ലെങ്കിലോ എന്നതായിരുന്നു ഐശ്വര്യ ഡബ്ബ് ചെയ്ത ഡയലോഗ്.
എന്നാല്‍ ഇത് പ്ലാന്‍ ചെയ്തതല്ലെന്നും അപ്രതീക്ഷിതമായി താന്‍ തന്നെ മിന്നല്‍ മുരളിയുടെ ഡബ്ബിംഗിനിടയില്‍ കയറി ഡബ്ബ് ചെയ്യുകയായിരുന്നു എന്നും ഐശ്വര്യ പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യയുടെ വെളിപ്പെടുത്തല്‍.
‘അര്‍ച്ചന 31 നോട്ട് ഔട്ടിന്റെ ഡബ്ബിംഗ് നടക്കുന്ന സമയത്ത് കുറച്ച് സമയത്തേക്ക് പുറത്ത് വന്നു. അപ്പോള്‍ അപ്പുറത്തെ സ്റ്റുഡിയോയില്‍ ബേസില്‍ ഉണ്ടെന്ന് അറിഞ്ഞു. അവിടെ മിന്നല്‍ മുരളിയുടെ ക്രൗഡ് ഡബ്ബിംഗ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ ആദ്യമായാണ് ഈ പരിപാടി കാണുന്നത്. എനിക്ക് നല്ല താല്‍പര്യമായി.
ഒരു ക്ലാസ് റൂം ഡബ്ബിംഗ് നടക്കുകയാണ്. ഇതൊക്കെ ഇങ്ങനെയായിരുന്നല്ലേ എന്നാണ് ആദ്യം വിചാരിച്ചത്. പത്ത് പൈസേടെ വിവരം സിനിമയെ പറ്റി ഇല്ലാത്തതുകൊണ്ട് ഇതൊക്കെ പുതുമയായിരുന്നു. ഒരു കുട്ടി ചോദ്യം ചോദിക്കുന്നതാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ആരേയും നോക്കണ്ട ഞാന്‍ തന്നെ ഡബ്ബ് ചെയ്യാമെന്ന് പറഞ്ഞു. ഡബ്ബ് ചെയ്ത് മോശമായെങ്കില്‍ അവര്‍ക്ക് വേറെ ആളെ വെക്കാമല്ലോ. ഇത് ചെലവുള്ള പരിപാടിയല്ലല്ലോ. അങ്ങനെ ചെയ്തു. അവരെനിക്ക് ഡബ്ബിംഗ് ക്രെഡിറ്റും തന്നു,’ ഐശ്വര്യ പറഞ്ഞു.
അര്‍ച്ചന 31 നോട്ട് ഔട്ടാണ് പുതിയതായി റിലീസിന് ഒരുങ്ങുന്ന ഐശ്വര്യയുടെ ചിത്രം. 31 വിവാഹാലോചനകളിലൂടെ കടന്നുപോയ പ്രൈമറി സ്‌കൂള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നത്.
അഖില്‍ അനില്‍കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്.
സിനിമയുടെ രചനയും തിരക്കഥയും അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവരാണ്. ഛായാഗ്രഹണം ജോയല്‍ ജോജി. എഡിറ്റിംഗ് മുഹ്സിന്‍ പി.എം., സംഗീതം രജത്ത് പ്രകാശ്, മാത്തന്‍.
നിരവധി ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മി നായികയായി അണിയറയില്‍ ഒരുങ്ങുന്നത്. ബിസ്മി സ്‌പെഷ്യല്‍, കുമാരി തുടങ്ങിയ മലയാള ചിത്രങ്ങള്‍ക്ക് പുറമെ തമിഴില്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനും ഐശ്വര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Content Highlight: aiswrya lakshmi reveals about how she became a part in minnal murali