അടുത്ത കാലത്താണ് ഐശ്വര്യ ലക്ഷ്മി അഭിനയത്തോടൊപ്പം സിനിമാ നിര്‍മാണത്തിലേക്കും ചുവടുവെച്ചത്. സായ് പല്ലവി കേന്ദ്ര കഥാപാത്രമായി എത്തിയ ഗാര്‍ഗി എന്ന ചിത്രത്തിലായിരുന്നു നടി ആദ്യമായി നിര്‍മാണത്തില്‍ പങ്കാളിയായത്.
മലയാളത്തില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന കുമാരി എന്ന ചിത്രത്തിലാണ് നടി വീണ്ടും സഹനിര്‍മാതാവായി എത്തുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഐശ്വര്യ തന്നെയാണ്.
നിര്‍മാതാവെന്ന നിലയിലുള്ള കുമാരിയുടെ അനുഭവം പങ്കുവെക്കുകയാണ് ഐശ്വര്യ ലക്ഷ്മി ഇപ്പോള്‍. ചിത്രത്തില്‍ അഭിനയിക്കാനുള്ളതിനാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തനിക്ക് അധികം ശ്രദ്ധിക്കാന്‍ സമയം കിട്ടിയില്ലെന്നാണ് ഐശ്വര്യ പറയുന്നത്. കുമാരി സിനിമയുടെ പ്രൊമോഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടി.
ഷൂട്ടിങ്ങിനിടയില്‍ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നോക്കിയിരുന്നത് നടനും നിര്‍മാതാക്കളിലൊരാളുമായ ജിജു ജോണായിരുന്നെന്നാണ് ഐശ്വര്യ പറയുന്നത്. കുമാരിയുടെ സംവിധായകന്‍ നിര്‍മലും പ്രൊഡക്ഷന്‍ ടീമിലുണ്ട്.
‘സത്യം പറഞ്ഞാല്‍ ജിജു ഉള്ളതുകൊണ്ട് എനിക്ക് ആ ടെന്‍ഷനൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല. കാരണം സെറ്റില്‍ ഏറ്റവും ആദ്യം എത്തുന്ന വ്യക്തിയും അവസാനം പോകുന്ന വ്യക്തിയും അദ്ദേഹമായിരുന്നു.
അതുകൊണ്ട് തന്നെ ഞങ്ങളാരും സെറ്റില്‍ ഒരു ടെന്‍ഷനും അനുഭവിക്കേണ്ടി വന്നിട്ടില്ല. എനിക്ക് ജിജുവിനോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്.
കുമാരിയുടെ സംവിധാനത്തിലും ഷൂട്ടിനുമിടയില്‍ നിര്‍മലിന് പ്രൊഡക്ഷന്റെ ടെന്‍ഷന്‍ കൂടി താങ്ങാനാകില്ല. എനിക്കാണെങ്കില്‍ അഭിനയിക്കാനുണ്ട്. അല്ലെങ്കിലേ കഷ്ടപ്പെട്ടാണ് അഭിനയിക്കുന്നത്. അതിനിടയില്‍ പ്രൊഡക്ഷന്റെ ടെന്‍ഷന്‍ എടുക്കാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ ജിജുവായിരുന്നു എല്ലാ ടെന്‍ഷനും ഏറ്റെടുത്തത്,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ഐശ്വര്യ അവരുടെ നല്ല മനസുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് കുമാരി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നുമായിരുന്നു ജിജു ജോണ്‍ ഇതിന് നല്‍കിയ മറുപടി. നിര്‍മാതാവിന്റെ ഉത്തരവാദിത്തങ്ങള്‍ ഐശ്വര്യയും നിര്‍വഹിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.