വിവാഹ ശേഷം തന്റെ ജീവിതത്തില്‍ മാത്രമാണ് മാറ്റങ്ങള്‍ സംഭവിച്ചതെന്ന് നടി റിമ കല്ലിങ്കല്‍. ആഷിഖ് അബുവിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും തന്നെ മാത്രമാണ് സിനിമ ഇന്‍ഡസ്ട്രി ഒഴിവാക്കിയതെന്നും റിമ പറഞ്ഞു.
സ്ത്രീകള്‍ പരാജയപ്പെടാന്‍ വേണ്ടി സൃഷ്ടിച്ച പിന്തിരിപ്പന്‍ സിസ്റ്റമാണ് വിവാഹമെന്നും എത്രപുരോഗമനമുള്ള നല്ല പാര്‍ട്ണറെ വിവാഹം കഴിച്ചാലും സിസ്റ്റത്തിനുള്ളില്‍ സ്ത്രീകള്‍ക്ക് മാത്രമാണ് ബുദ്ധിമുട്ടുകളുണ്ടാകുന്നതെന്നും താരം തുറന്നു പറഞ്ഞു. ധന്യ വര്‍മക്കൊപ്പമുള്ള അഭിമുഖത്തിലാണ് റിമ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഞാന്‍ ലവില്‍ വിശ്വസിക്കുന്നുണ്ട് പക്ഷെ വിവാഹത്തില്‍ വിശ്വാസമില്ല. വിവാഹം നമുക്ക് എന്തെങ്കിലും തരുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വിവാഹം വലിയൊരു മൈനസാണ്. ഇത് ഒരു പിന്തിരിപ്പന്‍ സിസ്റ്റമാണ്. സ്ത്രീകള്‍ വിജയിക്കാതിരിക്കാന്‍ സൃഷ്ടിച്ച ഒന്നാണ് വിവാഹം.
വിവാഹം പുരുഷാധിപത്യമാണ്. എന്തിനാണ് അത്തരമൊരു സിസ്റ്റത്തിനുള്ളിലേക്ക് നമ്മളെ തള്ളിവിടുന്നത്. മതപരമായി സൃഷ്ടിച്ച ഒരു അതിര്‍വരമ്പാണ്. നമ്മള്‍ വിവാഹം കഴിക്കുന്നത് എത്ര പുരോഗമനമുള്ള വ്യക്തിയെ ആയിട്ടും കാര്യമില്ല. ലോകത്തിലെ ഏറ്റവും നല്ല പാര്‍ട്ണറെ ലഭിച്ചിട്ടും കാര്യമില്ല. ഈ സിസ്റ്റമാണ് പ്രശ്നം.
സ്ത്രീ പരാജയപ്പെടാന്‍ വേണ്ടി മാത്രമാണ് ഇവിടത്തെ സിസ്റ്റം രൂപവത്കരിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം എല്ലാം മാറിയത് എനിക്കാണ്. ആഷിഖിന് ഒന്നും മാറിയിട്ടില്ല.
പതിനേഴ് വയസ് തൊട്ട് ഞാന്‍ സമ്പാദിക്കുന്നുണ്ട്. ഒരു പ്രായം കഴിഞ്ഞപ്പോള്‍ സാമ്പത്തികമായി എനിക്ക് ആരെയും ആശ്രയിക്കേണ്ടി വന്നിട്ടില്ല. പക്ഷെ എവിടെയും പിന്നീട് അതൊന്നും അഡ്രസ് ചെയ്യപ്പെട്ടില്ല.
ചില അഭിമുഖങ്ങളില്‍ വിവാഹം ഉറപ്പിച്ചാലാണ് നമ്മളെ നടി എന്ന നിലയില്‍ അഭിമുഖത്തിന് വിളിക്കുക. നമ്മുടെ അവസാന അഭിമുഖമാണ് എന്ന നിലയിലാണ് അവര്‍ വിളിക്കുക. പക്ഷെ എന്റെ എല്ലാ അഭിമുഖങ്ങളിലും വളരെ ക്ലിയറായിട്ട് ഞാന്‍ പറയാറുണ്ടായിരുന്നു, വിവാഹശേഷവും ഞാന്‍ അഭിനയിക്കുമെന്ന്. കാരണം അത് വിചാരിച്ചിട്ട് ആളുകള്‍ എന്നെ വിളിക്കാതിരിക്കരുത്.
പക്ഷെ എന്റെ കാര്യത്തില്‍ അതിനെല്ലാം പെട്ടെന്ന് ഒരു മാറ്റം വന്നു. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് പുറത്ത് പോകുമ്പോഴൊക്കെ എനിക്ക് നല്ല സപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. പക്ഷെ സിനിമാ ഇന്‍ഡസ്ട്രി നമ്മളെ പുറത്താക്കിയത് പോലെയാണ് എനിക്ക് ഫീല്‍ ചെയ്തത്,” റിമ കല്ലിങ്കല്‍ പറഞ്ഞു.
content highlight: actress rima kallingal about marriage