ഇത് ഞങ്ങളുടെ തുടക്കമാണ്, ഞങ്ങളുടെ ആത്മവിശ്വാസം അതാണ്; അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍
Sports News
ഇത് ഞങ്ങളുടെ തുടക്കമാണ്, ഞങ്ങളുടെ ആത്മവിശ്വാസം അതാണ്; അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 27th June 2024, 1:37 pm

ഇന്ന് നടന്ന ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പ്രോട്ടിയാസ് ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചു. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ ടോസ് നേടിയ അഫ്ഗാന്‍ 11.5 ഓവറില്‍ 56 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഇതോടെ പ്രോട്ടിയാസ് ഐ.സി.സിയുടെ 2024 ടി-20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായി മാറിയിരിക്കുകയാണ്. മാത്രമല്ല ആദ്യമായാണ് സൗത്ത് ആഫ്രിക്ക ഒരു ഐ.സി.സി ലോകകപ്പിന്റെ ഫൈനലില്‍ എത്തുന്നത്. എയ്ഡന്‍ മാര്‍ക്രത്തിന്റെ ക്യാപ്റ്റന്‍സിയിലാണ് ടീമിന്റെ വിജയക്കുതിപ്പ്. ഒരു ഐ.സി.സി. ഇവന്റില്‍ സൗത്ത് ആഫ്രിക്കയെ ഫൈനലില്‍ എത്തിക്കുന്ന ആദ്യ ക്യാപ്റ്റനും മാര്‍ക്രം ആണ്.

8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് നേടിയാണ് പ്രോട്ടിയാസ് വിജയം സ്വന്തമാക്കിയത്. റീസ ഹെന്‍ട്രിക്സും ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവുമാണ് ടീമിനെ വിജയത്തില്‍ എത്തിച്ചത്.

എന്നാല്‍ വമ്പന്‍ ടീമുകള്‍ക്കെതിരെ വിജയം സ്വന്തമാക്കിയാണ് അഫ്ഗാനിസ്ഥാന്‍ ടി-20 ലോകകപ്പില്‍ അവിശ്വസനീയമായ വിജയക്കുതിപ്പ് നടത്തിയത്. പ്രോട്ടിയാസിനോട് പരാജയപ്പെട്ടതിന് ശേഷം അഫ്ഗാന്‍ ക്യാപ്റ്റന്‍ സംസാരിച്ച് രംഗത്ത് വന്നിരുന്നു.

‘ഇത് ഞങ്ങള്‍ക്ക് വളരെ സവിശേഷമായ ടൂര്‍ണമെന്റ് ആയിരുന്നു. ഞങ്ങള്‍ക്ക് ഒരു തുടക്കമാണ് ഇത്. നിങ്ങള്‍ക്കറിയാമോ, ഞങ്ങള്‍ ആഗ്രഹിച്ച വലിയ ആത്മവിശ്വാസമാണ് ഇപ്പോള്‍ ലഭിച്ചത്. ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന വിശ്വാസം വലുതാണ്. അതുകൊണ്ട് ഇത് ഞങ്ങള്‍ക്ക് ഒരു മികച്ച ടൂര്‍ണമെന്റായിരുന്നു.’ റാഷിദ് ഖാന്‍ പറഞ്ഞു.

മത്സരത്തില്‍ വെറും എട്ട് റണ്‍സ് മാത്രമാണ് ക്യാപ്റ്റന്‍ രാഷിദ് ഖാന് സ്വന്തമാക്കാന്‍ സാധിച്ചത്. ഒരു ഓവറില്‍ എട്ട് റണ്‍സും താരം വഴങ്ങി.

Also Read: ഷാരൂഖ് ഖാന്‍ ചെയ്തതുപോലെ ഇന്ത്യയിലെ ഒരു സൂപ്പര്‍സ്റ്റാറും ചെയ്യില്ല: കമല്‍ ഹാസന്‍

 

വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ മത്സരത്തില്‍ റീസ 25 പന്തില്‍ 29* റണ്‍സും മാര്‍ക്രം 21 പന്തില്‍ 23* റണ്‍സുമാണ് സ്വന്തമാക്കിയത്. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് 5 റണ്‍സിന് പുറത്തായതോടെ ഇരുവരുടേയും കൂട്ടുകെട്ട് അഫ്ഗാനിസ്ഥാനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു. അപ്ഗാനിസ്ഥാന്റെ പേസര്‍ ഫസല്‍ഹഖ് ഫറൂഖിക്കാണ് വിക്കറ്റ്.

ഇനി ഇന്ന് നടക്കാനിരിക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. വിജയിക്കുന്ന ടീമും സൗത്ത് ആഫ്രിക്കയും ഫൈനലില്‍ കൊമ്പുകോര്‍ക്കും.

 

Content Highlight: Afghanistan Captain Rashid Khan Talking About Lose In First Semi Final In T20 world Cup