ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുടെ മോശം സേവനങ്ങള്‍ക്കെതിരെ വീണ്ടും വിമര്‍ശനം. എയര്‍ ഇന്ത്യ സമയം പാലിക്കാത്തതിനെതിരെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് സുപ്രീയ സുലെയാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
എയര്‍ ഇന്ത്യ തുടര്‍ച്ചയായി കാലതാമസം വരത്തുന്നുവെന്നും ഇത് സ്വീകാര്യമായ പ്രവണതയല്ലെന്നും സുപ്രിയ സുലെ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡുവിനെ ടാഗ് ചെയ്ത് കൊണ്ടാണ് സുപ്രിയ സുലെ എക്‌സ് പോസ്റ്റിലൂടെ വിമര്‍ശനമുന്നയിച്ചത്.
Air India flights are endlessly delayed — this is unacceptable! We pay premium fares, yet flights are never on time. Professionals, children, and senior citizens — all affected by this constant mismanagement. Urging the Civil Aviation Minister to take action and hold Air India… pic.twitter.com/FmcJ8HR667
— Supriya Sule (@supriya_sule) March 21, 2025
എയര്‍ ഇന്ത്യയുടെ AI0508 എന്ന നമ്പര്‍ വിമാനത്തില്‍ താനിന്ന് യാത്ര ചെയ്തുവെന്നും ഒരു മണിക്കൂറും 19 മിനിട്ടും വൈകിയാണ് വിമാനമെത്തിയതെന്നും കുറിപ്പില്‍ പറയുന്നുണ്ട്. തുടര്‍ച്ചായ കാലതാമസം യാത്രക്കാരെ ബാധിക്കുന്നുവെന്നും ഇത് അംഗീകരിക്കാന്‍ കഴിയാത്ത പ്രവണതയാണെന്നും സുപ്രിയ സുലെ പറഞ്ഞു.
എയര്‍ ഇന്ത്യ പോലുള്ള വിമാനക്കമ്പനികള്‍ ഇത്തരത്തില്‍ കാലതാമസം വരുത്തുന്നതിന്റെ ഉത്തരവാദിത്തമേറ്റെടുക്കാനും യാത്രക്കാര്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായും എയര്‍ ഇന്ത്യയ്ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കണമെന്നും സിവില്‍ വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡുവിനോട് അഭ്യര്‍ത്ഥിക്കുന്നതായും സുപ്രിയ സുലെ പറഞ്ഞു.
കാലതാമസങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും തങ്ങള്‍ പ്രീമിയം നിരക്കുകള്‍ അടയ്ക്കുന്നുണ്ടെങ്കിലും വിമാനങ്ങള്‍ കൃത്യസമയം പാലിക്കുന്നില്ലെന്നും സുപ്രിയ സുലെ പറഞ്ഞു. പ്രൊഫഷണലുകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, തുടങ്ങിയെല്ലാവരെയും ഈ പ്രവര്‍ത്തി ബാധിക്കുന്നുണ്ടെന്നും സുപ്രിയ സുലെ പറഞ്ഞു.
അതേസമയം സുപ്രിയ സുലെയുടെ വിമര്‍ശനത്തിനെതിരെ എയര്‍ ഇന്ത്യ പ്രതികരണങ്ങളൊന്നും ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
എയര്‍ ഇന്ത്യയുടെ സേവനങ്ങളിലുണ്ടാവുന്ന അപാകതകള്‍ക്കെതിരെ നേരത്തെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉള്‍പ്പെടെയുള്ളവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നത്.
സീറ്റ് ക്രമീകരണത്തില്‍ പിഴവുണ്ടായതിനെ തുടര്‍ന്നാണ് കേന്ദ്ര കൃഷി മന്ത്രി എയര്‍ ഇന്ത്യക്കെതിരെ വിമര്‍ശനമുന്നയിച്ചത്. എയര്‍ ഇന്ത്യ യാത്രക്കാരെ വഞ്ചിക്കുകയാണോയെന്നും തനിക്കനുവദിച്ചിരുന്ന സീറ്റ് പൊട്ടിയിരുന്നെന്നും ഇരിക്കാന്‍ അസ്വസ്ഥതയുണ്ടായിരുന്നുവെന്നും മന്ത്രി എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞിരുന്നു.
ഇരിക്കുമ്പോള്‍ ഉണ്ടായ അസ്വസ്ഥതകള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും എന്നാല്‍ മുഴുവന്‍ തുകയും ഈടാക്കി ഇത്തരത്തില്‍ യാത്രക്കാരെ മോശം സീറ്റുകളില്‍ ഇരുത്തുന്നത് വഞ്ചനയല്ലേയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയര്‍ ഇന്ത്യ മെച്ചപ്പെടുമെന്ന് കരുതിയിരുന്നുവെന്നും എന്നാല്‍ മറിച്ചാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൂടാതെ വൃദ്ധയായ യാത്രക്കാരിക്ക് വീല്‍ ചെയര്‍ നല്‍കാത്തതിലും എയര്‍ ഇന്ത്യക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. വീല്‍ ചെയര്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ദല്‍ഹി വിമാനത്താവളത്തില്‍ വീണ് ഗുരുതര പരിക്കേറ്റതോടെ വയോധിക ഐ.സി.യുവില്‍ ചികിത്സയിലാവുകയും ഇതിന് പിന്നാലെ വയോധികയുടെ കൊച്ചുമകള്‍ സമൂഹ മാധ്യമത്തില്‍ പരാതിയുന്നയിക്കുകയുമായിരുന്നു.
Content Highlight: Air India again criticized; NCP leader Supriya Sule says it is continuously causing delays