ന്യൂദൽഹി: കശ്മീർ വിഷയത്തിൽ ജവഹർ ലാൽ നെഹ്‌റുവിനെതിരെയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശങ്ങൾക്കെതിരെ തിരിച്ചടിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി.
ജമ്മു കാശ്മീർ സംഭരണ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട പാർലമെന്റ് ചർച്ചയിൽ നെഹ്റുവിന്റെ മണ്ടത്തരമാണ് പാക് അധീന കശ്മീരിന് കാരണമെന്ന അമിത് ഷായുടെ പരാമർശത്തിനെ തുടർന്ന് കോൺഗ്രസ് എം.പിമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.
സഭയിലെ ഏതു വിഷയത്തിലും നെഹ്റുവിനെ വലിച്ചിഴക്കുന്നതിനെ അധീർ രഞ്ജൻ വിമർശിച്ചു.
‘ഞങ്ങൾ എന്തു ചോദിക്കുമ്പോഴും എല്ലാവരും നെഹ്റുവിനെ കുറിച്ച് സംസാരിക്കുന്നു,’ അധീർ രഞ്ജൻ പറഞ്ഞു.
70 വർഷത്തിന്റെ കണക്ക് കേട്ട് മടുത്തുവെന്നും കശ്മീരിനെക്കുറിച്ചും നെഹ്റുവിനെയും അദ്ദേഹത്തിന്റെ അബദ്ധങ്ങളെക്കുറിച്ചും തുറന്ന ചർച്ച നടത്തുവാൻ അമിത് ഷായെയും മന്ത്രിമാരെയും വെല്ലുവിളിക്കുന്നതായും അധീർ രഞ്ജൻ പറഞ്ഞു.
’70 വർഷം, 70 വർഷം (കോൺഗ്രസ് ഭരണത്തെ കടന്നാക്രമിക്കാൻ ബി.ജെ.പി ഉപയോഗിക്കുന്ന പ്രയോഗം) എന്ന് കേട്ട് ഞങ്ങൾക്ക് മടുത്തു. ഈ സഭയിൽ ഒരു ദിവസം കശ്മീരിനെക്കുറിച്ചും നെഹ്റുവിനെ കുറിച്ചും അദ്ദേഹത്തിന്റെ അബദ്ധങ്ങളെ കുറിച്ചും തുറന്ന ചർച്ച നടത്തുവാൻ അമിത് ഷാ ജിയെയും എല്ലാ മന്ത്രിമാരെയും ഞാൻ വെല്ലുവിളിക്കുന്നു,’ അധീർ രഞ്ജൻ പറഞ്ഞു.