മലപ്പുറം: കൊവിഡ് ഭീഷണിയെ തുടര്‍ന്ന് സ്‌കൂളുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നു. ടി.വിയിലൂടെയും മൊബൈല്‍ ഫോണിലൂടെയും ടാബ്ലറ്റിലൂടെയുമാണ് ക്ലാസ്സുകള്‍ ലഭ്യമാവുക. വീട്ടില്‍ ടി.വി സൗകര്യമില്ലാത്തതിനാല്‍ ക്ലാസ്സുകള്‍ നഷ്ടമാവുന്നതില്‍ വിഷമിച്ച് വളാഞ്ചേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്തു. ഈ സംഭവം കേരളത്തില്‍ ചര്‍ച്ചയായി. പ്രധാനമായും രണ്ട് കാര്യങ്ങളാണ് അതിന് ശേഷം നടന്നത്.
ഒന്ന്, ടി.വി സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് ടി.വികള്‍ വിവിധ സംഘടനകള്‍ വ്യക്തികളെ സമീപിച്ച് വാങ്ങി നല്‍കുന്ന വിവിധ പരിപാടികള്‍.
രണ്ട്, ദളിത്, പിന്നോക്ക, ന്യൂനപക്ഷ, അവശ വിഭാഗങ്ങള്‍ക്ക് സൗകര്യങ്ങള്‍ ലഭിക്കണമെങ്കില്‍ ദേവികയെ പോലുള്ളവരുടെ ആത്മഹത്യകള്‍ ആവശ്യമായി വരുന്ന അവസ്ഥയെ കുറിച്ചുള്ള ചര്‍ച്ചയാണ്. സര്‍ക്കാര്‍ ഓരോ പദ്ധതികളും ആരംഭിക്കുമ്പോളും അവസര സമത്വം എന്ന ഭരണഘടന തത്വത്തെ കുറിച്ച് ആലോചിക്കേണ്ടതല്ലേ എന്നായിരുന്നു ആ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നത്.
സര്‍ക്കാര്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ മാത്രം പരിശോധിക്കുമ്പോള്‍
യാതൊരു സൗകര്യവും ലഭ്യമല്ലാത്ത രണ്ടര ലക്ഷത്തിലധികം കുട്ടികള്‍ സംസ്ഥാനത്തുണ്ടെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്ര ശിക്ഷ കേരള (എസ്.എസ്.കെ) നടത്തിയ പ്രാഥമിക പഠനത്തിന്റെ കണ്ടെത്തല്‍.
കംപ്യൂട്ടറും ഇന്റര്‍നെറ്റും പോയിട്ട് ടി.വിയോ സ്മാര്‍ട്ട് ഫോണോ പോലുമില്ലാത്ത 2.61 ലക്ഷം കുട്ടികള്‍ സംസ്ഥാനത്തുണ്ടെന്നാണ് എസ്.എസ്.കെയുടെ പഠനത്തില്‍ വിലയിരുത്തുന്നത്.
പഠനത്തിനായി എസ്.എസ്.കെ ശേഖരിച്ചത് 43.76 ലക്ഷം കുട്ടികളുടെ വിവരങ്ങളാണ്. ഇതില്‍ 5.98 ശതമാനം കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ യാതൊരു സൗകര്യങ്ങളുമില്ലെന്നാണ് സൂചിപ്പിക്കുന്നത്. ഈ പ്രശ്‌നങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ചത്. ട്രയല്‍ റണ്‍ ആണെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കിലും യഥാര്‍ത്ഥ ക്ലാസ്സുകള്‍ ആണെന്ന തരത്തില്‍ തന്നെയാണ് സംസ്ഥാനം അതേറ്റെടുത്തത്. ഈ സാഹചര്യത്തിലാണ് ക്ലാസ്സുകള്‍ നഷ്ടപ്പെടുന്നുവെന്ന വേദനയില്‍ ദേവിക ജീവനൊടുക്കിയത്.
ഡിജിറ്റല്‍ വിദ്യാഭ്യസം വഴി ജനങ്ങള്‍ വിഭജിക്കരുത് എന്ന സി.പി.ഐ.എമ്മിന്റേയും സീതാറാം യെച്ചൂരിയുടേയും ഭയം കേരളത്തില്‍ സംഭവിച്ചിരിക്കുന്നു എന്നാതാണ് ദേവികയുടെ മരണം സൂചിപ്പിക്കുന്നതെന്ന് ഇടത് ചിന്തകനായ ഡോ. ആസാദ് പറയുന്നു. കൃത്യമായ പഠനം നടത്തിയായിരുന്നു ഓണ്‍ലൈന്‍ പഠനം എന്ന താല്‍ക്കാലിക സംവിധാനത്തിലേക്ക് സര്‍ക്കാര്‍ കടക്കേണ്ടിയിരുന്നതെന്ന് ഡോ. ആസാദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കൊഴിഞ്ഞുപോക്ക് കുറച്ചുവരിക എന്നുള്ളതായിരുന്നു നമ്മുടെ വിദ്യാഭ്യാസ രംഗം നടത്തിയിരുന്ന ഒരു കാര്യം. കൊഴിഞ്ഞുപോക്ക് കുറച്ചുകൊണ്ട് വന്ന് മുഴുവനാളുകളിലേക്കും വിദ്യാഭ്യാസം എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. അതുകൊണ്ട് ഈ തുടര്‍ച്ച അറ്റ് പോകാതിരിക്കുക എന്നതിന് മുഴുവന്‍ വിദ്യാര്‍ത്ഥികളിലേക്കും ഒരു പരിമിത സാഹചര്യത്തിലാണെങ്കിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതായിരുന്നു ചെയ്യണ്ടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പക്ഷെ അങ്ങനെ ചെയ്യുമ്പോള്‍ പോലും ഒരു വിഭാഗം പുറംതള്ളപ്പെട്ടവരാണ് എന്ന അവസ്ഥ വരുന്നത് വലിയ അപകടമാണ്. നമ്മള്‍ എത്തിപ്പിടിച്ച എല്ലാ നേട്ടങ്ങളേയും ഇല്ലാക്കുന്ന കാര്യമാണത്. വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിനെ നമ്മള്‍ തന്നെ സൃഷ്ടിക്കുന്ന തരത്തിലേക്ക് അത് മാറും.
ഒരു ഇടതുപക്ഷ സര്‍ക്കാരിന് ആ വീക്ഷണമുണ്ടാകേണ്ടത് അതിപ്രധാനമാണ്. ഏറ്റവും ദുര്‍ബലരായ സമൂഹങ്ങള്‍ക്ക് ഈ സേവനത്തിനുള്ള സൗകര്യമൊരുക്കുകയായിരുന്നു ഇടത് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ആര്‍ക്കാണ് മുന്‍ഗണന കൊടുക്കുന്നത് എന്നതാണ് പ്രശ്നം. ഇവിടുത്തെ ആദിവാസികളോടും ദളിതരോടും ദുര്‍ബലജനവിഭാഗങ്ങളോടുമാണ് കാത്തിരിക്കൂ എന്ന് പറയുന്നത്. പിന്നോക്കക്കാര്‍ എപ്പോഴും കാത്തിരിക്കേണ്ടവരായിരിക്കുന്നു എന്നത് ഒരു ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്നതല്ല. ഇതല്ല നമ്മള്‍ ഇടത് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്”
കേരളത്തില്‍ വിദ്യാഭ്യാസരംഗത്തെ ബദല്‍ എന്ന രീതിയിലല്ല ഇപ്പോഴത്തെ സാഹചര്യം ഒരുക്കിയത് എന്നാണ് മനസിലാക്കുന്നത്. താല്‍ക്കാലികമായി ജൂലൈയിലോ ആഗസ്റ്റിലോ അധ്യയനം ആരംഭിക്കാന്‍ പറ്റും എന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ കൃത്യമായ തിയതി പറയാന്‍ പറ്റില്ല. മറ്റ് പല രാജ്യങ്ങളിലും എന്ന പോലെ ഒരു അക്കാദമിക് വര്‍ഷം നഷ്ടപ്പെട്ടു എന്നും വരാം-ഡോ. ആസാദ് പറഞ്ഞു.
ദേവികയുടെ മരണം വ്യക്തികേന്ദ്രീകൃതമായ ഒരു സംഭവമായി കാണരുതെന്നും മറിച്ച് രണ്ട്, ദളിത്, പിന്നോക്ക, ന്യൂനപക്ഷ, അവശ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട അവസര സമത്വവുമായി ബന്ധപ്പെട്ട് തന്നെ വായിക്കണമെന്ന് സാമൂഹ്യ നിരീക്ഷകനായ സണ്ണി എം.കപിക്കാട് പറയുന്നു.
‘ദേവികയുടെ മരണം ടെക്നിക്കലി സംഭവിച്ച ഒരു പിഴവല്ല. അതൊരു ചരിത്രപരമായ തെറ്റാണ്. അത് ആവര്‍ത്തിക്കുന്നതുമാണ്. ഏതെങ്കിലും ഒരു പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുമ്പോള്‍ അത് വിദ്യാഭ്യാസമാവട്ടെ, വ്യവസായമാവട്ടെ, കൃഷിയാവട്ടെ എന്തുമാവട്ടെ, വളരെ സ്വാഭാവികമെന്നോണം പുറത്താക്കപ്പെടുന്ന ചില വിഭാഗങ്ങള്‍ കേരളത്തിന്റെ ചരിത്രത്തിലുണ്ട്. അത് കേരളത്തിലെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുമ്പോള്‍, ആയിരത്തി എണ്ണൂറുകളുടെ അവസാനം. അന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങളുണ്ട്. അത് പ്രത്യേകിച്ച് ദളിതരും ആദിവാസികളും മത്സ്യതൊഴിലാളികളും അടങ്ങുന്ന വിഭാഗങ്ങളാണ്.ഇവരൊക്കെ സ്‌കൂളുകളിലേക്ക് ചെന്നപ്പോള്‍ നിങ്ങളൊക്കെ അയിത്ത ജാതിക്കാരാണ് അയിത്തമുണ്ട് അത് കൊണ്ട് സ്‌കൂളുകളില്‍ കയറാന്‍ സാധിക്കില്ല എന്ന് പറഞ്ഞു. കേരളത്തില്‍ ഭൂമി വിതരണം ചെയ്തപ്പോള്‍, കൃഷിക്കാര്‍ക്കാണ് ഭൂമി കൊടുക്കുന്നത് നിങ്ങളാരും കൃഷിക്കാരല്ല അത് കൊണ്ട് നിങ്ങള്‍ക്ക് ഭൂമി തരാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്. സ്വാശ്രയ വിദ്യാഭ്യാസം ആരംഭിച്ചപ്പോള്‍, ഞങ്ങള്‍ക്ക് പണമില്ല അത് കൊണ്ട് അമിത ഫീസ് എങ്ങനെ കൊടുക്കും എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് ബാങ്ക് തരും എന്നാണ് പറഞ്ഞത്. ബാങ്കില്‍ കയറിയിറങ്ങിയ നിരവധി കുട്ടികള്‍ക്ക് പണം കൊടുത്തില്ല. അങ്ങനെ രജനി എസ്. ആനന്ദ് എന്ന കുട്ടി ആത്മഹത്യ ചെയ്തു. ആ ആത്മഹത്യ ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ കില്ലിംഗ് ആണെന്ന് പറഞ്ഞപ്പോള്‍ ആ കുട്ടി കന്യകയല്ലെന്നാണ് മന്ത്രി പറഞ്ഞത്.
ഇന്നിപ്പോള്‍ ഒരു ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതി ആരംഭിക്കുമ്പോള്‍ സര്‍ക്കാരിനറിയാം, അറിയണമല്ലോ?.ഇത്തരം ഒരു പദ്ധതി ആവിഷ്‌ക്കരിക്കുമ്പോള്‍ കമ്പ്യൂട്ടറില്ലാത്ത, ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത, അതിന്റെ പശ്ചാത്തലമില്ലാത്ത, അതിന്റെ പൈസയില്ലാത്ത, അതിനെ കുറിച്ച് സാക്ഷരതയില്ലാത്ത വലിയൊരു വിദ്യാര്‍ത്ഥി സമൂഹവും കുടുംബങ്ങളും കേരളത്തില്‍ ഉണ്ടെന്ന് സര്‍ക്കാരിന് അറിയാം, അറിയണം. രണ്ട് ലക്ഷത്തി അറുപ്പത്തിയൊന്നായിരം കുട്ടികള്‍ക്ക് ഈ സംവിധാനം ലഭിക്കാത്ത അവസ്ഥയുണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ അത് പരിഹരിക്കുവാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ എടുത്തത്?. അങ്ങനെ നടപടിയെടുക്കാതെ സര്‍ക്കാര്‍ പദ്ധതി മുന്നോട്ട് പോയത് ഈ വിവേചനം ആവര്‍ത്തിച്ചാല്‍ കുഴപ്പമില്ലെന്ന തോന്നല്‍ കൊണ്ടാണ്.
വളരെ വ്യക്തമായും ആത്മവിശ്വാസത്തോടെയും ഞാന്‍ പറയുന്നത് രണ്ട് ലക്ഷത്തി അറുപ്പത്തിയൊന്നായിരത്തില്‍ 90 ശതമാനവും ദളിതരോ ആദിവാസികളോ മത്സ്യ തൊഴിലാളികളോ ആണന്നെ് ഉറപ്പായ കാര്യമാണ്. കേരളത്തില്‍ നടന്ന എല്ലാ വിപ്ലവങ്ങളും അവഗണിച്ച വിഭാഗമെന്ന നിലയില്‍ ഈ വിഷയത്തിലും അവഗണിക്കുകയാണ് ചെയ്തത്. ഈ വിഷയത്തെ അവഗണനയായി നാം കാണണം. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആ കുട്ടി പറഞ്ഞതാണ്. ആ കുട്ടിയുടെ പിതാവ് വെളിപ്പെടുത്തിയതാണ്. അയല്‍വക്കത്ത് സഹപാഠികളുടെ വീടുണ്ടല്ലോ അവിടെ പോയി പഠിക്കൂ എന്ന് കുട്ടിയോട് പിതാവ് പറഞ്ഞപ്പോള്‍ എനിക്ക ഈ സൗകര്യമൊന്നുമില്ലെന്ന് അവര്‍ക്കറിയാമല്ലോ എന്നിട്ടും വരുന്നോ എന്ന് അവര്‍ ചോദിച്ചില്ലല്ലോ എന്നായിരുന്നു കുട്ടിയുടെ മറുപടി. സഹപാഠികളില്‍ നിന്ന് പോലും മറ്റൊരു പരിഗണന ലഭിക്കാതിരിക്കുന്നതിന്റെ കാരണം ജാതിയാണെന്ന് മനസ്സിലാക്കാന്‍ എം.എ വരെ പഠിക്കേണ്ട കാര്യമല്ല. സാമാന്യ ബോധം മതി. ഇത് വളരെ വ്യക്തമായും അവഗണന അനുഭവിക്കുന്ന, പ്രത്യേകിച്ച് സാമുദായിക അവഗണന അനുഭവിക്കുന്ന വിഭാഗത്തിന് ഉണ്ടായ ദുരന്തമായാണ് അതിനെ മനസ്സിലാക്കപ്പെടേണ്ടത്. അല്ലാതെ കേവലം ഒരു കുട്ടിക്കുണ്ടായ പ്രശ്നമല്ല, ആത്മവിശ്വാസമില്ലാത്ത ഒരു കുട്ടിക്കുണ്ടായ പിഴവല്ല, ഇത് സാങ്കേതികമായി ഒരു കാര്യം ചെയ്പ്പോള്‍ വന്ന പിഴവല്ല. ഇത് വളരെ ചരിത്രപരമായ, സാമുദായികമായ അവഗണനയുടെ ഉള്ളടക്കമുള്ള, സര്‍ക്കാരിന്റെ കെടുകാര്യസ്ഥത തുറന്നു കാണിക്കുന്ന ഒരു കാര്യമാണിത്.
സര്‍ക്കാര്‍ ഏത് പുതിയ പദ്ധതി നടപ്പിലാക്കിയാലും അതില്‍ വളരെ സ്വാഭാവികമെന്നോണം അവഗണിക്കുന്ന ഒരു വിഭാഗം സമൂഹത്തിലുണ്ടാവുന്നത്, സമൂഹത്തില്‍ ഈ വിവേചനം ശക്തമായി നിലനില്‍ക്കുന്നത് കൊണ്ടാണ്. ഈ വിവേചനത്തെ മറികടക്കുന്നതിന് വേണ്ടി ഇന്ത്യന്‍ ഭരണഘടന കണ്ടെത്തിയ മാര്‍ഗങ്ങളിലൊന്നാണ് സംവരണം. സംവരണം പൂര്‍ണ്ണമായി അട്ടിമറിക്കുന്നതിന് വേണ്ടി ഇന്ത്യയിലെ ബ്യൂറോക്രസിയും ഭരണകൂടവും നിരന്തരം ശ്രമിക്കുന്നത് ആവര്‍ത്തിക്കുന്നൊരു കാര്യമാണ്. കേരളവും അതില്‍ നിന്ന് മാറി നില്‍ക്കുന്നില്ല. അത് കൊണ്ട് സംവരണം പാലിക്കാതിരിക്കുക, പട്ടിക വിഭാഗങ്ങള്‍ക്ക് നീക്കിവെക്കുന്ന ഫണ്ട് അട്ടിമറിക്കുക, അത് ശരിയായി രീതിയില്‍ വിനിയോഗിക്കാതിരിക്കുക, ഗുണഭോക്താക്കളെ കണ്ടെത്താതിരിക്കുക തുടങ്ങിയ എല്ലാ വിധ മാര്‍ഗങ്ങളും ഭരണകൂടം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നുണ്ട്. അത് നിര്‍ബാധം തുടരുകയാണ്.
ഇത് പരിഹരിക്കണമെങ്കില്‍ സമൂഹത്തില്‍ ഒരു വിവേചനം നിലനില്‍ക്കുന്നുവെന്നും ആ വിവേചനം പരിഹരിക്കുന്നതിന് വേണ്ടിയുള്ള ഭരണഘടന മാര്‍ഗമാണ് അവസര സമത്വം, സംവരണം, പട്ടിക വിഭാഗങ്ങള്‍ക്കുള്ള ഫണ്ട്, അവര്‍ക്കുള്ള പ്രത്യേക പരിഗണന എന്നിവ. ഇതൊക്കെ സമൂഹത്തിലെ വിവേചനം അവസാനിപ്പിക്കുന്നതിനുള്ളതാണെന്ന ഒരു തോന്നലെങ്കിലും നമ്മുടെ ബ്യൂറോക്രസിക്കും ഭരണകൂടത്തിനും ഉണ്ടാവണം. അതില്ലാതെ പോയാല്‍ ഈ കാര്യങ്ങളൊക്കെ വീണ്ടും ആവര്‍ത്തിക്കും‘
പട്ടികജാതി-വര്‍ഗ ക്ഷേമ വകുപ്പ്, പിന്നോക്ക ക്ഷേമ വകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പും പട്ടികജാതി-വര്‍ഗ വികസന കോര്‍പ്പറേഷന്‍, പിന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍, ന്യൂനപക്ഷ ക്ഷേമ കോര്‍പ്പറേഷനുകളുടെയും മാത്രം ഉത്തരവാദിത്വമാണ് ദളിത്, പിന്നോക്ക, ന്യൂനപക്ഷ, അവശ വിഭാഗങ്ങള്‍ക്ക് അവസര സമത്വം ഉറപ്പ് വരുത്തുകയെന്നത് എന്നാണ് സര്‍ക്കാരുകള്‍ കരുതുന്നത് എന്ന് പലരും ആരോപിക്കുന്നു.
2019-2020 സാമ്പത്തിക വര്‍ഷത്തില്‍ പട്ടികജാതി വികസന ഫണ്ട് ചെലവഴിച്ചത് 42.66 ശതമാനം മാത്രമാണ്. ഏതാണ്ട് 57 ശതമാനത്തോളം തുകയാണ് ലാപ്സായി പോയത്. ഇത് ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രമല്ല പതിവായി നടന്നുവരുന്നതാണെന്ന് കണക്കുകള്‍ പറയുന്നു.
കൊവിഡ് കാലത്തെ ദുരിതത്തെ മറിടക്കാന്‍ സര്‍ക്കാര്‍ 85 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്ക് 1000 രൂപ വിലവരുന്ന കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. 850 കോടി രൂപയാണ് ഇതിന് ചെലവായി കണക്കാക്കിയത്. ഇതിന് 350 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചത്. ബാക്കി തുക പട്ടികജാതി-വര്‍ഗ്ഗ വികസന ഫണ്ടില്‍ നിന്ന് എടുക്കാനാണ് ശ്രമിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
‘അവസര സമത്വം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് മൊത്തം ബജറ്റിന്റെ ഒരു വിഹിതം പട്ടികജാതി ഘടക പദ്ധതികളായി നല്‍കണമെന്നാണ് സങ്കല്‍പ്പം. അത് കേരളം പോലെ കുറച്ച് സംസ്ഥാനങ്ങള്‍ മാത്രമേ നടപ്പിലാക്കുന്നുള്ളൂ. അതിനെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് ചെയ്യേണ്ടതായിട്ടുള്ളത്. അതിനോടൊപ്പം ഓരോ വകുപ്പുകളുടെ പദ്ധതിയിലും ഈ തരത്തിലുള്ള മുന്‍ഗണന കൊണ്ടുവരേണ്ടതിനെ കുറിച്ച് തീര്‍ച്ചയായും ആലോചിക്കേണ്ടത് തന്നെയാണ്.
പൊതുവിദ്യാഭ്യാസമെന്നതില്‍ പല സ്ഥലങ്ങളിലും പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ ജനസംഖ്യാനുപാധികമെന്നതിനപ്പുറത്തേക്ക് ആശ്രയിക്കുന്ന ഒന്നാണ്. അതായത് മൊത്തം സമൂഹത്തിലുള്ള പട്ടികജാതി-വര്‍ഗ ശതമാനത്തേക്കാള്‍ കൂടുതലാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികളിലെ പട്ടികജാതി-വര്‍ഗ ശതമാനം. അതിന്റെ കാരണമെന്ന് പറയുന്നത് മറ്റ് വിഭാഗങ്ങളിലെ ആളുകളൊക്കെ മറ്റ് തരത്തിലുള്ള വിദ്യാഭ്യാസ പദ്ധതികളെ സമീപിക്കുമ്പോള്‍ പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ സര്‍ക്കാര്‍ സ്‌കൂളുകളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. അത് കൊണ്ട് തന്നെ പൊതുവിദ്യാഭ്യാസത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഇത്തരം വിഭാഗക്കാരെ പ്രത്യേകമായി തന്നെ പരിഗണിക്കാനുള്ള ഉത്തരവാദിത്വമുണ്ട്.
ആ മേഖലയിലെ ഏത് നയരൂപീകരണത്തിനും. ഈ ഒരു വിഷയത്തില്‍ അങ്ങനെയൊരു ആലോചന ഉണ്ടായില്ല എന്നത് തന്നെയാണ്. ഇത് ട്രയല്‍ ആണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അങ്ങനെ ആ നിലയില്‍ പ്രചരിക്കപ്പെട്ടിരുന്നില്ല.