ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അന്യഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രത്തെ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ചിരുന്നു.
പൊന്നിയിന്‍ സെല്‍വന് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിലും ഒരു പ്രധാന വേഷത്തില്‍ ഐശ്വര്യ എത്തുന്നുണ്ട്. ഹലോ മമ്മി എന്ന ചിത്രത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി തന്നെയാണ്. സിനിമയില്‍ ഇനി ഒരു അവസരം ഉണ്ടാകുമോയെന്ന് ചിന്തിച്ചിരുന്ന സമയത്ത് വന്ന ചിത്രങ്ങളാണ് തഗ് ലൈഫും ഹലോ മമ്മിയുമെന്ന് ഐശ്വര്യ പറയുന്നു.
താന്‍ ഇതുവരെ വര്‍ക്ക് ചെയ്തതില്‍ ഏറ്റവും മികച്ച വര്‍ക്കിങ് അറ്റ്‌മോസ്ഫിയര്‍ ഉണ്ടായിരുന്നത് ഹലോ മമ്മിയുടെ സെറ്റില്‍ ആയിരുന്നെന്നും സന്തോഷത്തോടെ ഉറങ്ങാന്‍ പോയിരുന്നത് ഈ സിനിമയുടെ സമയത്താണെന്നും താരം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.
‘എന്റെ ഒരു ശക്തമായ വശമല്ല കോമഡിയും കോമഡി ടൈമിങ്ങുമെല്ലാം. എനിക്കത് പഠിക്കണം എന്നുണ്ടായിരുന്നു. ഹലോ മമ്മിയുടെ സെറ്റില്‍ കോമഡി നന്നായി കൈകാര്യം ചെയ്യുന്ന ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു. ഞാന്‍ വര്‍ക്ക് ചെയ്തതില്‍ വെച്ച് മികച്ചൊരു വര്‍ക്കിങ് അറ്റ്‌മോസ്ഫിയര്‍ ഹലോ മമ്മിയുടേതായിരുന്നു. വളരെ മികച്ചതായിരുന്നു അത്.
ഇനി സിനിമയില്‍ ഒരു അവസരം വരുമോ എന്താകും എന്നൊന്നും അറിയാതെ ഇരിക്കുന്ന സമയത്താണ് മണിരത്‌നത്തിന്റെ പ്രൊജക്റ്റും ഹലോ മമ്മിയും ഒന്നിച്ച് വരുന്നത്. അതെന്റെ കോണ്‍ഫിഡന്‍സ് കൂട്ടി. എല്ലാം കഴിഞ്ഞിട്ടില്ലെന്നും ആളുകള്‍ വീണ്ടും എന്നെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി.
ഏറ്റവും വലിയ പ്രത്യേകത മണിരത്‌നം എന്നെ വീണ്ടും വിളിക്കുന്നു എന്നതാണ്. അദ്ദേഹം നമ്മളെ ഓര്‍ത്തിരിക്കുന്നുണ്ടെന്നും അടുത്ത സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ വിളിക്കുകയുമെല്ലാം ചെയ്തപ്പോള്‍ ഒത്തിരി സന്തോഷമായി. അതായിരുന്നു എനിക്ക് വേണ്ടിയിരുന്നതും. ഹലോ മമ്മിയുടെ ഷൂട്ട് തുടങ്ങുന്നത് ഫെബ്രുവരിയില്‍ മൂന്നാമത്തെ ആഴ്ചയോ മറ്റോ ആയിരുന്നു. ഞാന്‍ വളരെ സന്തോഷത്തോടെ ഉറങ്ങാന്‍ പോയിരുന്ന സമയമായിരുന്നു അത്,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.
അതേസമയം ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഹലോ മമ്മി റിലീസിനൊരുങ്ങുകയാണ്. ഫാന്റസി കോമഡി ചിത്രമായ ഹലോ മമ്മി നവാഗതനായ വൈശാഖ് എലന്‍സാണ് സംവിധാനം ചെയ്തത്. നവംബര്‍ 21ന് ഹലോ മമ്മി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും
Content Highlight: Aiswarya Lakshmi Talks About Hallo Mommy And Thug Life Movies