പത്തനംതിട്ട: ശബരിമല ക്ഷേത്രത്തില്‍ നിവേദ്യവും പ്രസാദവും തയ്യാറാക്കാന്‍ മലയാള ബ്രാഹ്മണര്‍ വേണമെന്ന നിബന്ധന ഒഴിവാക്കി. ജാതി നിബന്ധന ഒഴിവാക്കി ദര്‍ഘാസ് പരസ്യം പുറത്തുവന്നു.
മണ്ഡലം- മകരവിളക്ക് മഹോത്സവങ്ങളോടനുബന്ധിച്ച് ഉണ്ണിയപ്പം, വെള്ള നിവേദ്യം, ശര്‍ക്കര പായസം, പമ്പയില്‍ അവില്‍ പ്രസാദം തുടങ്ങിയവ തയ്യാറാക്കി നല്‍കുന്നതിന് ദേവസ്വം നല്‍കിയ ടെന്‍ഡര്‍ പരസ്യത്തിലാണ് മലയാള ബ്രാഹ്മണര്‍ വേണമെന്ന നിബന്ധന ഒഴിവാക്കിയത്.
നേരത്തേ ‘മലയാള ബ്രാഹ്മണരെ’ കൊണ്ട് ഇവ തയ്യാറാക്കണമെന്ന് പരസ്യങ്ങളില്‍ നിബന്ധനയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് നല്‍കിയ പരസ്യത്തിലാണ് ഈ ജാതി നിബന്ധന ഒഴിവാക്കിയത്.
പരസ്യത്തില്‍ ജാതി വിവേചനം പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഫുള്‍ബെഞ്ച് 2001ല്‍ വിധിച്ചതാണെങ്കിലും മാറിവന്ന സര്‍ക്കാരുകള്‍ അതില്‍ മാറ്റമൊന്നും വരുത്തിയിരുന്നില്ല.
പ്രത്യേക സമുദായത്തിലുള്ളവര്‍ക്ക് മാത്രം അവസരം നല്‍കുന്ന പരസ്യം ജാതി വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതും, അയിത്താചാരത്തിന് തുല്യമാണെന്നും ആരോപിച്ച് അംബേദ്കര്‍ സാംസ്‌കാരിക വേദി പ്രസിഡന്റ് ശിവന്‍ കദളി നേരത്തെ സംസ്ഥാന സര്‍ക്കാരിനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു.
Content Highlight: Advertisement of Sabarimala darghas without caste